Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 5:33 AM IST Updated On
date_range 13 May 2022 5:33 AM ISTവൈറോളജി ലാബ് നിർമാണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കും -മന്ത്രി വീണ ജോർജ്
text_fieldsbookmark_border
കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിലെ വൈറോളജി ലാബ് നിർമാണം വേഗത്തിലാക്കാൻ കേന്ദ്ര പൊതുമരാമത്ത് വിഭാഗത്തോട് അഭ്യർഥിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. രണ്ടു വട്ടം നിപ രോഗബാധയുണ്ടായ കോഴിക്കോട് ജില്ലയിൽ പ്രതിരോധപ്രവർത്തനങ്ങളെക്കുറിച്ച് ബോധവത്കരണം ശക്തമാക്കുമെന്നും 'നിപ: അനുഭവവും പഠനവും' ശിൽപശാല ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. 2018ല്‍ സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട്ട് നിപ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ കൃത്യമായ ധാരണയുണ്ടായിരുന്നില്ല. പിന്നീട് 2019ലും 2021ലും നിപ ബാധിതരുണ്ടായെങ്കിലും മികച്ച പ്രതിരോധപ്രവര്‍ത്തനത്തിലൂടെ വ്യാപനമില്ലാതാക്കാന്‍ കഴിഞ്ഞു. മസ്തിഷ്കജ്വരത്തെക്കുറിച്ച് കൂടുതൽ ജാഗ്രത വേണമെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് 4.30 വരെ ആറു സെഷനുകളിലായാണ് ശിൽപശാല സംഘടിപ്പിച്ചത്. നിപക്കെതിരെ പൊതുജാഗ്രതയുണ്ടാവുകയും നിലവിലുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും ചെയ്യാനാണ് സംഘടിപ്പിച്ചത്. വിവിധ ജില്ലകളില്‍നിന്നുള്ള ആരോഗ്യം, വനം-വന്യജീവി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ഗവേഷണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യ, വനം, മൃഗസംരക്ഷണമടക്കമുള്ള വകുപ്പുകൾ കൂട്ടായി പ്രവർത്തിക്കുന്ന വൺഹെൽത്ത് പദ്ധതിക്ക് ഈ മാസം 17ന് തുടക്കമാകുമെന്ന് ഓൺലൈൻ ശിൽപശാലയിൽ ആരോഗ്യ-കുടുംബക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ പറഞ്ഞു. ആദ്യം നാലു ജില്ലകളിൽ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനിൽ പങ്കെടുത്തു. മന്ത്രി എ.കെ. ശശീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. അഡീഷനല്‍ ചീഫ് സെക്രട്ടറി ആശ തോമസ്, ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യകേരളം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എ. കൗശിഗന്‍, കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി, ആരോഗ്യ വിദ്യാഭ്യാസ ജോയന്റ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സജിത്ത് എന്നിവര്‍ സംസാരിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. വി.ആര്‍. രാജു സ്വാഗതവും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ് നന്ദിയും പറഞ്ഞു. bk-1,bk-2 വെള്ളിമാടുകുന്ന് ജെൻഡർ പാർക്കിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ശില്പശാല മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story