വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി തട്ടിയ യുവാവ് പിടിയിൽ
text_fieldsജെൻസൺ
ചങ്ങനാശ്ശേരി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിൽ. തൃശൂർ കല്ലൂർക്കാട് ചെമ്മരപ്പള്ളി ജെൻസൺ (31) ആണ് പിടിയിലായത്. ചങ്ങനാശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന അബ്ലസ് ഹ്യൂമൻ റിസോഴ്സസ് പ്രൈവറ്റ് ലിമിറ്റഡിൽ വിദേശ ജോലിക്കായി പേര് രജിസ്റ്റർ ചെയ്തവർക്ക് വിസ തയാറാക്കിനൽകാമെന്നു വിശ്വസിപ്പിച്ചാണ് പ്രതികൾ പണം തട്ടിയത്. 2025 നവംബർ നാലു മുതൽ 2026 മാർച്ച് ഏഴു വരെ ഒന്നാം പ്രതി നേരിട്ടും മറ്റു പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും ഏജൻസി അക്കൗണ്ടിലേക്കും വിവിധ ഘട്ടങ്ങളിലായി ആകെ 1,00,73,300 രൂപ കൈപ്പറ്റിയെന്നാണ് പരാതി.
പണം കൈപ്പറ്റിയശേഷം വാഗ്ദാനം ചെയ്ത ജോലി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ വഞ്ചിച്ചെന്നാണ് കേസ്. ചങ്ങനാശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
കേരളത്തിൽ അവധിക്കായി എത്തിയ പ്രതി അഹ്മദാബാദ് വിമാനത്താവളം വഴി അർമേനിയയിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് അഹ്മദാബാദ് വിമാനത്താവളത്തിൽ പിടിയിലായത്. ചങ്ങനാശ്ശേരി പൊലീസ് ഇയാളെ അഹ്മദാബാദിൽനിന്ന് കസ്റ്റഡിയിൽ ഏറ്റെടുത്ത് നിയമാനുസൃത നടപടി പൂർത്തിയാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ചങ്ങനാശ്ശേരി ഡിവൈ.എസ്.പി എസ്. ആഷാദ്, എസ്.എച്ച്.ഒ അനിൽ ജോർജ്, എസ്.ഐമാരായ അഖിൽ വിജയകുമാർ, ബിനിൽ വിജയൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ നിതിൻ ജോൺ, എ.എസ്.ഐ സൈനി സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

