Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈക്കത്ത് ആര് തേര്...

വൈക്കത്ത് ആര് തേര് തെളിക്കും

text_fields
bookmark_border
വൈക്കത്ത് ആര് തേര് തെളിക്കും
cancel

വൈക്കം: എക്കാലത്തും ഇടതിനോടു ചേർന്നു നിൽക്കുന്ന വൈക്കം മണ്ഡലത്തിൽ ഇക്കുറി ചൂടേറിയ ത്രികോണ മത്സരമാണ് നടക്കുന്നത്. യു.ഡി.എഫിൽ കെ. ബിനിമോനും എൽ.ഡി.എഫിൽ പി. പ്രദീപും എൻ.ഡി.എയിൽ മുൻ എം.എൽ.എ കെ. അജിത്തുമാണ് സ്ഥാനാർഥികൾ. വൈക്കത്തിന് സുപരിചിതരാണ് മൂന്നു സ്ഥാനാർഥികളും. 1977 മുതൽ സംവരണ മണ്ഡലമാണ്. 1957ലെ ആദ്യ മത്സരത്തിൽ എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറിയായി പൊതുരംഗത്ത് നിറസാന്നിധ്യമായിരുന്ന കെ.ആർ. നാരായണനാണ് വിജയിച്ചത്.

കോൺഗ്രസിന്റെ ആദ്യ വിജയം. 1960ൽ പി.എസ്. ശ്രീനിവാസനിലൂടെ ഇടതുപക്ഷം മണ്ഡലം പിടിച്ചു. 1965ൽ കോൺഗ്രസിന്‍റെ പി. പരമേശ്വരനാണ് വിജയിച്ചത്. പിന്നീട് 1967, 1970, 1977, 1980, 1982, 1987 വർഷങ്ങളിൽ സി.പി.ഐയുടെ തേരോട്ടമായിരുന്നു. 1991ൽ നടന്ന തെരഞ്ഞെടുപ്പിൽ കെ.കെ. ബാലകൃഷ്ണനിലൂടെ മണ്ഡലം കോൺഗ്രസ് തിരിച്ചുപിടിച്ചെങ്കിലും 1996-1998, 2001, 2006, 2011, 2016, 2021 വർഷങ്ങളിൽ സി.പി.ഐ സ്ഥാനാർഥികൾക്കായിരുന്നു ജയം. വൈക്കം നഗരസഭ, കല്ലറ, വെച്ചൂർ, തലയാഴം, ടി.വി. പുരം, ഉദയനാപുരം, ചെമ്പ്, മറവൻതുരുത്ത്, തലയോലപ്പറമ്പ്, വെള്ളൂർ പഞ്ചായത്തുകൾ ചേരുന്നതാണ് നിയോജക മണ്ഡലം. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വെച്ചൂർ, തലയാഴം, ഉദയനാപുരം, ടി.വി.പുരം, മറവൻതുരുത്ത്, വെള്ളൂർ പഞ്ചായത്തുകൾ എൽ.ഡി.എഫ് പിടിച്ചെടുത്തു. വൈക്കം നഗരസഭ കല്ലറ, ചെമ്പ്, തലയോലപ്പറമ്പ് പഞ്ചായത്തുകളിൽ യു.ഡി.എഫ് ആണ് ഭരിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ മണ്ഡലത്തിൽ ആദ്യം കളത്തിലിറങ്ങിയത് പി. പ്രദീപാണ്.

തുടർച്ചയായി ഇടതിനെ പിന്തുണക്കുന്ന മണ്ഡലം ഇക്കുറിയും കൈവിടില്ല എന്ന വിശ്വാസത്തിൽ ആണ് എൽ.ഡി.എഫ്. എറെ ചർച്ചകൾക്കും അനിശ്ചിതത്വത്തിനും ശേഷമാണ് യു.ഡി.എഫ് സ്ഥാനാർഥി രംഗത്തുവന്നതും പ്രചരണം ആരംഭിച്ചതും. തലയാഴം മുൻ പഞ്ചായത്തു പ്രസിഡന്‍റ് എന്ന നിലയിലുള്ള ജനകീയത ബിനിമോന് തുണയാകും.

ബി.ഡി.ജെ.എസിൽ നിന്ന് ബി.ജെ.പി. ഏറ്റെടുത്ത മണ്ഡലമാണ് വൈക്കം. ബി.ജെ.പി.യിൽ ചേർന്ന് സ്ഥാനാർഥിയായി സ്വന്തം മണ്ഡലത്തിൽ തന്നെ മത്സരിക്കാൻ അവസരം ലഭിച്ചതിന്‍റെ ആഹ്ലാദത്തിലാണ് മുൻ എം.എൽ.എ കെ. അജിത്ത്.

പി. പ്രദീപ് (46 ) -എൽ.ഡി.എഫ്

എ.ഐ.വൈ.എഫിലൂടെയാണ് പൊതുരംഗത്ത് സജീവമാകുന്നത്. മെത്രാൻ കായൽ സമരം ഉൾപ്പെടെ നിരവധി യുവജന സമര പോരാട്ടങ്ങൾക്ക് നേതൃപരമായ പങ്കു വഹിച്ചിട്ടുണ്ട്. നിലവിൽ സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമാണ്. എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുമുണ്ട്.

