Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:37 AM IST Updated On
date_range 18 Jun 2022 5:37 AM ISTട്രോളിങ് നിരോധനത്തിലും ചെറുമീനുകൾക്ക് രക്ഷയില്ല
text_fieldsbookmark_border
സലീം പാടത്ത് ബേപ്പൂർ: മത്സ്യ പ്രജനന കാലത്ത് മത്സ്യസമ്പത്ത് നശിക്കാതിരിക്കാൻ ഏർപ്പെടുത്തുന്ന ട്രോളിങ് നിരോധനത്തിന് ചെമ്മീനുകളെ സംരക്ഷിക്കാനാവുന്നില്ല. തീവ്ര വെളിച്ചം കാണിച്ചുകൊണ്ടുള്ള ലൈറ്റ് ഫിഷിങ്ങും കടലരിച്ചുവാരുന്ന വലകൾ ഉപയോഗിച്ചുള്ള മീൻ പിടിത്തരീതിയും മത്സ്യസമ്പത്തിനും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും ഭീഷണിയാവുകയാണ്. കടൽ മത്സ്യബന്ധന മേഖലയുടെ നിലനിൽപിനായി ചെറുമീനുകൾ പിടിക്കുന്നതും വിൽക്കുന്നതും ഫിഷറീസ് വകുപ്പ് കർശനമായി നിരോധിച്ചതാണ്. കേരള കടൽ മത്സ്യബന്ധന നിയന്ത്രണ നിയമത്തിന്റെ ഭാഗമായി 58 ഇനം വാണിജ്യ പ്രാധാന്യമുള്ള മത്സ്യങ്ങളെ പിടിക്കുന്നതിന് വലുപ്പത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മത്തി 10 സെന്റിമീറ്റർ, മാന്തൽ ഒമ്പതു സെ. മീറ്റർ, പൂവാലൻ ആറ് സെ. മീറ്റർ, അയല 14 സെ. മീറ്റർ, പുതിയാപ്ല കോര 12 സെ. മീറ്റർ, കരിക്കാടി ഏഴ് സെ. മീറ്റർ, പരവ 10 സെ. മീറ്റർ, കേര, ചുര 31 സെ. മീറ്റർ എന്നീ വലുപ്പം വരെയുള്ളവയെ പിടിക്കരുതെന്നാണ് നിയമം. എന്നാൽ, 10 സെന്റി മീറ്ററിൽ താഴെയുള്ള കുഞ്ഞൻ അയല, കുഞ്ഞൻ മത്തി ഇനത്തിൽപെട്ട മത്സ്യങ്ങൾ ട്രോളിങ് നിരോധനം തുടങ്ങിയത് മുതൽ മത്സ്യ മാർക്കറ്റുകളിലും വഴിയോരങ്ങളിലും സുലഭമാണ്. മത്സ്യബന്ധന മേഖലയെ പാടേ തകർക്കുന്ന ചെറുമീൻ പിടിത്തത്തിൽനിന്ന് മത്സ്യത്തൊഴിലാളികളും വിൽപനക്കാരും മാറിനിൽക്കണമെന്ന് ഫിഷറീസ് വകുപ്പിന്റെ കർശന നിർദേശമുണ്ട്. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ലംഘിക്കുന്നവര കണ്ടെത്തി വള്ളം, വല എന്നിവയുടെ രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കുമെന്നും ഇങ്ങനെ പിടിക്കുന്ന മത്സ്യം വാങ്ങുന്നവർക്കെതിരെയും മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും ഫിഷറീസ് വകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും ഒന്നും നടക്കാറില്ല. ട്രോളിങ് നിരോധനകാലത്ത് ഉപരിതല മീൻപിടിത്ത യാനങ്ങൾക്കാണ് മത്സ്യബന്ധനത്തിന് അനുമതിയുള്ളത്. ട്രോളറുകൾക്ക് നിരോധനമുണ്ടെങ്കിലും കടലിന്റെ അടിത്തട്ട് വരെ അരിച്ചുവാരുന്ന യാനങ്ങൾക്ക് നിരോധനമില്ല. 250ഓ അതിൽ കൂടുതലോ കുതിരശക്തിയുള്ള ഇൻബോർഡ് എൻജിനുകളുടെ ശക്തിയിൽ ഓടുന്ന വള്ളങ്ങളിൽ കടലിന്റെ അടിത്തട്ടുവരെ നീളുന്ന വലകൾ ഉപയോഗിക്കുന്നതായാണ് ആക്ഷേപം. ചെറുകണ്ണികളുള്ള ഇത്തരം വലകളിൽ മത്സ്യക്കുഞ്ഞുങ്ങൾ കൂട്ടത്തോടെ കുടുങ്ങുന്നത് മത്സ്യസമ്പത്തിന് വൻഭീഷണിയാണ്. ഇത്തരം വള്ളങ്ങളിൽ ഒരേസമയം നാൽപതോളം തൊഴിലാളികളാണ് മീൻപിടിത്തത്തിന് പോകുന്നത്. ഇവർ നിയമം ലംഘിച്ചുകൊണ്ട് ചെറുമീനുകളെ അരിച്ചെടുക്കുന്നതായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പരാതിപ്പെടുന്നു. ഇത്തരം വള്ളങ്ങളും ഉപരിതല മത്സ്യബന്ധന യാനങ്ങളുടെ ഗണത്തിൽപെടുത്തിയതിനാൽ അധികൃതർക്ക് ഇവരെ തടയാനാവാത്ത സ്ഥിതിയാണ്. കടലിലെ നിയമലംഘനം കണ്ടെത്തി നടപടി സ്വീകരിക്കാൻ ഉത്തരവാദപ്പെട്ട മറൈൻ എൻഫോസ്മെന്റ് വിഭാഗം നിശ്ചലമാണെന്ന ആക്ഷേപവും ശക്തമാണ്. എന്തെങ്കിലും പരാതികൾ ലഭിക്കുമ്പോൾ, വേഗം കുറഞ്ഞ ബോട്ടിൽ പരിശോധനക്ക് എത്തുന്നതിനിടയിൽ മത്സ്യബന്ധന ബോട്ടുകൾ രക്ഷപ്പെടാറാണ് പതിവ്. നിയമം ലംഘിക്കുന്നവരെ കേന്ദ്രീകരിച്ച് 24 മണിക്കൂറും പട്രോളിങ് നടത്തുമെന്നാണ് സർക്കാറും ഫിഷറീസ് വകുപ്പും ഉത്തരവിൽ പറയുന്നത്. എന്നാൽ, സംവിധാനങ്ങൾ നോക്കുകുത്തിയായതുകൊണ്ടാണ് വലിയ വള്ളങ്ങളുമായി ചെറുമീൻ കുഞ്ഞുങ്ങളെ പിടിക്കുന്ന സംഘം ഹാർബറുകളിൽ സജീവമായതെന്നും വിമർശനമുയരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
