കാടിറങ്ങുന്ന ഭീതി
text_fieldsകാട്ടാനക്കൂട്ടം ജനവാസമേഖലയിൽ
മുണ്ടക്കയം: കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തി മേഖലകളില്‍ വന്യമൃഗശല്യം രൂക്ഷം. കാട്ടാന, കാട്ടുപോത്ത്, പുലി, പെരുമ്പാമ്പ്, മൂര്‍ഖന്‍, കുറുനരി, കുരങ്ങുകള്‍, കാട്ടുപന്നി എന്നിവ ജനവാസ കേന്ദ്രത്തിലിറങ്ങിയത് നാടിനെ ഭീതിയിലാഴ്ത്തുന്നു. കാട്ടാനകളെത്തി കൃഷി നശിപ്പിക്കുന്നത് കൂടാതെ കാട്ടിലെ സര്‍വമൃഗങ്ങളും നാട്ടിലിറങ്ങി ആക്രമിക്കുന്നത് പതിവായി. കോരുത്തോട്, മുണ്ടക്കയം, പെരുവന്താനം പഞ്ചായത്തുകളിലായിരുന്നു കാട്ടാനകളുടെ വരവ്. അതും വല്ലപ്പോഴും മാത്രം. എന്നാല്‍, ഇന്നതെല്ലാം മാറി, കാട്ടാനക്കൂട്ടം നാട്ടില്‍ തന്നെ തമ്പടിക്കുകയാണ്.
കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി, കുഴിമാവ്, പെരുവന്താനം പഞ്ചായത്തിലെ മൂഴിക്കല്‍, മുണ്ടക്കയം പഞ്ചായത്തിലെ പുഞ്ചവയല്‍ പ്രദേശങ്ങളിലായിരുന്നു കാട്ടാനക്കൂട്ടമെത്തി കൃഷി നശിപ്പിച്ചുകൊണ്ടിരുന്നത്. പിന്നീട് ആളുകള്‍ക്കുനേരെയും ആക്രമണമായി. മൂഴിക്കല്‍ മുക്കുഴിക്ക് സമീപം അയ്യപ്പഭക്തനെ കാട്ടാന കുത്തിക്കൊന്നിരുന്നു. പിന്നീട് മേഖലയില്‍ വ്യാപകമായി കാട്ടാന ശല്യമായി. കോരുത്തോട് ഭാഗത്ത് എട്ടോളം ആനക്കൂട്ടമാണ് സ്ഥിരമായി എത്തുന്നത്. അഴുതയാര്‍ മുറിച്ചുകടന്ന് കോരുത്തോട് മേഖലയിലെ കൃഷിടങ്ങളിലേക്കിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.
പട്ടാപ്പകല്‍പോലും ഒന്നിനുപിറകെ മറ്റൊന്നായി എത്തുന്ന കൗതുക കാഴ്ച ആസ്വദിക്കാന്‍ കോരുത്തോടിനു പുറത്തുനിന്നും പോലും ആളുകളെത്തുമ്പോഴും കര്‍ഷകെൻറ നെഞ്ചിടിപ്പ് മാറ്റാന്‍ അധികാരികള്‍ കാര്യമായി ഒന്നും ചെയ്തില്ല. 26ഓളം കാട്ടാനകളാണ് മേഖലയില്‍ ഇപ്പോൾ തമ്പടിച്ചിരിക്കുന്നത്. പെരുവന്താനം പഞ്ചായത്തിലെ മതമ്പ, ചെന്നാപ്പാറ, ഇ.ഡി.കെ, കടമാങ്കുളം പ്രദേശങ്ങളിൽ ജനവാസകേന്ദ്രങ്ങളിലൂടെ കാട്ടാനക്കൂട്ടം മേഞ്ഞുനടക്കുകയാണിപ്പോഴും. കടുവയുടെ ശബ്ദം ഉച്ചഭാഷിണിയിലൂടെ കേള്‍പ്പിച്ചിട്ടും ഇടം വിട്ടുപോകാന്‍ തയാറായിട്ടില്ല. ഏറ്റവും ഒടുവില്‍ ചെന്നാപ്പാറ ഭാഗത്താണ് ആനക്കൂട്ടം നില്‍ക്കുന്നത് തോട്ടം തൊഴിലാളികള്‍ കണ്ടത്.
