Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:47 AM IST Updated On
date_range 25 Jun 2022 5:47 AM ISTഅഭിഭാഷക ക്ഷേമനിധി ക്രമക്കേട്: അയൽസംസ്ഥാന ബന്ധമുള്ളതിനാൽ
text_fieldsbookmark_border
അന്വേഷണം സങ്കീർണമെന്ന് സി.ബി.ഐ കൊച്ചി: അയൽസംസ്ഥാന ബന്ധമുള്ളതിനാൽ അഭിഭാഷക ക്ഷേമനിധി ക്രമക്കേട് സംബന്ധിച്ച അന്വേഷണം സങ്കീർണമെന്ന് സി.ബി.ഐ ഹൈകോടതിയിൽ. 7.62 കോടി രൂപയുടെ ക്രമക്കേടാണ് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയതെങ്കിലും വ്യാജ സ്റ്റാമ്പ് വിറ്റിട്ടുണ്ടെങ്കിൽ ഇതിലേറെ തുകയുടെ തട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്നും വിശദ അന്വേഷണം ആവശ്യമാണെന്നും സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. നാല് മുതൽ ഒമ്പത് വരെ പ്രതികളുടെ മുൻകൂർ ജാമ്യ ഹരജിയെ എതിർത്ത് സി.ബി.ഐക്ക് വേണ്ടി അസി. സോളിസ്റ്റർ ജനറൽ നൽകിയ റിപ്പോർട്ടിലാണ് ഈ വിശദീകരണം. ക്ഷേമനിധിയുടെ 2007 -08 മുതലുള്ള അക്കൗണ്ട് ഓഡിറ്റ് ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നതെന്നും അക്കൗണ്ട് ബുക്കുകളോ മറ്റ് രേഖകളോ കാണാനില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഫോറൻസിക് ഓഡിറ്റിങ്ങിലൂടെ മാത്രമേ വ്യാജ സ്റ്റാമ്പുകൾ വിറ്റിട്ടുണ്ടോ എന്ന് കണ്ടെത്താനാകു. മധുരയിൽ ആയുർവേദ സിദ്ധ ആശുപത്രി സ്ഥാപിക്കാൻ മുത്തു എന്നയാൾക്ക് പണം കൈമാറിയെന്നാണ് ഒന്നും രണ്ടും പ്രതികൾ പറയുന്നത്. എന്നാൽ, മുത്തുവിനെ കണ്ടെത്താനായിട്ടില്ല. ഒന്നാം പ്രതി എം.കെ. ചന്ദ്രൻ, രണ്ടാം പ്രതി ബാബു സ്കറിയ, മൂന്നാം പ്രതിയും ചന്ദ്രന്റെ ഭാര്യയുമായ ശ്രീകല എന്നിവർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. മൂന്ന് കോടിയാണ് ബാബു സ്കറിയയുടെ അക്കൗണ്ടിലെത്തിയത്. തട്ടിപ്പിന് ചന്ദ്രനെ പ്രേരിപ്പിച്ചത് ഭാര്യ ശ്രീകലയായിരുന്നു. ഇവരുടെ അക്കൗണ്ടിലേക്ക് 96 ലക്ഷം രൂപയാണ് എത്തിയത്. കേരള ലോക്കൽ ഫണ്ട് ഓഡിറ്റർ നടത്തിയ ഓഡിറ്റിങ്ങിൽ 6,72,51,250 രൂപയുടെയും അഭിഭാഷക അസോസിയേഷൻ നിയോഗിച്ച ഓഡിറ്റർ നടത്തിയ പരിശോധനയിൽ 7,61,24,725 രൂപയുടെയും ക്രമക്കേടാണ് കണ്ടെത്തിയത്. 2007 മുതൽ 2017 വരെ നടന്ന പണമിടപാടിനെ സംബന്ധിച്ച ഒരു രേഖയും ലഭ്യമല്ല. കള്ളനോട്ടുകൾ ബാങ്കിൽ നിക്ഷേപിച്ചതിന് ആനന്ദരാജ്, ബാബു സ്കറിയ, എം.കെ. ചന്ദ്രൻ, ഷിജു എന്നിവരെ മധുര പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ക്രമക്കേട് കേസിൽ പ്രതികളായ അനന്ദരാജ്, എ. മാർട്ടിൻ, ടി. ധനബാലൻ, ജി. രാജഗോപാൽ, ജയപ്രഭ, ഫാത്തിമ ഷെറിൻ എന്നിവരുടെ അക്കൗണ്ടിലേക്ക് പണത്തിന്റെ വിവരങ്ങളും കൈമാറിയിട്ടുണ്ട്. ഒന്നാം പ്രതിയായ ചന്ദ്രനാണ് എല്ലാവരുടെയും അക്കൗണ്ടിലേക്കും പണം നിക്ഷേപിച്ചത്. തിരിമറി നടത്താൻ പ്രതികൾ തമ്മിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. 2021 ഡിസംബർ 23നാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറി ഹൈകോടതി ഉത്തരവുണ്ടായതെങ്കിലും 2022 മാർച്ച് മൂന്നിനാണ് കേസ് ഡയറി വിജിലൻസ് കൈമാറിയതെന്നും വിശദീകരണത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story