കാരിത്താസിൽ ഹൃദയം തുറക്കാതെ വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയ
text_fieldsശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർമാരും മറ്റ് ജീവനക്കാരും
കോട്ടയം: മധ്യകേരളത്തിൽ ആദ്യമായി ഹൃദയം തുറക്കാതെ ഹൃദയവാൽവ് മാറ്റിെവക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം കാരിത്താസ് ആശുപത്രി. ഹൃദയത്തിലെ പ്രധാന വാൽവായ അയോർട്ടിക് വാൽവ് ചുരുങ്ങിയ അവസ്ഥയിലുള്ള രോഗികളിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കി രോഗിയുടെ തുടയിലെ ധമനിയിലൂടെ വാൽവ് ഘടിപ്പിച്ച കത്തീറ്റർ കടത്തിവിട്ട് പഴയ വാൽവിന് പകരം പിടിപ്പിക്കുന്ന സാങ്കേതികവിദ്യയായ ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാേൻറഷനാണ് നടത്തിയതെന്ന് ആശുപത്രി അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ബൈപാസ് ആവശ്യമായി വരില്ല എന്നതിനൊപ്പം രോഗിയുടെ നെഞ്ചിൽ വലിയ മുറിവുണ്ടാക്കുന്നത് ഒഴിവാക്കാനും ഇതിലൂടെ കഴിയും. കുറവിലങ്ങാട് സ്വദേശിയായ 70കാരനിലാണ് ഹൃദയം തുറക്കാതെ ഹൃദയവാൽവിന് പകരം പുതിയ വാൽവ് ഘടിപ്പിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ രോഗി പൂർണ ആരോഗ്യവാനായി ആശുപത്രിവിട്ടു. ഡോ.ദീപക് ഡേവിഡ്സൺ, ഡോ. ജോണി ജോസഫ്, ഡോ. രാജേഷ് എം. രാമൻകുട്ടി, ഡോ. നിഷ പാറ്റാനി, ഡോ. ജോബി കെ. തോമസ്, ഡോ. തോമസ് ജോർജ്, ഡോ. ഗൗതം രാജൻ, ഡോ. ഹെൻലി പി. ആൻഡ്രൂസ്, ഡോ. ജോൺ മാത്യു എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.
സാധാരണയായി അയോർട്ടിക് വാൽവ് ചുരുങ്ങുന്ന അവസ്ഥയിലുള്ള രോഗികളിൽ ഹൃദയ ശസ്ത്രക്രിയ നടത്തി വാൽവ് മാറ്റിവെക്കുകയാണ് ചെയ്യുന്നത്. പ്രായമായവരിലും മറ്റ് അനുബന്ധരോഗങ്ങൾ ഉള്ളവരിലും ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ സങ്കീർണവും അപകടം നിറഞ്ഞതുമാണ്. ഈ സാഹചര്യത്തിലാണ് ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാേൻറഷൻ ആശ്രയകരമാകുന്നത്.
മുമ്പ് 30 ലക്ഷത്തിലധികം ചെലവ് വരുമായിരുന്ന ഈ ചികിത്സ ഇപ്പോൾ 15 ലക്ഷത്തോളം രൂപക്കാണ് നടത്തുന്നതെന്നും ഇവർ പറഞ്ഞു. കാർഡിയോളജി വിഭാഗം മേധാവി ഡോ. ജോണി ജോസഫ്, ഡോ.ദീപക് ഡേവിഡ്സൺ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

