Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:40 AM IST Updated On
date_range 16 May 2022 5:40 AM ISTആദരവിന് കാത്തുനിൽക്കാതെ സ്വാതന്ത്ര്യസമര സേനാനി കെ.എം. ഗോപാലൻ നായർ വിടവാങ്ങി
text_fieldsbookmark_border
ബാലുശ്ശേരി: ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) ആദരവിന് കാത്തുനിൽക്കാതെ സ്വാതന്ത്ര്യ സമര സേനാനി കെ.എം. ഗോപാലൻ നായർ വിടവാങ്ങി. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി കേരളത്തിലെ സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കുന്നതിന്റെ ഭാഗമായി മേയ് 17ന് ഗോപാലൻ നായരെ ബാലുശ്ശേരിയിലെ വീട്ടിലെത്തി എൻ.ഡി.ആർ.എഫ് നേതൃത്വത്തിൽ ആദരിക്കാൻ തീരുമാനിച്ചതായിരുന്നു. കഴിഞ്ഞ വർഷം ആദരിക്കാൻ തീരുമാനിച്ചപ്പോൾ ഗോപാലൻ നായർ അസുഖ ബാധിതനായി ചികിത്സയിൽ കഴിയുന്നതിനാൽ ചടങ്ങ് മാറ്റിവെച്ചതായിരുന്നു. 17ന് വീട്ടിൽ വെച്ച് നടത്താൻ തീരുമാനിച്ച ആദരിക്കൽ ചടങ്ങിൽ എൻ.ഡി.ആർ.എഫ് ചെന്നൈ ആർക്കോണം അസിസ്റ്റന്റ് കമാൻഡർ വി. ശ്രീധരൻ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ, ആദരവിന് കാത്തുനിൽക്കാതെയാണ് ഗോപാലൻ നായർ ഇന്നലെ വിടവാങ്ങിയത്. ജില്ലയിലെ ജീവിച്ചിരിക്കുന്ന അഞ്ചു പ്രമുഖ സ്വാതന്ത്ര്യ സമര സേനാനികളിൽ ഒരാളായിരുന്നു കെ.എം. ഗോപാലൻ നായർ. താണ്ഡൻ ഗോപാലൻ നായർ എന്നാണ് നാട്ടിൽ അറിയപ്പെടുന്നത്. ബാബു പുരുഷോത്തം താണ്ഡൻ എ.ഐ.സി.സി. പ്രസിഡന്റായിരുന്ന കാലത്ത് ബാലുശ്ശേരി വില്ലേജ് കോൺഗ്രസ് കമ്മിറ്റിയിലേക്ക് മത്സരിച്ച് ജയിച്ച ഗോപാലൻ നായരെ ബാലുശ്ശേരിയിലെ പൗര പ്രമുഖനായിരുന്ന മമ്മു സാഹിബാണ് താണ്ഡൻ ഗോപാലൻ നായർ എന്ന വിശേഷണം ചാർത്തി കൊടുത്തത്. പുരുഷോത്തം താണ്ഡന്റെ പ്രവർത്തന ശൈലി ഉൾക്കൊണ്ടായിരുന്നു ഗോപാലൻ നായരുടെ പാർട്ടി പ്രവർത്തനം. ഇതായിരുന്നു വിശേഷണത്തിന് കാരണം. എന്നാൽ, പിന്നീടങ്ങോട്ട് ഗോപാലൻ നായരെ താണ്ഡൻ എന്ന ഓമന പേരിട്ടാണ് നാട്ടുകാർ വിളിച്ചത്. ബാലുശ്ശേരിയിലെ സ്വാതന്ത്ര്യസമര പോരാളികളിൽ അവസാനത്തെ കണ്ണിയാണ് ഗോപാലൻ നായരുടെ വേർപാടോടെ നഷ്ടമായത്. 97 വയസ്സിലെത്തിയ ഗോപാലൻ ദിവസങ്ങളായി ചികിത്സയിലായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്. ഗാന്ധിയൻ ജീവിതരീതിയും ശൈലിയും മുറുകെ പിടിച്ച ഗോപാലൻ നായർ ഗാന്ധിജിയുടെ ആഹ്വാനത്തെ തുടർന്നു ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്വാതന്ത്ര്യ സമര രംഗത്തേക്കിറങ്ങിയത്. ഗാന്ധിത്തൊപ്പിയും ഖദർ വസ്ത്രവു മണിഞ്ഞ് ബാലുശ്ശേരിയിലെ സാമൂഹിക-രാഷ്ട്രീയ പരിപാടികളിലെല്ലാം ഗോപാലൻ നായരുടെ സാന്നിധ്യമുണ്ടായിരുന്നു. മദ്യനിരോധന സമിതിയുടെ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. റീജനൽ കോഓപറേറ്റിവ് ബാങ്ക് വൈസ് പ്രസിഡന്റ്, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, സെക്രട്ടറി, ബാലുശ്ശേരി കോട്ട, ചാല ദേവസ്വം ട്രസ്റ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പ്രാദേശിക മാധ്യമപ്രവർത്തകനായിരിക്കെ ഗോപാലൻ നായരാണ് കക്കയം ഉരക്കുഴിയെക്കുറിച്ച് പത്രത്തിലൂടെ ആദ്യ വിവരം പുറത്തുവിട്ടത്. നിരവധി ആദരവും പുരസ്കാരങ്ങളും ലഭിച്ചിട്ടുള്ള ഗോപാലൻ നായർക്ക് 2021ലെ ബാപ്പുജി ട്രസ്റ്റിന്റെ മഹാത്മ പുരസ്കാരവും ലഭിച്ചു. രാഷ്ട്രീയ-സാമൂഹിക രംഗത്തെ ഒട്ടനവധി പേർ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. എസ്.പിക്കുവേണ്ടി ബാലുശ്ശേരി എസ്.എച്ച്.ഒ എം.കെ. സുരേഷ് കുമാറും, ജില്ല കലക്ടർക്കു വേണ്ടി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും റീത്ത് സമർപ്പിച്ചു. പൊലീസ് സേനയുടെ നേതൃത്വത്തിൽ അന്തിമോപചാരമർപ്പിച്ചശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. Photo: gopalan nair balu ബാലുശ്ശേരിയിലെ വിദേശ മദ്യഷാപ് അടച്ചുപൂട്ടുന്നതിനായുള്ള സത്യഗ്രഹസമരത്തിൽ കെ.എം. ഗോപാലൻ നായർ സംസാരിക്കുന്നു (ഫയൽ ചിത്രം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story