Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്കൂൾ വിപണിയിലും...

സ്കൂൾ വിപണിയിലും വിലക്കയറ്റമേളം

text_fields
bookmark_border
കോഴിക്കോട്​: നീണ്ട ഇടവേളക്കുശേഷം സ്കൂളുകൾ തുറക്കാനിരിക്കെ സജീവമാകുന്ന സ്കൂൾ വിപണിയിൽ വിലക്കയറ്റത്തി‍ൻെറ മേളം. സ്കൂൾ തുറക്കുമ്പോൾ പുസ്തകങ്ങൾ കുട്ടികൾക്ക്​ മാത്രമല്ല, രക്ഷിതാക്കൾക്കും ഭാരമാകും. കടലാസിന്​ വില അനിയന്ത്രിതമായി വർധിക്കുന്നതോടെയാണ്​ ഇത്തവണ നോട്ട്​ബുക്കുകൾക്കും വില കൂടിയത്​. വില ഉയരുന്നതിനൊപ്പം ആവശ്യത്തിന്​ സാധനങ്ങൾ ലഭിക്കാത്തതും സ്കൂൾ വിപണിയെ ബാധിക്കുന്നുണ്ട്​. കോവിഡ്​കാലത്ത്​ ഓൺലൈൻ ക്ലാസുകളായിരുന്നതിനാൽ നോട്ടുബുക്കുകളുടെ വിൽപന താരതമ്യേന കുറഞ്ഞിരുന്നു. കോവിഡി‍ൻെറ അനിശ്ചിതത്വമുള്ളതിനാൽ ഇത്തവണ ആവശ്യത്തിന്​ നോട്ട്​ബുക്ക്​ നിർമാണം തുടങ്ങിയിട്ടില്ലെന്ന്​ മൊത്തക്കച്ചവടക്കാർ പറയുന്നു. പ്രമുഖ ബ്രാന്‍റുകളുടെ നോട്ട്​ബുക്കുകൾ ഓർഡറിനനുസരിച്ച്​ കടകളിലെത്താത്ത അവസ്ഥയുണ്ട്​. 200 ​പേജുള്ള നോട്ട്​ബുക്കിന്​ രണ്ടു രൂപ​ കൂടി 30 ആയി​. ഗുണനിലവാരം കൂടിയവക്ക്​ വിലയും കൂടും. കോളജ്​ നോട്ട്​ബുക്കുകളുടെ വില 48ൽ നിന്ന്​ 52 ആയി ഉയർന്നു. ബാൾ​പേനയുടെ വിലയും വർഷങ്ങൾക്കുശേഷം ഉയർന്നുവെന്നതാണ്​ ഇത്തവണത്തെ പ്ര​ത്യേകത. അഞ്ച്​ രൂപക്ക്​ ഇനി പേന കിട്ടില്ല. ഏഴു രൂപയായി വർധിച്ചു. പത്ത്​ രൂപയുടെ പേനക്ക്​ ഇനി 15 രൂപ കൊടുക്കണം. ഇൻസ്​ട്രുമെന്‍റ്​ ​ബോക്സിനും കുടക്കും വില കൂടിയിട്ടുണ്ട്​. 380 രൂപയുള്ള കുടക്ക്​ 390 ആയിട്ടുണ്ട്​. ചെറിയ ക്ലാസിലെ കുട്ടികൾക്കുള്ള കുടകൾക്ക്​ 250 - 400 രൂപ വരെയാണ്​ വില. സാധാരണ കുടകൾക്ക്​ 590രൂപ വരെ നൽകണം. കാർട്ടൂൺ പ്രിന്‍റുള്ള കുടകളും വിപണിയിലെത്തിയിട്ടുണ്ട്​. ശക്​തമായ വേനൽമഴ വിപണിയെ ബാധിച്ചിട്ടുണ്ടെങ്കിലും കുടകൾക്ക്​ ആവശ്യക്കാർ കൂടിയതായി കടക്കാർ പറയുന്നു. ബാഗിന്​ നിലവിൽ പഴയ വില തന്നെയാണ്​. പുതിയ സ്​റ്റോക്കുകളെത്തുമ്പോൾ വില കൂടാനും സാധ്യതയുണ്ട്​. രണ്ട്​ വർഷമായി ഓൺലൈൻ ക്ലാസുകളായതിനാൽ ഭൂരിഭാഗം വിദ്യാർഥികളും പുതിയ ബാഗും കുടയും മഴ​ക്കോട്ടും ലഞ്ച്​ ബോക്സും വാങ്ങിയിരുന്നില്ല. ഇത്തവണ കോവിഡി‍ൻെറ പുതിയ തരംഗം ജൂണിലു​ണ്ടാകുമെന്ന ചില മുന്നറിയിപ്പുകളെ തുടർന്ന്​ സ്കൂൾ വിപണിയിലേക്കാവശ്യമായ സാധനങ്ങളുടെ നിർമാണം അൽപം മന്ദഗതിയിലായിരുന്നു. ബാഗുകളും ലഞ്ച്​ബോക്​സുകളും വാട്ടർബോട്ടിലുമെല്ലാം ഓർഡറിനനുസരിച്ച്​ കിട്ടാത്തതിനും കാരണമിതാണ്​. ആയിരം ബാഗുകൾ ഓർഡർ ചെയ്തിട്ട്​ 300 എണ്ണമാണ്​ കൺസ്യൂമർഫെഡി‍ൻെറ സ്കുൾ വിപണിയിലേക്ക്​ ലഭിച്ചത്​. മുംബൈയിൽനിന്ന്​ വരാറുള്ള പല സാധനങ്ങളും ആവ​ശ്യത്തിന്​ കിട്ടുന്നില്ലെന്ന്​ മിഠായിത്തെരുവിലെ സ്കൂൾ വിപണിയിലുള്ളവരും പറയുന്നു. കൺസ്യൂമർഫെഡി‍ൻെറ ത്രിവേണി സ്റ്റുഡന്‍റ്​ മാർക്കറ്റുകളിലും വിവിധ സഹകരണ സ്കൂൾ ചന്തകളിലും വിലകുറച്ചാണ്​ വിൽപന. ത്രിവേണിയു​ടെ മികച്ച ​നോട്ട്​ബുക്കുകൾക്ക് 200 പേജിന്​ 30ഉം കോളജ്​ ബുക്കിന്​ 52ഉം ആണ്​ വില. ബാഗിന്​ ചില്ലറ വിൽപനയു​ടെ 20 മുതൽ 30 ശതമാനം വരെ വില കുറച്ചാണ്​ ബാഗുകൾ വിൽക്കുന്നത്​. കുടയടക്കം എല്ലാ സാധനങ്ങൾക്കും കൺസ്യൂമർഫെഡിൽ വിലക്കുറവുണ്ടെന്ന്​ അധികൃതർ അവകാശപ്പെടുന്നു. ഈ മാസം പത്തിന്​ തുടങ്ങിയ സ്റ്റുഡന്‍റ്​ മാർക്കറ്റ്​ ജൂൺ 15 വ​രെ തുടരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story