വാഗ്ദാനം

1 . മണ്ഡലത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ കാഴ്ച വെക്കാൻ മുൻ എം.എൽ.എമാർക്ക് കഴിഞ്ഞിട്ടുണ്ട്. അവർ തുടങ്ങിവെച്ച പദ്ധതികൾ പൂർത്തീകരിക്കും.

2 . വികസനപദ്ധതികൾ നടപ്പാക്കും. വൈക്കത്തെ ടൂറിസം മേഖല വികസന സാധ്യതകൾ ആരായും.

3 . കർഷകരുടെ ദുരിതങ്ങൾക്ക് പരിഹാരം കാണും.

4 . പരമ്പരാഗത വ്യവസായങ്ങളായ കയർ -തഴപ്പായ്, കളിമൺ പാത്ര നിർമാണ മേഖലകളിൽ വികസനം കൊണ്ടുവരും.

5 . മണ്ഡലത്തിൽ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം കൊണ്ടുവരും.

ഭൂരിപക്ഷ പ്രതീക്ഷ

കൃത്യമായ ഭൂരിപക്ഷം പറയാനില്ല. വിജയം ഉറപ്പു തന്നെ.

കെ. ബിനിമോൻ (46) -യു.ഡി.എഫ്

തലയാഴം പഞ്ചായത്ത് മുൻ പ്രസിഡൻറും കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്. കഴിഞ്ഞ ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വൈക്കം ഡിവിഷനിൽ മത്സരിച്ചിരുന്നു. കെ.എസ്.യു. ജില്ല സെക്രട്ടറി, എം.ജി. സർവകലാശാല യൂനിയൻ കൗൺസിലർ എന്നീ പദവികൾ വഹിച്ചു. കോൺഗ്രസ് വൈക്കം ബ്ലോക്ക് ജനറൽ സെക്രട്ടറിയാണ്.

വാഗ്ദാനം

1 . മുടങ്ങിക്കിടക്കുന്ന ഒട്ടേറെ പദ്ധതികൾ വൈക്കത്തുണ്ട്. ഇവ പുനരുജ്ജീവിപ്പിക്കാൻ നടപടി സ്വീകരിക്കും.

2. കാർഷിക മേഖലയിൽ ഒട്ടേറെ പ്രതിസന്ധികൾ നിലവിലുണ്ട്. അവ പരിഹരിക്കാൻ ശ്രമിക്കും.

3 . വൈക്കത്തെ ടൂറിസം മേഖലയുടെ വളർച്ചക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കും.

4. വൈക്കത്തിന്റെ വികസന പദ്ധതികൾ എല്ലാവരുമായി കൂടിയാലോചിച്ച് നടപ്പാക്കും.

ഭൂരിപക്ഷ പ്രതീക്ഷ

ഇക്കുറി മണ്ഡലം യു.ഡി.എഫിന് അനുകൂലമായി ചിന്തിക്കും. ഇടതുമുന്നണിയിൽ ചില മേഖലകളിലെ ഭിന്നത യു.ഡി.എഫിനുള്ള വോട്ടാവും.

കെ. അജിത്ത് (54) -എൻ.ഡി.എ

2006, 2011 വർഷങ്ങളിൽ വൈക്കത്തെ സി.പി.ഐ എം.എൽ.എ ആയിരുന്നു. 40 വർഷം സി.പി.ഐയിലായിരുന്ന ഇദ്ദേഹം അടുത്തിടെയാണ് ബി.ജെ.പിയിൽ ചേർന്നത്. സിപിഐ വൈക്കം മണ്ഡലം കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയായും ജില്ല കൗൺസിൽ അംഗമായും പ്രവർത്തിച്ചുവരികയായിരുന്നു.

വാഗ്ദാനം

1 . കൊച്ചി മെട്രോ വൈക്കത്തേക്ക് നീട്ടാൻ നടപടി സ്വീകരിക്കും.

2 . വൈക്കം മഹാദേവ ക്ഷേത്രത്തെ ടൂറിസം ഹബ്ബാക്കി മാറ്റും. വേമ്പനാട്ടുകായലിൽ വിവേകാനന്ദ പാറ പോലെ കായലിൽ നടരാജവിഗ്രഹം സ്ഥാപിച്ച് ടൂറിസം കേന്ദ്രമാക്കും.

3. മത്സ്യ-കാർഷിക മേഖലയുടെ സമഗ്ര വികസനത്തിന് പദ്ധതികൾക്ക് രൂപം നൽകും.

4. കായൽ ജലം ശുദ്ധീകരിച്ച കുടിവെള്ളക്ഷാമം പരിഹരിക്കും.

5 . വിവര സാങ്കേതിക സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിന് തുടക്കം കുറിക്കും

ഭൂരിപക്ഷ പ്രതീക്ഷ

സൗഹൃദങ്ങളും ബന്ധങ്ങളും വോട്ടാവും. കൃത്യമായ ഭൂരിപക്ഷത്തോടെ ജയിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:localnewsKottayamKerala Assembly Election 2026
News Summary - Who will drive the chariot in Vaikom
Next Story