കൃഷിയിടങ്ങളിൽ കാട്ടുപന്നി വിളയാട്ടം
text_fieldsതിടനാടിനു സമീപം കാട്ടുപന്നി വലിയ തെങ്ങ് കുത്തിമറിക്കാൻ ശ്രമിച്ച നിലയിൽ
കോട്ടയം: കൊടും ചൂടിൽ കരിയുന്ന കർഷക സ്വപ്നങ്ങൾക്കുമേൽ ഇരട്ട ഇരുട്ടടിയായി കാട്ടുപന്നി അടക്കം വന്യജീവികളുടെ സ്വൈരവിഹാരം. അത്യുഷ്ണത്തിൽ വലയുന്ന കാട്ടുമൃഗങ്ങൾ കൃഷിയിടങ്ങളിൽ അഴിഞ്ഞാടുകയാണ്. പൊരിയുന്ന വേനലിലും ഏറെ പ്രതീക്ഷയോടെ കഷ്ടപ്പെട്ടു നട്ടുനനച്ചു പരിപാലിച്ചുവരുന്ന വിളകൾ ഒറ്റ രാത്രികൊണ്ടു നമാവശേഷമാക്കുന്ന രീതിയിലാണ് പലയിടത്തും കാട്ടുപന്നിയുടെയും മറ്റും ആക്രമണം. വിളനാശം കനത്ത സാമ്പത്തിക നഷ്ടമാണ് കർഷകനുമേൽ അടിച്ചേൽപിക്കുന്നത്.
പാവൽ, മരച്ചീനി, ചേന, ചേമ്പ് തുടങ്ങിയ വിളകൾക്കാണ് ഏറ്റവുമധികം ഭീഷണി. മുളച്ചുതുടങ്ങുന്ന ചേനയും ചേമ്പും വരെ പന്നി കുത്തിമറിക്കുകയാണ്. ഭക്ഷ്യവസ്തുക്കൾ തേടിയാണ് പന്നി അടക്കം കാട്ടുമൃഗങ്ങൾ കൃഷിയിടങ്ങളിൽ ഇറങ്ങുന്നതെങ്കിലും കണ്ണിൽ കാണുന്നതെല്ലാം കുത്തിമറിക്കുന്നത് മലയോര മേഖലയിൽ ആശങ്ക പരത്തുകയാണ്. ചെറിയ തൈ തെങ്ങുകൾ മുതൽ കമുകും വലിയ തെങ്ങുകളുമടക്കം ഇവ കുത്തിനശിപ്പിക്കുന്നുണ്ട്.
വലിയ തെങ്ങിനും രക്ഷയില്ല
കഴിഞ്ഞ ദിവസം തിടനാട് - വാളിക്കകുന്ന് ഭാഗത്ത് ഇറങ്ങിയ കാട്ടുപന്നി 15 വർഷം പ്രായമായ വലിയ തെങ്ങ് കുത്തിമറിച്ച് ഇടാൻ വലിയ പരാക്രമമാണ് നടത്തിയത്. രണ്ടുദിവസം കൊണ്ട് തെങ്ങ് ഏതാണ്ട് നാശത്തിന്‍റെ വക്കിലാണ്.
കാട്ടുപന്നി വൻ കൃഷിനാശം ഉണ്ടാക്കുന്ന സാഹചര്യത്തിൽ ലൈസൻസുള്ള ഷൂട്ടർമാരെ ഉപയോഗിച്ചു വെടിവെച്ചു കൊല്ലാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് കാലത്ത് ലൈസൻസുള്ള തോക്കുകൾ അടക്കം ആയുധങ്ങൾ അടുത്ത പൊലീസ് സ്റ്റേഷനിൽ സമർപ്പിക്കണമെന്ന ഉത്തരവുള്ളതിനാൽ മിക്കവരുടെയും കൈവശം തോക്ക് ലഭ്യമല്ല. വന്യമൃഗങ്ങളിൽനിന്ന് സംരക്ഷണം ആവശ്യമുള്ളവർ അടക്കം ചില വിഭാഗങ്ങൾക്ക് തോക്ക് പൊലീസിൽ സമർപ്പിക്കുന്നതിൽ ഇളവുണ്ടെങ്കിലും പലരും അനിഷ്ട സാഹചര്യം ഒഴിവാക്കുന്നതിനായി ഈ ഇളവ് തേടിയിട്ടില്ല.
കഴിഞ്ഞ ദിവസം കാട്ടുപന്നി വലിയ തെങ്ങ് കുത്തി മറിച്ചിടാൻ നോക്കിയ സ്ഥല ഉടമ തോക്ക് ലൈസൻസുള്ള കർഷകനാണെങ്കിലും പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ പന്നി ആക്രമണം തുടരുന്നത് കണ്ടുനിൽക്കാനേ കഴിയുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

