ജൈവകൃഷിയിൽ മികവ് തെളിയിച്ച് കുട്ടിക്കർഷകൻ
text_fieldsഗൗതം ദിപിൻ കൃഷിയിടത്തിൽ, കർഷക ദിനാചരണത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ മികച്ച കുട്ടിക്കർഷകനുള്ള അവാർഡ് നൽകുന്നു
ചങ്ങനാശ്ശേരി: ജൈവകൃഷിയിൽ മികവ് തെളിയിച്ച് കുട്ടിക്കർഷകൻ. കണ്ണൻചിറ ഇടത്തറപറമ്പിൽ ദിപിൻ ദാസിന്റെ മകൻ ആറാം ക്ലാസ് വിദ്യാർഥിയായ ഗൗതം ദിപിനാണ് വാകത്താനം പഞ്ചായത്തിലെ മികച്ച കുട്ടിക്കർഷകനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തിത്താനം ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ഗൗതം.
വീടിനോട് ചേർന്നുള്ള അഞ്ച് സന്റ് സ്ഥലത്ത് മഞ്ഞൾ, തക്കാളി, കാന്താരി, കപ്പ, ഇഞ്ചി, ഉള്ളി, കൂർക്ക, വാഴ, വഴുതന, മധുരക്കിഴങ്ങ്, വെള്ളരി, നെയ്ക്കുമ്പളം, മാതളം തുടങ്ങിയ വിവിധയിനം പച്ചക്കറികളും കിഴങ്ങുവർഗങ്ങളും കൃഷി ചെയ്തിട്ടുണ്ട്.
അമ്മ മനു ദിപിൻ തുടങ്ങിയ അടുക്കള പച്ചക്കറി തോട്ടം പിന്നീട് ജോലിത്തിരക്കിനെ തുടർന്ന് ശ്രദ്ധിക്കാതെ വന്നതോടെ ഗൗതം ഏറ്റെടുക്കുകയായിരുന്നു. കൃഷിയോടുള്ള താൽപര്യം കൊണ്ട് മറ്റുള്ള കർഷകരോട് ചോദിച്ചും യുട്യൂബ് കണ്ടും തൈകളും വിത്തും വാങ്ങി കൃഷി ചെയ്തു തുടങ്ങി. മികച്ച രീതിയിൽ ഫലം ലഭിച്ചതോടെ കൃഷി പിന്നീട് വ്യാപിപ്പിക്കുകയായിരുന്നു.
വാകത്താനം ഗവ. എൽ.പി സ്കൂളിലെ അധ്യാപകരുടെ പ്രോത്സാഹനം ഗൗതമിന് കൃഷിയോടുള്ള താൽപര്യം വർധിപ്പിച്ചു. മകന് കൃഷിയോടുള്ള താൽപര്യം കണ്ട് മാതാവും പിതാവും വിത്തും തൈകളും വാങ്ങി നൽകുകയും കൃഷി ഓഫിസ് മുഖേന കിട്ടുന്ന തൈകളും വാങ്ങി നൽകി. ഗൗതമിന്റെ കൃഷിയോടുള്ള താൽപര്യമറിഞ്ഞ് ഇത്തിത്താനം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും പ്രോത്സാഹനം നൽകി.
വാകത്താനം ഗവ. എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയായ സഹോദരൻ ധ്യാൻ ദിപിനും എൽ.കെ.ജി വിദ്യാർഥിയായ ധ്രുവ് ദിപിനും ഗൗതമന് സഹായികളായി എത്താറുണ്ട്. കർഷകദിനത്തിൽ വാകത്താനം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന കർഷക ദിനാചരണത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ ഗൗതമിനെ മികച്ച കുട്ടി കർഷകനുള്ള അവാർഡ് നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

