Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 5:52 AM IST Updated On
date_range 20 Jun 2022 5:52 AM ISTകുറ്റിക്കാട്ടൂർ മുസ്‍ലിം യതീംഖാന: ഭൂമി രേഖകൾ ജമാഅത്ത് കമ്മിറ്റിക്ക് മാറ്റി നൽകി
text_fieldsbookmark_border
കുറ്റിക്കാട്ടൂർ: മുസ്‍ലിം യതീംഖാനയുടെ സ്വത്ത് സംബന്ധിച്ച് ഏറെ വർഷമായി തുടരുന്ന തർക്കത്തിനൊടുവിൽ ഭൂമിയും അതിലെ സ്വത്തുക്കളും കുറ്റിക്കാട്ടൂർ മുസ്‍ലിം ജമാഅത്ത് കമ്മിറ്റിയുടെ കൈവശത്തിലേക്കു മാറ്റി. വഖഫ് ട്രൈബ്യൂണലിന്റെ വിധിയുടെയും വഖഫ് ബോർഡ് തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് ഭൂമി മുസ്‍ലിം ജമാഅത്തിന് തിരിച്ചേൽപിക്കുന്നത്. 1987ൽ തുടക്കംകുറിച്ച കുറ്റിക്കാട്ടൂർ മുസ്‍ലിം യതീംഖാന കുറ്റിക്കാട്ടൂർ മുസ്‍ലിം ജമാഅത്തിന്‍റെ കീഴിലായിരുന്നു. 1988ൽ രണ്ട് ഏക്കർ 10 സെന്‍റ് ഭൂമി വാങ്ങുകയും തുടർന്ന് ഈ ഭൂമിയിൽ യതീംഖാന കെട്ടിടങ്ങളും പീടികമുറികളും അടക്കമുള്ള സ്ഥാപനങ്ങൾ നിർമിക്കുകയുമായിരുന്നു. ഇതിനിടെ 1999ൽ രൂപവത്കരിച്ച മുസ്‍ലിം യതീംഖാന കമ്മിറ്റിക്ക് യതീംഖാനയും ഇതോടനുബന്ധിച്ചുള്ള സ്ഥാപനങ്ങളും കൈമാറുകയായിരുന്നു. ഭൂമിയും യതീംഖാന അടക്കമുള്ള സ്ഥാപനങ്ങളും പുതുതായി രൂപവത്കരിച്ച മുസ്‍ലിം യതീംഖാന കമ്മിറ്റിക്ക് കൈമാറിയതിനെതിരെ മുസ്‍ലിം ജമാഅത്ത് കമ്മിറ്റി 2005ൽ വഖഫ് ബോർഡിൽ പരാതി നൽകി. 10 വർഷത്തോളം ഇതുസംബന്ധിച്ച് വാദപ്രതിവാദങ്ങൾ നടന്നു. 2015ൽ യതീംഖാന കമ്മിറ്റിക്ക് അനുകൂലമായി വഖഫ് ബോർഡിന്‍റെ വിധി വന്നെങ്കിലും മുസ്‍ലിം ജമാഅത്ത് കമ്മിറ്റി വഖഫ് ട്രൈബ്യൂണലിന് അപ്പീൽ നൽകി. അപ്പീലിനെതുടർന്ന് 2020 ജൂലൈ 10ന് മുസ്‍ലിം ജമാഅത്തിന് അനുകൂലമായി വഖഫ് ട്രൈബ്യൂണൽ വിധി പുറപ്പെടുവിക്കുകയായിരുന്നു. യതീംഖാന കമ്മിറ്റിക്ക് ഭൂമി രജിസ്റ്റർ ചെയ്തു നൽകിയ നടപടി റദ്ദ് ചെയ്തുകൊണ്ടാണ് വിധി വന്നത്. എന്നാൽ, വിധി നടപ്പാക്കുന്നത് വീണ്ടും വൈകി. തുടർന്ന്, വിധി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുസ്‍ലിം ജമാഅത്ത് കമ്മിറ്റി വീണ്ടും വഖഫ് ബോർഡിനെ സമീപിക്കുകയായിരുന്നു. തുടർന്ന് 2022 ജനുവരി ആദ്യത്തിൽ എറണാകുളത്ത് ചേർന്ന വഖഫ് ബോർഡ് യോഗത്തിൽ, ട്രൈബ്യൂണലിന്റെ 2020 ജൂലൈ 10ന്റെ വിധി നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് വഖഫ് ബോർഡ് രജിസ്റ്ററിൽ പ്രസ്തുത രണ്ട് ഏക്കർ 10 സെന്‍റ് ഭൂമിയുടെ ഉടമസ്ഥാവകാശം മുസ്‍ലിം ജമാഅത്ത് കമ്മിറ്റിയുടെ പേരിലേക്കു മാറ്റി. കൂടാതെ, റവന്യൂ വകുപ്പ് രേഖകളിലും കൈവശാവകാശം ജമാഅത്ത് കമ്മിറ്റിയുടെ പേരിലേക്ക് മാറ്റാൻ ആവശ്യപ്പെട്ട് തഹസിൽദാർക്ക് അപേക്ഷ നൽകുകയായിരുന്നു. ഈ അപേക്ഷയുടെയും ജില്ല നിയമ ഓഫിസറുടെ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് വസ്തു നികുതി, തണ്ടപ്പേര് തുടങ്ങിയവ മുസ്‍ലിം ജമാഅത്ത് കമ്മിറ്റിയുടെ പേരിലേക്ക് ഇപ്പോൾ മാറ്റി നൽകിയത്. ഭൂമിയുടെയും അതിലെ സ്ഥപനങ്ങളുടെയും മുഴുവൻ കൈകാര്യവും ജമാഅത്ത് കമ്മിറ്റിക്ക് ലഭിക്കുന്നതിന് ഹൈകോടതിയെ സമീപിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. അതേസമയം, മുസ്‍ലിം ജമാഅത്ത് കമ്മിറ്റി ഭരണസ്വാധീനം ഉപയോഗിച്ച് ഭൂമിയുടെ രേഖകൾ അവരുടെ പേരിലേക്ക് മാറ്റുകയായിരുന്നുവെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുറ്റിക്കാട്ടൂർ മുസ്‍ലിം യതീംഖാന കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. വഖഫ് ട്രൈബ്യൂണൽ വിധിക്കെതിരെ യതീംഖാന കമ്മിറ്റി ഹൈകോടതിയിൽ നൽകിയ കേസിൽ നിലവിൽ നിയമനടപടികൾ തുടരുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story