സ്ത്രീസൗഹൃദ ടൂറിസം: നേട്ടംകൊയ്ത് കുമരകം
text_fieldsകോട്ടയം: സ്ത്രീസൗഹൃദ ടൂറിസത്തിന്റെയും ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിന്റെയും ലോകത്തിലെതന്നെ പ്രിയങ്കര സ്പോട്ടായി നേട്ടംകൊയ്ത് കുമരകം. നിരവധി വനിത സംഘങ്ങളാണ് (വിമെൻസ് ഒൺലി) കഴിഞ്ഞവർഷം കുമരകത്തേക്ക് എത്തിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കുമരകത്തെ സ്ത്രീസൗഹൃദ ടൂറിസം ഡെസ്റ്റിനേഷനായി പ്രഖ്യാപിച്ചതോടെയാണ് കൂടുതൽ വനിത സംഘങ്ങൾ എത്തിത്തുടങ്ങിയതെന്ന് ടൂർ ഓപറേറ്റർമാർ പറയുന്നത്. ഇവിടത്തെ ഗ്രാമഭംഗിയും പച്ചപ്പും ബോട്ട് യാത്രയുമൊക്കെയാണ് വനിത സഞ്ചാരികൾക്ക് കൂടുതൽ ഇഷ്ടം.
ഇതരസംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നുപോലും വനിതകൾ മാത്രമുള്ള സംഘങ്ങൾ എത്തുന്നുണ്ട്. സൈക്കിൾ യാത്ര, കാൽനട, ഇവിടങ്ങളിലെ തൊഴിൽരീതികൾ, ഭക്ഷണപദാർഥങ്ങൾ തുടങ്ങിയവ കണ്ട് മനസ്സിലാക്കാനും രുചിച്ചറിയാനുമൊക്കെയായാണ് ഈ സംഘങ്ങൾ വരുന്നത്. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി വനിത വിനോദസഞ്ചാരികൾക്ക് വില്ലേജ് പാക്കേജ് ഒരുക്കി സ്ത്രീസൗഹൃദ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. റിസോർട്ടുകളിലും ഹോട്ടലുകളിലും എത്തുന്ന വനിത ഗ്രൂപ്പുകൾ ഉത്തരവാദിത്ത ടൂറിസവുമായി ബന്ധപ്പെട്ടാണ് യാത്ര നടത്തുന്നത്. ഇവർക്കായി പ്രത്യേക ഗൈഡിനെയും നിയോഗിക്കുന്നുണ്ട്.
ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിന്റെ കാര്യത്തിലും കുമരകം ഏറെ ശ്രദ്ധയാകർഷിക്കുകയാണ്. ലോകം ശ്രദ്ധിച്ച വിനോദസഞ്ചാരത്തിനൊപ്പം കുമരകത്തിന്റെ ഇന്നത്തെ മുഖത്തിന് വെഡ്ഡിങ് ഡെസ്റ്റിനേഷൻ എന്ന അലങ്കാരം കൂടിയുണ്ട്. ഇവിടത്തെ ഭൂപ്രകൃതിയുടെ പ്രത്യേകതയും ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിന് സഹായകമാണ്. എല്ലാ സീസണിലും വിവാഹം ആഘോഷിക്കാൻ പറ്റിയ കേന്ദ്രമായി കുമരകം മാറി.
ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനാണ് ആളുകൾ എത്തുന്നതെങ്കിലും കായലോരത്തുള്ള വിവാഹം മാത്രമല്ല പാക്കേജായി വിനോദസഞ്ചാരികളെ ഇവിടെ എത്തിക്കുന്ന രീതിയിലേക്ക് ഇവിടംമാറിയിരിക്കുന്നു. അത് കുമരകത്തിന്റെ ടൂറിസം വരുമാനത്തെയും വർധിപ്പിക്കുന്നു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് കൂടുതലും ഇവിടെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിന് എത്തുന്നതെന്നാണ് ടൂർ ഓപറേറ്റർമാരും ഹോട്ടൽ ഉടമകളും പറയുന്നത്. ലക്ഷങ്ങൾ മുതൽ കോടികൾ മുടക്കിയാണ് ഓരോ വിവാഹവും നടക്കുന്നത്. അതിനുപുറമെ ഗെറ്റ് ടുഗതർ കേന്ദ്രങ്ങളായും കെ.ടി.ഡി.സിയുടെ ഉൾപ്പെടെ ഇവിടത്തെ ഹോട്ടലുകൾ മാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