വീട്ടുമുറ്റത്ത് രാജവെമ്പാല
ചെന്നാപ്പാറയില്‍ വീട്ടുമുറ്റത്ത് രാജവെമ്പാലയെ കണ്ടതിെൻറ ചങ്കിടിപ്പ് ഇപ്പോഴും മാറിയിട്ടില്ല. ചെന്നാപ്പാറ ടോപ്പില്‍ റബര്‍മരത്തിന് മുകളിലാണ് തൊഴിലാളികള്‍ രാജവെമ്പാലയെ കണ്ടത്. മണിക്കൂറുകളുടെ ശ്രമഫലമായാണ് ഇതിനെ വനപാലകര്‍ക്ക് പിടികൂടാനായത്. പുലിയും ആനയും രാജവെമ്പാലയുമെല്ലാം 10 ദിവസത്തിനിടയാണ് മേഖലയില്‍ എത്തിയത്.
ഭീതി പരത്തി പുലിയും
ആനക്കു പിന്നാലെ പുലി നാട്ടിലെത്തിയതിെൻറ ഭീതി ജനങ്ങളിൽ വിട്ടൊഴിയുന്നില്ല. പെരുവന്താനം പഞ്ചായത്തിലെ ടി.ആര് ആൻഡ് ടി തോട്ടത്തിലാണ് പുലി സാന്നിധ്യം. ചെന്നാപ്പാറ ടോപ്പിലാണ് ആദ്യം പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നത്. ടാപ്പിങ് ജോലിക്ക് ഭാര്യയെ സഹായിക്കാന്‍ പോയ ആളാണ് പുലിയെ തൊട്ടടുത്ത് കണ്ടത്. സമീപത്ത് ജോലിചെയ്യുന്ന മറ്റുള്ളവരെയും കൂട്ടി ഓടിരക്ഷപ്പെടുകയായിരുന്നു. തൊട്ടടുത്ത ദിവസം എസ്റ്റേറ്റിലെ ഫീല്‍ഡ് ഓഫിസറുടെ ക്വാര്ട്ടേഴ്സിെൻറ തിണ്ണയില്‍ പുലിയെ കണ്ടവരുണ്ട്. പിന്നീട് കടമാങ്കുളം, ഇ.ഡി.കെ, ആനക്കുളം, ചെന്നാപ്പാറ താഴെ, ചെന്നാപ്പാറ ടോപ്, കുപ്പക്കയം എന്നിവിടങ്ങളിലും പുലിയെ കണ്ടതായി തൊഴിലാളികള്‍ പറയുന്നു. എന്നാൽ, പുലിയല്ല പൂച്ചപ്പുലിയാണെന്ന് വാദിക്കുകയാണ് വനപാലകര്‍.
കാട്ടുപന്നി, മലയണ്ണാൻ; ഒടുവിൽ കുറുനരിയും
കാട്ടുപന്നിയും മലയണ്ണാനുമെല്ലാം മേഖലയിലെ സ്ഥിരസന്ദർശകരാണ്. വഴിയോര യാത്രക്കാരെയും തൊഴിലാളികളെയും കാട്ടുപന്നി ആക്രമിക്കുന്നത് പുതുമയല്ലാതായി മാറി. ഇതിനെല്ലാം ഒടുവിലാണ് കുറുനരിയുടെ കടന്നുവരവ്. മേഖലയില്‍ കുറുനരി സജീവമാണെങ്കിലും മനുഷ്യനെ ആക്രമിക്കുന്നത് ആദ്യമാണ്.
വേലനിലത്ത് പഞ്ചായത്ത് അംഗത്തെ ആക്രമിച്ച കുറുനരിക്ക് പേവിഷബാധയുണ്ടെന്ന് കണ്ടെത്തിയതോടെ ജനം ഭീതിയിലായി. ഇതിനിടെ വെള്ളിയാഴ്ച വേലനിലത്തുതന്നെ വീണ്ടും കുറുനരി ആക്രമണം ഉണ്ടായി. വേലനിലം സീവ്യൂ കവല, കുറ്റിയാനിക്കല്‍ ജോസുകുട്ടിയെയാണ് (55) ആക്രമിച്ചത്. മേഖലയിൽ വന്യമൃഗങ്ങളെക്കൊണ്ടുള്ള ശല്യംമൂലം ജനം ദുരിതത്തിലാണ്. എന്നാല്‍, ഇതൊന്നും കണ്ടില്ലെന്ന അധികാരികളുടെ നടപടിയിൽ പ്രതിഷേധം ശക്തവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

