Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:52 AM IST Updated On
date_range 2 Aug 2022 12:52 AM ISTബാബുരാജ് വാഴപ്പിള്ളി: ജീവിത ക്ലേശങ്ങളെ കലയുടെ കരുത്തിൽ തോൽപിച്ച കലാകാരൻ
text_fieldsbookmark_border
കൊടുവള്ളി: ജീവിതക്ലേശങ്ങളെ കലയുടെ കരുത്തിൽ തോൽപിച്ച കലാകാരനായിരുന്നു ഞായറാഴ്ച വിടപറഞ്ഞ ബാബുരാജ് വാഴപ്പിള്ളി. തൃശൂര്‍ വാഴപ്പിള്ളി സ്വദേശിയായ ബാബുരാജും കുടുംബവും ഏറെക്കാലമായി കൊടുവള്ളി മാനിപുരത്തിനുസമീപം കുറ്റൂരുചാലിലായിരുന്നു താമസം. അഭിനയത്തിനുപുറമെ തിരക്കഥ രചന, സംവിധാനം, ലൈറ്റ് ഡിസൈനിങ് എന്നിവയിലും കൈയൊപ്പ് ചാർത്തി അദ്ദേഹം കഴിവ് തെളിയിച്ചു. ദീർഘകാലമായി അഭിനയരംഗത്തുണ്ടെങ്കിലും അടുത്തിടെയാണ് സിനിമ സീരിയൽ മേഖലകളിൽ കൂടുതൽ അവസരങ്ങൾ ബാബുരാജിനെ തേടിയെത്തിയത്. കിട്ടിയ വേഷങ്ങൾ മികച്ചതാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. തൃശൂരിലെ വാഴപ്പിള്ളിയിൽ ജനിച്ച ബാബുരാജ് അവിടെ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു കലാപ്രവർത്തനത്തിന് തുടക്കം കുറിച്ചത്. സഹപ്രവർത്തകയായ സന്ധ്യയെ ജീവിതത്തിലേക്ക് കൈപിടിച്ചതോടെ അദ്ദേഹം കുടുംബത്തിൽനിന്നുപോലും അകന്നു. 35 വർഷംമുമ്പാണ് ബാബുരാജ് തൃശൂരിൽനിന്നും ഭാര്യയോടൊപ്പം താമരശ്ശേരിയിലെത്തുന്നത്. അവിടെ പള്ളിപ്പുറത്ത് വാടക വീട്ടിലായിരുന്നു താമസം. പിന്നീട് നാല് സെന്റ് കോളനിയിലെ വീട്ടിലേക്ക് മാറി. ഈ വീട് പിന്നീട് പൂർണമായും പൊളിഞ്ഞുവീണു. തുടർന്ന് വീട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം പെറുക്കിയെടുത്ത് മാനിപുരത്തേക്ക് വരുകയായിരുന്നു. അവിടെ ക്വാർട്ടേഴ്സിലായിരുന്നു താമസം. കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ബാബു രാജിന്റെ ജീവിതം. വീടുവെക്കുന്നുതിന് സർക്കാറിൽ നിന്ന് ലഭിച്ച തുക ഉപയോഗിച്ച് അടുത്ത കാലത്താണ് സ്വന്തമായൊരു വീടു നിർമിച്ചത്. പെയിന്റിങ് ജോലി ചെയ്തിരുന്ന ബാബുരാജ് കലാകാരൻ ഭാസൻ മാനിപുരം, അജയൻ കാരാടി എന്നിവരോടൊപ്പം സിനിമാ സെറ്റിലും വീടുകളിലുമൊക്കെ ആർട്ട് വർക്കുകളും ചെയ്തിരുന്നു. ഈ ഒരു ബന്ധമാണ് സിനിമ, സീരിയൽ രംഗത്തേക്ക് കടക്കാൻ കാരണമായത്. നിരവധി ഷോർട്ട് ഫിലിമുകളിലും പരസ്യ ചിത്രങ്ങളിലും ബാബുരാജ് അഭിനയിച്ചിട്ടുണ്ട്. കുട്ടികൾക്കായി നാടക കളരികളും സംഘടിപ്പിക്കാറുണ്ടായിരുന്നു. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, സി.ഐ.എ, മാസ്റ്റര്‍പീസ്, ഗുണ്ട ജയന്‍, ബ്രേക്കിങ് ന്യൂസ്, മനോഹരം, അര്‍ച്ചന 31 നോട്ട് ഔട്ട് തുടങ്ങിയ സിനിമകളിലും കായംകുളം കൊച്ചുണ്ണി, മിന്നുകെട്ട്, നന്ദനം, അയ്യപ്പനും വാവരും, തച്ചോളി ഒതേനന്‍, ഹരിചന്ദനം, കുഞ്ഞാലി മരക്കാര്‍ തുടങ്ങിയ ടി.വി. സീരിയലുകളിലും അടുത്ത കാലത്തായി അദ്ദേഹം അഭിനയിച്ചു. സൂര്യ ടി.വിയിൽ കായംകുളം കൊച്ചുണ്ണി എന്ന സീരിയലിൽ കുറ്റിച്ചൂളാൻ എന്ന ശ്രദ്ധേയമായ വേഷമായിരുന്നു ബാബുരാജ് ചെയ്തിരുന്നത്. ടി.വിയിൽ ഈ സീരിയൽ കണ്ട് ബാബുരാജിന്റെ അമ്മ ബാബുരാജിനെ തിരിച്ചറിഞ്ഞത് 'സീരിയലിലൂടെ അമ്മ മകനെ കണ്ടെത്തി' എന്നത് പത്രവാർത്തയായിരുന്നു. താമരശ്ശേരിയിലെയും കൊടുവള്ളിയിലെയും കലാസാംസ്കാരിക പ്രവർത്തനങ്ങളിലെല്ലാം സജീവവുമായിരുന്നു. ബാബുരാജ് വാഴപ്പിള്ളിയുടെ വേർപാടിലൂടെ നല്ലൊരു നടനെയാണ് കലാരംഗത്തിന് നഷ്ടമായത്. അനുശോചിച്ചു കൊടുവള്ളി: നാടക പ്രവർത്തകനും സീരിയൽ സിനിമ നടനുമായ ബാബുരാജ് വാഴപ്പിള്ളിയുടെ വേർപാടിൽ അരങ്ങ് കലാസാംസ്കാരിക വേദി അനുശോചിച്ചു. ചെയർമാൻ കെ.കെ. ആലി അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. കാരാട്ട് റസാഖ്, പക്കർ പന്നൂർ, ബാപ്പു വാവാട്, ടി.പി. അബ്ദുൽ മജീദ്, നാസർ പട്ടനിൽ, ഹസ്സൻ കച്ചേരിമുക്ക്, കലാം വാടിക്കൽ, അഷ്റഫ് ആശാരിക്കൽ, ഇ.സി. മുഹമ്മദ്, ഒ.പി. റസാഖ് എന്നിവർ സംസാരിച്ചു. കൺവീനർ അഷ്റഫ് വാവാട് സ്വാഗതവും ഫസൽ കൊടുവള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story