Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:43 AM IST Updated On
date_range 26 May 2022 5:43 AM ISTജഡ്ജിമാരില്ല; വടകരയിൽ രണ്ടു കോടതികളുടെ പ്രവർത്തനം നിലച്ചു
text_fieldsbookmark_border
വടകര: കുടുംബകോടതി ജഡ്ജിയും മജിസ്ട്രേറ്റും സ്ഥലംമാറിപ്പോയതോടെ വടകരയിലെ കുടുംബകോടതിയുടെയും മജിസ്ട്രേറ്റ് കോടതിയുടെയും പ്രവർത്തനം നിലച്ചു. ഒന്നര മാസത്തിലധികമായി ഇരു കോടതികളിലും മജിസ്ട്രേറ്റുമാരില്ലാതായിട്ട്. മേയ് 10നാണ് രണ്ടു കോടതികളിലും അവസാനമായി സിറ്റിങ് നടന്നത്. മജിസ്ട്രേറ്റ് കുന്നംകുളത്തേക്കും കുടുംബകോടതി ജഡ്ജി കാസർകോട്ടേക്കുമാണ് സ്ഥലംമാറിപ്പോയത്. രണ്ടു മജിസ്ട്രേറ്റുമാർക്കും വടകരയിൽ പകരം നിയമനം നടന്നുമില്ല. പുതുതായി എപ്പോൾ നിയമനം നടക്കുമെന്നതു സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല. ജില്ലയിലെതന്നെ തിരക്കേറിയ പ്രധാന കോടതികളുടെ പ്രവർത്തനമാണ് നിലച്ചത്. ദിനംപ്രതി നിരവധി കേസുകളാണ് ഇരു കോടതികളും കൈകാര്യംചെയ്യുന്നത്. വടകര മുനിസിഫിന് മജിസ്ട്രേറ്റിന്റെ പൂർണ അധിക ചുമതല നൽകിയിട്ടുണ്ടെങ്കിലും മുൻസിഫ് കോടതിയിലെ പ്രവർത്തനത്തിനുശേഷം മജിസ്ട്രേറ്റിന്റെ പ്രവർത്തനം നടത്തുന്നത് പ്രാവർത്തികമല്ലെന്ന് അഭിഭാഷകർ പറയുന്നു. കോഴിക്കോട് കുടുംബകോടതി ജഡ്ജിക്കാണ് വടകര കുടുംബ കോടതിയുടെ അധിക ചുമതല. എന്നാൽ, സിറ്റിങ് നടക്കാത്തത് കുടുംബങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. കൊയിലാണ്ടി വടകര താലൂക്കിലെ കേസുകൾ കൈകാര്യം ചെയ്യുന്നത് വടകരയിലാണ്. കോടതിവിധിയുടെ അടിസ്ഥാനത്തിൽ കുടുംബങ്ങൾക്ക് ജീവനാംശം നൽകുന്നതും നിലച്ചിരിക്കുകയാണ്. സ്കൂൾ വേനലവധി കഴിഞ്ഞ് തുറക്കാൻ ഏതാനും ദിവസങ്ങളേ ബാക്കിയുള്ളൂ. കോടതി മുഖേനയാണ് കുട്ടികളടക്കമുള്ള പലർക്കും മാസംതോറും പണം ലഭിക്കുന്നത്. ഇതു നിലച്ചത് കുടുംബങ്ങളെ വലക്കുന്നുണ്ട്. ജഡ്ജിമാരില്ലാത്തതിനാൽ പല കേസുകളും നീണ്ടുപോകാനും ഇടയാക്കുന്നുണ്ട്. നിലവിൽ റിമാൻഡ് പ്രതികളുടെ ജാമ്യാപേക്ഷകൾ നീട്ടൽ ഉൾപ്പെടെ അപേക്ഷകളിൽ മാത്രമാണ് മജിസ്ട്രേറ്റ് കോടതിയിൽ തീർപ്പുണ്ടാവുന്നത്. കുടുംബകോടതിയിൽ പരസ്പര സമ്മതത്തോടെയുള്ള നിരവധി വിവാഹമോചനക്കേസുകൾ തീർപ്പാക്കാതെ വരുന്നത് ബുദ്ധിമുട്ടിന് ഇടയാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story