വാടിക്കരിഞ്ഞ് വിളകൾ; കൊടുംചൂടിൽ വെന്തുരുകി കർഷകർ
text_fieldsweകോട്ടയം: കൊടുംചൂടിൽ വാടിക്കരിഞ്ഞ് കൃഷിമേഖല. ജില്ലയിലെ നെല്ല്, വാഴ, റബർ കൃഷികളാണ് കടുത്തവേനലിനെ തുടർന്ന്
ഭീഷണി നേരിടുന്നത്. കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാതെ ചെടികൾ ഉൾപ്പെടെ കരിയുന്ന സാഹചര്യമാണ്. കാലാവസ്ഥ പ്രതികൂലമായതോടെ ജില്ലയിലെ വാഴകൃഷി മേഖലയും തകർച്ചയുടെ വക്കിലാണ്. ഏത്തവാഴയുടെ പാകമാകാത്ത കുലകൾ ചൂടുമൂലം വാടി പഴുത്തുപോകുകയും വാഴക്കുലകൾ ഒടിഞ്ഞുപോകുന്നതിനും ഇടയാക്കുന്നു. നിരവധി കർഷകരാണ് റബർ മേഖലയിലെ പ്രതിസന്ധിയെ തുടർന്ന് വാഴകൃഷിയിലേക്ക് തിരിഞ്ഞത്.
പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി ചെയ്തിരുന്നവരാണ് അധികം. മുൻവർഷങ്ങളിലും പ്രതിസന്ധിയുണ്ടായിരുന്നെങ്കിലും കടുത്ത വേനലിൽ വ്യാപകമായി കൃഷി നശിക്കുന്ന സ്ഥിതിയാണ്. പേമാരിയിൽ വാഴകൾ പലതും വീണുപോയി നാശനഷ്ടം ഉണ്ടായതിനെ പിന്നാലെയാണ് കനത്ത ചൂടും കർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പാകമെത്താതെ കുലകൾ നശിക്കുന്നത് തമിഴ്നാടൻ ഏത്തക്കുലകളുടെ കടന്നുവരവിന് ഗുണകരമാകുകയാണ് വിപണിയിൽ. വരവ് ഏത്തക്കുലകൾ വർധിച്ചതോടെ, 40, 50 രൂപയാണ് കിലോയുടെ വില. നാടൻ ഏത്തക്കുലകൾക്ക് ആവശ്യക്കാർ ഏറെയാണ്. ജില്ലയിൽ നെടുംകുന്നം, കറുകച്ചാൽ മേഖലകളിലാണ് ഏത്തവാഴകൾ വ്യാപകമായി കൃഷി ചെയ്യുന്നത്. മേഖലയിൽ 100ലധികം കർഷകരാണ് നാടൻ ഏത്തവാഴ കൃഷി ചെയ്യുന്നത്. ഇതിൽ പലരുടെയും ഉപജീവനമാർഗമാണ് കൃഷി. വളത്തിനുണ്ടായ അമിത വിലവർധനയും കർഷകർക്ക് തിരിച്ചടിയായി. കാലാവസ്ഥ വ്യതിയാനം, നാടൻ ഏത്തക്കുലകളുടെ ഉൽപാദനം കുറയാനും കാരണമായതായി കർഷകർ പറയുന്നു.
ചൂട് വർധിച്ചതോടെ റബർ കർഷകരുടെ ഉപജീവനവും അവതാളത്തിലായി. ചൂട് വർധിച്ചതോടെ പാൽ കട്ടയായിപ്പോകുന്ന സാഹചര്യമാണ്. ലാറ്റക്സിന് വില വർധിക്കുമെന്ന ധാരണയിൽ വിൽക്കാതെ സൂക്ഷിച്ച റബർ കർഷകരുടെ പാൽ ബാരലുകൾ വ്യാപകമായി കട്ടപിടിക്കുന്ന സാഹചര്യമാണ്. ഇതോടെ കർഷകർക്ക് കനത്ത നഷ്ടമാണ് ഉണ്ടാകുന്നത്. കമ്പനികൾ നൽകുന്ന വീപ്പകളിൽ അമോണിയായുടെ അളവ് കുറഞ്ഞതാണ് കട്ടപിടിക്കാൻ കാരണമാകുന്നതെന്നാണ് ആക്ഷേപം.
ഒരു വീപ്പയിൽ എഴുകിലോ അമോണിയായും 250 ഗ്രാമം കെമിക്കലും വേണം. എന്നാൽ, മിക്ക കമ്പനികളും അഞ്ച് കിലോയിൽ താഴെ അമോണിയ മാത്രമാണ് വീപ്പയിൽ ഒഴിച്ചുവിടുന്നത്. കാലപ്പഴക്കം ചെന്ന ബാരലുകൾ മാറ്റാതെ വീണ്ടും കർഷകർക്ക് നൽകുന്നതുകൊണ്ട് ബാരലലിൽ വായു കടന്ന് പാൽ കട്ടിയാകാനുള്ള സാഹചര്യവും ഉണ്ടാകുന്നു. റബർ പാൽ കട്ടപിടിച്ചുപോകുന്നതിനെ തുടർന്ന് കർഷകന് നഷ്ടം സംഭവിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

