പൈങ്ങണ ബൈപാസ് കൈയടക്കി കാട്ടുപന്നികൾ
text_fieldsമുണ്ടക്കയം: രണ്ടുമാസമായി പുലിപ്പേടിയിലായിരുന്ന പൈങ്ങണ ഭാഗം ഇപ്പോൾ കാട്ടുപന്നികളുടെ ഭീഷണിയിൽ. കാട്ടുപന്നിയെ ഭയന്ന് ജനങ്ങൾക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്. സന്ധ്യയാകുന്നതോടെ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ വശത്തുകൂടി 31ാം മൈലിൽ എത്തുന്ന ബൈപാസ് റോഡിൽ കാട്ടുപന്നികൾ കൂട്ടത്തോടെയാണ് എത്തുന്നത്.
റോഡ് കൈയടക്കുന്ന പന്നിക്കൂട്ടം നേരും പുലരും വരെ മേഖലയിൽ കൃഷി നാശം ഉണ്ടാക്കും. കാൽ നടയാത്രക്കാരും ഇരു ചക്ര വാഹന യാത്രികരും ഏറെ ബുദ്ധിമുട്ടിലാണ്. റോഡിൽ കൂട്ടത്തോടെ നിൽക്കുന്ന കാട്ടുപന്നിക്കൂട്ടം വാഹനങ്ങൾ വന്നാലും മാറാതെ കിടക്കും. സ്വകാര്യ തോട്ടങ്ങളിൽ കാട് വളർന്നതാണ് ശല്യത്തിനുകാരണം. മിക്കവരും പച്ചക്കറി തൈകൾ നട്ടുവളർത്തലും കൃഷിയും ഉപേക്ഷിച്ചു.
വേനൽ കാലത്ത് ടാങ്കറുകളിൽ വിലയ്ക്ക് വെള്ളമെത്തിച്ച് നനച്ചുവളർത്തിയ തോട്ടങ്ങളിലെ 100 കണക്കിന് വാഴകളാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. പലർക്കും വൻ സാമ്പത്തിക നഷ്ടം ഉണ്ടായി. പന്നികളുടെ സാന്നിധ്യം നിത്യമായതോടെ ചെള്ളിന്റെ ശല്യവും അതിരൂക്ഷമായി.
കുട്ടികളുടെ ശരീരത്തിൽ ചെള്ള് കടിച്ച് പലരും ചികിത്സയും തേടുന്നുണ്ട്. ചക്ക സീസൺ ആയതോടെ ചക്കകൾ പഴുത്ത് പ്ലാവിന് ചുവട്ടിൽ വീണുകിടക്കുന്നതും പന്നികളുടെ വരവിന് വഴിവെക്കുന്നു. കാലവർഷം അടുത്തതോടെ ശല്യം വർധിക്കും. അടിയന്തരമായി അധികാരികൾ പ്രശ്നത്തിൽ ഇടപെടണമെന്ന ആവശ്യം ശക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

