Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുതിരവട്ടം...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം: കെട്ടിടങ്ങൾ ഒട്ടും സുരക്ഷിതമല്ലെന്ന്​ പൊലീസ്​ റി​പ്പോർട്ട്​

text_fields
bookmark_border
കോഴിക്കോട്​: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ കെട്ടിടങ്ങൾ ഒട്ടും സുരക്ഷിതമല്ലെന്നും മാസ്റ്റർ പ്ലാൻ തയാറാക്കി പുതിയ കെട്ടിടം നിർമിക്കണമെന്നും സിറ്റി പൊലീസിന്‍റെ റിപ്പോർട്ട്​. പതിറ്റാണ്ടുകൾ പഴക്കമുള്ള പല കെട്ടിടത്തിലും സമയബന്ധിതമായി അറ്റകുറ്റപ്പണിപോലും നടത്തിയിട്ടില്ല. പല കെട്ടിടങ്ങളും ജീർണാവസ്ഥയിലാണ്​. ഇവ ഉടൻ പൊളിച്ചുമാറ്റണമെന്നും പൊലീസ്​ ഹൈകോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. കോടതിയുടെ നിർദേശ പ്രകാരം സ്‌പെഷൽ ബ്രാഞ്ച്‌ എ.സി.പി എ. ഉമേഷ്‌, മെഡിക്കൽ കോളജ്​ എ.സി.പി കെ. സുദർശനൻ, ജില്ല ക്രൈം ബ്രാഞ്ച്‌ എ.സി.പി അനിൽ ശ്രീനിവാസൻ എന്നിവരടങ്ങിയ പൊലീസ്​ സംഘമാണ്​ തിങ്കളാഴ്ച മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ചും ജീവനക്കാരിൽനിന്ന്​ വിവരങ്ങൾ ശേഖരിച്ചും​ റിപ്പോർട്ട്​ തയാറാക്കിയത്​. സിറ്റി പൊലീസ്​ മേധാവിയുടെ ചുമതല വഹിക്കുന്ന ഡി.സി.പി ആമോസ്​ മാമാനാണ്​ ഹൈകോടതിക്ക്​ റിപ്പോർട്ട്​ നൽകിയത്​. ആവശ്യത്തിന്​ സുരക്ഷ ജീവനക്കാരില്ല, അടുക്കളയിൽ ജോലിചെയ്യുന്നവരടക്കം സുരക്ഷ ചുമതല വഹിക്കുന്നു, സി.സി.ടി.വി കാമറകൾ എല്ലാ ഭാഗത്തും ഇല്ല, ഉള്ളതുതന്നെ പലതും പ്രവർത്തനരഹിതമാണ്​, ചുറ്റുമതിലിന്​ വേണ്ടത്ര ഉയരമില്ലാത്തത്​ ഭീഷണിയാണ്​, മരങ്ങളുടെ ശാഖകളിലൂടെ കയറി ചുറ്റുമതിലിന്​ പുറത്തേക്ക്​ രക്ഷപ്പെടാനുള്ള സാഹചര്യമുണ്ട്​, കാലപ്പഴക്കമുള്ള ​കെട്ടിടങ്ങൾ ഭീഷണിയാണെന്നു മാത്രമല്ല, പലതിന്‍റെയും ചുമരുകൾ പെട്ടെന്ന്​ തുരക്കാൻ കഴിയുന്ന രീതിയിലാണ്​, പല സെല്ലിനും വേണ്ടത്ര ഉറപ്പും ബലവുമില്ല എന്നിവയടക്കമുള്ള കാര്യങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. ​ ഈ വർഷം മാത്രം സ്ത്രീകൾ ഉൾപ്പെടെ പത്തോളം പേരാണ്​ മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന്​ ചാടിപ്പോയത്​. മാത്രമല്ല, സെല്ലിലെ സ്ത്രീയുടെ മർദനമേറ്റ്​ മഹാരാഷ്ട്ര സ്വദേശിനിയായ യുവതി ​ കൊല്ലപ്പെടുകയും ചെയ്തു. അടുത്തിടെ സെല്ലിൽനിന്ന്​ രക്ഷപ്പെട്ടയാൾ മലപ്പുറത്ത്​ വാഹനാപകടത്തിൽ മരിച്ചു. പിന്നാലെയാണ്​ കോടതി പൊലീസിൽനിന്ന്​ റിപ്പോർട്ട്​ തേടിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story