Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:35 AM IST Updated On
date_range 21 Jun 2022 5:35 AM ISTഅനധികൃത കെട്ടിടങ്ങൾക്ക് കോർപറേഷന്‍റെ അനുമതി: പൊലീസ് അന്വേഷണം തുടങ്ങി
text_fieldsbookmark_border
സ്വന്തം ലേഖകൻ കോഴിക്കോട്: ഉദ്യോഗസ്ഥരുടെ ലോഗിനും പാസ്വേഡും ദുരുപയോഗം ചെയ്ത് അനധികൃത കെട്ടിടങ്ങൾക്ക് അനുമതി നൽകിയ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി സിറ്റി പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ടൗൺ പൊലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കേസിൽ ആരെയും പ്രതിചേർത്തിട്ടില്ല. ഇന്ത്യൻ ശിക്ഷാനിയമം 468 (വഞ്ചനക്കായി വ്യാജ രേഖയുണ്ടാക്കൽ), 471 (ഡിജിറ്റൽ സംവിധാനത്തിൽ വ്യാജരേഖയുണ്ടാക്കൽ), ഐ.ടി ആക്റ്റിലെ 66 -സി, 66 -ഡി എന്നീ വകുപ്പുകൾ പ്രകാരമണ് കേസെടുത്തത്. ജീവനക്കാരിൽനിന്നടക്കം മൊഴികൾ ശേഖരിച്ചശേഷമാവും ആരെയൊക്കെ പ്രതിചേർക്കണം എന്ന് തീരുമാനിക്കുക. കോർപറേഷന്‍റെ ബേപ്പൂർ മേഖല ഓഫിസിലെ ലാപ്ടോപ്പിൽനിന്നാണ് ലോഗിനും പാസ്വേഡുമുപയോഗിച്ച് അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകുകയും ഡിജിറ്റൽ ഒപ്പ് നൽകി നികുതിയടക്കാൻ സൗകര്യമൊരുക്കുകയും ചെയ്തത് എന്നാണ് പരാതിയിൽ പറയുന്നത്. അതിനാൽ കേസ് ബേപ്പൂർ പൊലീസിന് കൈമാറാനുള്ള സാധ്യതയുണ്ട്. ഈ ലാപ്ടോപ് അടക്കം പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കും. സൈബർ സെല്ലിന്‍റെകൂടി സഹായത്തോടെയാവും ടൗൺ അസി. കമീഷണർ പി. ബിജുരാജിന്‍റെ മേൽനോട്ടത്തിലുള്ള അന്വേഷണം. മലാപ്പറമ്പ്, വലിയങ്ങാടി, മൂന്നാലിങ്ങൽ, തിരുത്തിയാട് എന്നീ വാർഡുകളിലെ അനധികൃതമെന്ന് കണ്ടെത്തിയവയടക്കം ആറ് കെട്ടിടങ്ങൾക്ക് നമ്പർ നൽകിയെന്നാണ് കോർപറേഷൻ അധികൃതർ പ്രാഥമികമായി കണ്ടെത്തിയത്. എങ്കിലും പല വാർഡുകളിലായി ആയിരത്തോളം കെട്ടിടങ്ങൾക്ക് ഇത്തരത്തിൽ അനുമതി നൽകിയെന്നും ലക്ഷങ്ങളുടെ ഇടപാട് നടന്നെന്നുമാണ് ആരോപണം. സംഭവം പുറത്തായതോടെ ലോഗിൻ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിലടക്കം വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് മെയിൻ ഓഫിസിലെ റവന്യൂ വിഭാഗം സൂപ്രണ്ട് പി. കൃഷ്ണമൂർത്തി, റവന്യൂ ഇൻസ്പെക്ടർ എൻ.പി. മുസ്തഫ, ബേപ്പൂർ സോണൽ ഓഫിസ് സൂപ്രണ്ട് കെ.കെ. സുരേഷ്, റവന്യൂ ഓഫിസർ പി. ശ്രീനിവാസൻ എന്നിവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. നഗരസഭ ഉപയോഗിക്കുന്ന ഇൻഫർമേഷൻ കേരള മിഷൻ ഓൺലൈൻ സോഫ്റ്റ്വെയറായ 'സഞ്ചയ' വഴിയാണ് നിയമാനുസൃതമല്ലാത്ത കെട്ടിടങ്ങൾക്ക് അനുമതി നൽകിയത്. സംഭവത്തിൽ അഡീഷനൽ സെക്രട്ടറി മനോഹറിന്‍റെ നേതൃത്വത്തിൽ കോർപറേഷൻ ആഭ്യന്തര വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ, ഭരണസമിതിയുടെ മുഖംരക്ഷിക്കാൻ ജീവനക്കാരെ ബലിയാടാക്കിയെന്നാരോപിച്ചും സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ടും സി.പി.എം, കോൺഗ്രസ് അനുകൂല സംഘടനകളായ കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയൻ, കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story