Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉന്നത...

ഉന്നത വിദ്യാഭ്യാസരംഗത്ത് സമഗ്രമാറ്റം കൊണ്ടുവരും -മുഖ്യമന്ത്രി

text_fields
bookmark_border
കണ്ണൂർ: ഉന്നത വിദ്യാഭ്യാസരംഗത്തെ കാർഷിക, വ്യവസായിക മേഖലകളുമായി ബന്ധിപ്പിച്ച് സമഗ്ര മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കില തളിപ്പറമ്പ് കാമ്പസിൽ അന്താരാഷ്ട്ര നേതൃ പഠനകേന്ദ്രം ഉദ്ഘാടനവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ് കോളജ്, ഹോസ്റ്റൽ എന്നിവയുടെ ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് ബജറ്റിൽ വലിയ ശ്രദ്ധയാണ് സർക്കാർ നൽകിയിട്ടുള്ളത്. ഭൗതികസാഹചര്യം മെച്ചപ്പെടുത്തുമ്പോൾ പുതിയ കോഴ്‌സുകൾ, സിലബസ് പരിഷ്‌കരണം, ബോധന സമ്പ്രദായത്തിലെ മാറ്റം ഇതെല്ലാം സംയോജിപ്പിച്ചുള്ള മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ ഘടന, ഉള്ളടക്കം, സർവകലാശാല നിയമങ്ങൾ, പരീക്ഷാ സംവിധാനം ഇവയെല്ലാം പരിഷ്‌കരിക്കേണ്ടതുണ്ട്. ഇതിന് രൂപവത്കരിച്ച കമീഷനുകളിൽ ചിലത് ഇടക്കാല റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിലെ നിർദേശങ്ങൾ നടപ്പിലാക്കാൻ വേണ്ട നടപടികൾ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉതകുന്ന ഗവേഷണരീതികളാണ് ആവശ്യം. ഇതിന് വ്യവസായങ്ങളും ഗവേഷണ സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിൽ ജൈവപരമായ ബന്ധം ആവശ്യമാണ്. സ്‌കോളർഷിപ്പുകൾ, അവാർഡുകൾ, ഫെലോഷിപ്പുകൾ എന്നിവ നൽകി പ്രതിഭകളെ കേരളത്തിലേക്ക് ആകർഷിക്കും. നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ 500 എണ്ണം നൽകാനാണ് ഉദ്ദേശിക്കുന്നത്. ഈ വർഷം 150 എണ്ണമെങ്കിലും കൊടുക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും നിശ്ചയിച്ചുവന്നപ്പോൾ 77 ആണ് കണ്ടെത്തിയത്. അത് കൂടുതൽ വർധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എം.വി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. എം.പിമാരായ ഡോ. വി. ശിവദാസൻ, പി. സന്തോഷ് കുമാർ, എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.പി. മോഹനൻ, കെ.വി. സുമേഷ്, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കലക്ടർ എസ്. ചന്ദ്രശേഖർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story