Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 5:39 AM IST Updated On
date_range 31 May 2022 5:39 AM ISTചീമേനി ജാനകി വധക്കേസ്: ഒന്നും മൂന്നും പ്രതികൾ കുറ്റക്കാർ
text_fieldsbookmark_border
രണ്ടാം പ്രതിയെ വെറുതെവിട്ടു; ശിക്ഷ ഇന്ന് കാസർകോട്: റിട്ട. പ്രധാനാധ്യാപിക ചീമേനി പുലിയന്നൂരിലെ പി.വി. ജാനകിയെ (65) കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസിൽ ഒന്നും മൂന്നും പ്രതികള്‍ കുറ്റക്കാർ. ഒന്നാം പ്രതി പുലിയന്നൂര്‍ ചീര്‍ക്കുളം പുതിയ വീട്ടില്‍ വിശാഖ് (27), മൂന്നാം പ്രതി പുലിയന്നൂരിലെ മക്ലിക്കോട് അള്ളറാട് വീട്ടില്‍ അരുണ്‍ (30) എന്നിവരെയാണ് കുറ്റക്കാരാണെന്ന് ജില്ല പ്രിന്‍സിപ്പല്‍ ജഡ്ജി സി. കൃഷ്ണകുമാര്‍ കണ്ടെത്തിയത്. രണ്ടാം പ്രതി ചെറുവാങ്ങക്കോട്ടെ റിനീഷിനെ (28) വിട്ടയച്ചു. ഇയാൾക്കെതിരെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികൾക്കുള്ള ശിക്ഷ ചൊവ്വാഴ്ച വിധിക്കും. 2017 ഡിസംബര്‍ 13ന് രാത്രി 9.30ന് മുഖംമൂടി ധരിച്ച് വീട്ടില്‍ അതിക്രമിച്ചുകയറിയ മൂന്നംഗ സംഘം ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. 17 പവന്‍ സ്വര്‍ണാഭരണങ്ങളും 92,000 രൂപയും കവര്‍ന്നു. ജാനകിയുടെ നിലവിളി കേട്ട് ഉണര്‍ന്ന ഭര്‍ത്താവ് കെ. കൃഷ്ണനെ പ്രതികൾ കുത്തിപ്പരിക്കേൽപിക്കുകയും ചെയ്തു. കവര്‍ച്ച നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ കൃഷ്ണന്റെ വീട്ടിലെത്തിയത്. കൃഷ്ണനും ഭാര്യ പി.വി. ജാനകിയും ഉറക്കത്തിലായിരുന്നു. ശബ്ദം കേട്ട് ജാനകി ഉണരുകയും കവര്‍ച്ചസംഘത്തിലെ രണ്ടുപേരെ തിരിച്ചറിയുകയും ചെയ്തു. ഇതോടെ പ്രതികള്‍ ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലുള്ളത്. പ്രതികളില്‍ രണ്ടുപേരെ ജാനകി സ്‌കൂളില്‍ പഠിപ്പിച്ചിരുന്നു. ഇവരെ തിരിച്ചറിഞ്ഞതിനാൽ ഇക്കാര്യം ജാനകി പുറത്തുപറയുമെന്ന ഭയമാണ് കവര്‍ച്ചക്കു പുറമെ കൊലപാതകത്തിനും പ്രതികളെ പ്രേരിപ്പിച്ചത്. കവര്‍ച്ചക്കും കൊലപാതകത്തിനും പിന്നില്‍ ഇതര സംസ്ഥാന തൊഴിലാളികളാണെന്നായിരുന്നു ആദ്യ നിഗമനം. ജാനകിയുടെ ഭര്‍ത്താവ് കൃഷ്ണന്റെ മൊഴിയുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയതോടെയാണ് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്. സംഭവത്തിനുശേഷം പ്രതികള്‍ വില്‍പന നടത്തിയ സ്വർണം പയ്യന്നൂര്‍, കണ്ണൂര്‍, മംഗളൂരു എന്നിവിടങ്ങളിലെ ജ്വല്ലറികളില്‍നിന്ന് അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. സ്വര്‍ണം വിറ്റ കണ്ണൂരിലെ ജ്വല്ലറിയുടെ ബില്ല് ഒന്നാം പ്രതി വിശാഖിന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയതാണ് കേസന്വേഷണത്തില്‍ വഴിത്തിരിവായത്. കൃഷ്ണന്റെ കൈ കെട്ടിയിട്ട ട്രാക്ക്സ്യൂട്ടില്‍നിന്ന് ലഭിച്ച ഡി.എന്‍.എ സാമ്പ്ള്‍ മൂന്നാം പ്രതി അരുണിന്റേതാണെന്ന് തെളിഞ്ഞതും നിർണായകമായി. ജാനകിയുടെ വായില്‍ ഒട്ടിച്ച മാസ്‌ക്കിങ് ടാപ്പും മുഖംമൂടിയും നീലേശ്വരത്തെ കടയില്‍നിന്ന് വാങ്ങിയതാണെന്ന് കണ്ടെത്തി. കേസിന്റെ വിചാരണവേളയില്‍ 212 രേഖകളും 54 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. സംഭവത്തിലെ ഏക ദൃക്‌സാക്ഷിയായ ഭര്‍ത്താവ് കൃഷ്ണന്‍, അന്വേഷണ ഉദ്യോഗസ്ഥര്‍, ഫോറന്‍സിക് വിദഗ്ധര്‍, മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത പൊലീസ് സര്‍ജന്‍ തുടങ്ങി നിരവധി സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. ദിനേശ്കുമാര്‍ ഹാജരായി. photos : arun, vishakh janaki
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story