Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:41 AM IST Updated On
date_range 1 Jun 2022 5:41 AM ISTപ്രഖ്യാപനങ്ങൾ തുടരുന്നു; കുതിരവട്ടത്ത് അന്തേവാസികൾ ചാടുന്നതും
text_fieldsbookmark_border
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് അന്തേവാസികൾ ചാടിപ്പോവുന്നത് തുടരുന്നു. ഇത്തരം സംഭവങ്ങളുണ്ടാവുമ്പോൾ കർശന നടപടിയുണ്ടാവുമെന്ന് പ്രഖ്യാപനമുണ്ടാവുമെങ്കിലും എല്ലാം പതിവിൻപടി തുടരുകയാണ്. കടുത്ത സുരക്ഷാവീഴ്ചയുണ്ടാക്കി തിങ്കളാഴ്ച രാത്രി 10.30 ഓടെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരിക്കെ റിമാന്‍ഡ് പ്രതി തടവുചാടി. കല്പകഞ്ചേരി കൊടക്കാട് മുഹമ്മദ് ഇർഫാനാണ് ചാടിപ്പോയത്. ബൈക്കിൽ നാട്ടിലേക്ക് പോകവെ കോട്ടക്കൽ ലോറിയുമായി ഇടിച്ച് ഇർഫാൻ മരിച്ചു. വാര്‍ഡ് മൂന്നിലെ ശുചിമുറിയിൽനിന്ന് ഡ്രെയിനേജിലേക്കുള്ള പൈപ്പിന്‍റെ ദ്വാരം തുരന്ന് വലുതാക്കിയായിരുന്നു രക്ഷപ്പെട്ടത്. ആശുപത്രിയില്‍നിന്ന് പുറത്തുകടന്ന് ബൈക്ക് മോഷ്ടിച്ചാണ് രക്ഷപ്പെട്ടത്. 60 അന്തേവാസികൾ ഈ വാർഡിലുണ്ട്. അവിടെനിന്ന് ഒന്നാം വാർഡിന്‍റെ അരികിൽ മതിൽ ചാടിയാണ് രക്ഷപ്പെട്ടതെന്ന് കരുതുന്നു. നേരത്തേ വിചാരണ തടവുകാരടക്കം നാലു പേർ ചാടിപ്പോയത് വാർത്തയായിരുന്നു. മാസങ്ങൾക്ക് മുമ്പ് രാവിലെ കുന്ദമംഗലം സ്വദേശിയായ 24കാരൻ രക്ഷപ്പെട്ടിരുന്നു. ഇദ്ദേഹത്തെ മണിക്കൂറുകൾക്കുള്ളിൽ മടവൂർ ഭാഗത്തുനിന്ന് പിടികൂടി. അതിന് മുമ്പ് ഒമ്പതു ദിവസത്തിനിടെ രണ്ട് സ്ത്രീകളടക്കം അഞ്ചുപേർ ചാടിപ്പോയത് വാർത്തയായിരുന്നു. ചികിത്സയുടെ ഭാഗമായുള്ള ഐസൊലേഷൻ വാർഡിൽനിന്നാണ് പലപ്പോഴും അന്തേവാസികൾ കടക്കുന്നത്. മഹാരാഷ്ട്ര സ്വദേശിയായ 17കാരിയും നടക്കാവ് സ്വദേശിയായ 39കാരനും രക്ഷപ്പെട്ടത് ഈയിടെയാണ്. 42കാരനായ മഞ്ചേരി സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതും അടുത്താണ്. കഴിഞ്ഞ ഡിസംബറിൽ ശുചിമുറിയുടെ ജനല്‍ പൊളിച്ച് വണ്ടൂര്‍ സ്വദേശിയായ യുവാവ് രക്ഷപ്പെട്ടിരുന്നു. ടോയ്‌ലറ്റ് ബ്രഷ് ഉപയോഗിച്ച് ഭിത്തി തുരന്ന ശേഷം വനിത അന്തേവാസിയും കുളിക്കാന്‍ കൊണ്ടു പോകുന്നതിനിടെ മറ്റൊരാളും ചാടിപ്പോയ സംഭവവുമുണ്ടായി. രണ്ടു പേരേയും പിന്നീട് കണ്ടെത്തിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. മുമ്പ് മഹാരാഷ്ട്ര സ്വദേശിനിയെ സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയപ്പോൾ നടന്ന അന്വേഷണത്തില്‍ ബംഗാള്‍ സ്വദേശിനിയുമായുണ്ടായ അടിപിടിയില്‍ കൊല്ലപ്പെട്ടുവെന്ന് കണ്ടെത്തി. ജീര്‍ണിച്ച കെട്ടിടവും വേണ്ടത്ര ജീവനക്കാരില്ലാത്തതും കുതിരവട്ടം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story