കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് എറിഞ്ഞു തകർത്ത കേസിൽ യുവാവ് അറസ്റ്റില്‍
text_fieldsമണിമല: കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് എറിഞ്ഞു തകർത്ത കേസിൽ യുവാവ് അറസ്റ്റിൽ. ചെറുവള്ളി കാവുംഭാഗം തെക്കുംഭാഗം കല്ലനാനിക്കൽ വീട്ടിൽ പി.കെ. മഹേഷിനെയാണ് (19) മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകീട്ട് ഇയാള്‍ മൂലേപ്ലാവ് ഭാഗത്തുവെച്ചാണ് ബസിന്റെ പിന്നിലെ ചില്ല് കല്ലെറിഞ്ഞുതകർത്തത്.
ലൈറ്റ് ഡിം അടിക്കുന്നതിനെ ചൊല്ലി കെ.എസ്.ആർ.ടി.സി ഡ്രൈവറുമായി തർക്കമുണ്ടാകുകയും തുടർന്ന് സ്കൂട്ടറിൽ ബസിനെ പിന്തുടർന്ന് കല്ലെറിഞ്ഞ് ചില്ല് തകർക്കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് മണിമല പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
ഇയാൾക്കെതിരെ ഡ്രൈവറെ ചീത്ത വിളിച്ചതിനും കൂടാതെ പൊതുമുതൽ നശിപ്പിച്ചതിനും കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. മണിമല എസ്.എച്ച്.ഒ ബി. ഷാജിമോൻ, എസ്.ഐമാരായ സന്തോഷ്കുമാർ, വിജയകുമാർ, വി.പി. അനിൽകുമാർ, സി.പി.ഒമാരായ ബിജേഷ്, ശ്രീജിത്, ശ്രീകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.