Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:38 AM IST Updated On
date_range 18 Jun 2022 5:38 AM ISTകൂളിമാട് പാലം: സംഭവിച്ചത് ന്യായീകരണമില്ലാത്ത വീഴ്ച
text_fieldsbookmark_border
കൂളിമാട്: കൂളിമാട് കടവിൽ ബീം തകർന്ന സംഭവത്തിൽ കരാർ കമ്പനിയുടെയും ഉദ്യോഗസ്ഥരുടെയും വീഴ്ച ശരിവെച്ചും നടപടിക്ക് നിർദേശിച്ചും പൊതുമരാമത്ത് വിജിലൻസിന്റെ റിപ്പോർട്ട് വന്നതോടെ സർക്കാറും കരാർ കമ്പനിയും പ്രതിരോധത്തിൽ. കോൺക്രീറ്റ് ബീം തകർന്നത് പെട്ടെന്നുണ്ടായ യന്ത്രത്തകരാർ മാത്രമാണെന്നും മാനുഷികമായ പിഴവോ നിർമാണ തകരാറോ സംഭവിച്ചിട്ടില്ലെന്നുമാണ് തുടക്കംമുതൽ കരാർ കമ്പനിയുൾപ്പെടെ വാദിച്ചത്. സംഭവത്തെ നിസ്സാരമാക്കി കരാർ കമ്പനി പ്രവൃത്തികൾ തുടരുകയും ചെയ്തിരുന്നു. തകർന്ന ബീമുകൾ ഉയർത്തിമാറ്റാൻ സംവിധാനവും ഒരുക്കി. എന്നാൽ, തകർച്ച രാഷ്ട്രീയ വിവാദമാകുകയും യു.ഡി.എഫ് അടക്കം സമരരംഗത്തിറങ്ങുകയും ചെയ്തതോടെ ഉന്നത ഉദ്യോഗസ്ഥതല അന്വേഷണത്തിനും നടപടിക്കും സർക്കാർ നിർബന്ധിതമായി. മുഴുവൻ പ്രവൃത്തികളും നിർത്തിവെക്കാൻ നിർദേശിക്കേണ്ടിവന്നു. അന്വേഷണം പൂർത്തിയാക്കി ജൂൺ എട്ടിന് ഡെപ്യൂട്ടി ചീഫ് എൻജിനീയർ റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും കൂടുതൽ വ്യക്തത വരുത്തി സമർപ്പിക്കാൻ മന്ത്രി നിർദേശിക്കുകയായിരുന്നു. മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിനു കുറുകെ കൂളിമാട് കടവിൽ നിർമിക്കുന്ന പാലത്തിന്റെ മൂന്ന് ബീമുകൾ മേയ് 16ന് രാവിലെയാണ് തകർന്നുവീണത്. മലപ്പുറം ജില്ലയിൽ മപ്രത്ത് കരയോടുചേർന്ന ബീമുകളാണ് വീണത്. നിർമാണത്തിന്റെ ചുമതലയുള്ള അസി. എക്സിക്യൂട്ടിവ് എൻജിനീയറും അസി. എൻജിനീയറും സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല. ഉദ്യോഗസ്ഥസാന്നിധ്യം നിർബന്ധമുള്ള സുപ്രധാനപ്രവൃത്തി നടക്കുമ്പോൾ ഇവർ ഇല്ലാതിരുന്നത് വലിയ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പ്രധാന എൻജിനീയർമാർ സുൽത്താൻ ബത്തേരിയിൽ അസോസിയേഷൻ ഓഫ് എൻജിനീയേഴ്സ് കേരളയുടെ സംസ്ഥാന സമിതിയിൽ പെങ്കടുക്കുകയായിരുന്നു. ഇതിന്റെ തലേദിവസങ്ങളിൽ അസോസിയേഷന്റെ കലാകായികമേളയുടെ തിരക്കിലുമായിരുന്നു. പ്രധാന ചുമതലയുണ്ടായിരുന്ന എ.എക്സ്.ഇ കലാകായിക മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരാഴ്ച സുൽത്താൻ ബത്തേരിയിലായിരുന്നു. അസി. എൻജിനീയറും സ്ഥലത്തുണ്ടായിരുന്നില്ല. ഇവരുടെ അസാന്നിധ്യമടക്കമുള്ള വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോൾ നടപടിക്ക് ശിപാർശ ചെയ്തിട്ടുള്ളത്. പ്രവൃത്തി പുനരാരംഭിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story