Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:49 AM IST Updated On
date_range 2 Jun 2022 5:49 AM ISTകനത്ത മഴയാണെങ്കിൽ പയ്യോളി-വടകര ദേശീയപാത വഴി പോവല്ലേ...
text_fieldsbookmark_border
പയ്യോളി: കനത്ത മഴ പെയ്താൽ പയ്യോളി മുതൽ വടകര പാലോളിപ്പാലം വരെയുള്ള ദേശീയപാത സ്തംഭിക്കുന്നത് പതിവാകുന്നു. രാത്രികാലങ്ങളിലാണ് അഴിയാകുരുക്ക് യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കുന്നത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ പെയ്ത കനത്ത മഴയെ തുടർന്ന് മൂരാട് പാലത്തിന് ഇരുവശങ്ങളിലും രൂപപ്പെട്ട നീണ്ട ഗതാഗത കുരുക്കിന് അൽപമെങ്കിലും ശമനമുണ്ടായത് ബുധനാഴ്ച വൈകീട്ടോടെയാണ്. മൂരാട് ഓയിൽ മിൽ ജങ്ഷനുമുന്നിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി അടിപ്പാത നിർമാണം ആരംഭിച്ചതോടെയാണ് ഗതാഗത കുരുക്ക് രൂക്ഷമായത്. ഇവിടെ റോഡിന്റെ കിഴക്കുവശത്തെ പകുതിയോളം ഭാഗം ബാരിക്കേഡുകൾ നിരത്തിയിരിക്കുകയാണ്. വാഹനങ്ങൾ കടന്നുപോകുന്ന മറുഭാഗം മഴയെ തുടർന്ന് ചളിയും വെള്ളക്കെട്ടും നിറഞ്ഞതിനാലാണ് ഗതാഗത സ്തംഭനം രൂക്ഷമായത്. കൂടാതെ നിർമാണ പ്രവൃത്തി നടക്കുന്ന റോഡിന്റെ പല ഭാഗത്തും വെള്ളമൊഴുകിപ്പോവാൻ കഴിയാതെ കെട്ടിനിൽക്കുന്നത് ഇരുചക്രവാഹന യാത്രക്കാർക്കടക്കം ഭീഷണിയാണ്. അതേസമയം, ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോൾ വലിയ വാഹനങ്ങൾ ഏതെങ്കിലും ഒരു ഭാഗത്തേക്ക് മണിയൂർ വഴി തിരിച്ചുവിട്ടാൽ കുരുക്കിന് അൽപമെങ്കിലും ശമനമുണ്ടാവുമെന്നാണ് നാട്ടുകാരും യാത്രക്കാരും പറയുന്നത്. എന്നാൽ ആയിരക്കണക്കിന് യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന് ട്രാഫിക് പൊലീസോ ജനപ്രതിനിധികളോ പരിഹാരം കാണാത്തതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. കൊയിലാണ്ടി, പേരാമ്പ്ര ഭാഗത്തുനിന്നുള്ള ഭൂരിഭാഗം സ്വകാര്യബസുകളും ബുധനാഴ്ച പയ്യോളിയിൽ ട്രിപ് അവസാനിപ്പിക്കുകയായിരുന്നു. സ്കൂൾ തുറക്കുന്ന ദിവസമായതിനാൽ നൂറുകണക്കിന് വിദ്യാർഥികളാണ് ഇതുകാരണം വലഞ്ഞത്. കാലവർഷം ശക്തമായാൽ വരും ദിനങ്ങളിൽ പയ്യോളി - വടകര റൂട്ട് പൂർണമായും സ്തംഭിക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story