കൊറിക്കാൻ ഉപ്പേരിയില്ലാതെ എന്ത് സദ്യ
text_fieldsഓണമടുത്തതോടെ വിൽപനക്കായി ചിപ്സ് വറുത്തുകോരുന്ന തൊഴിലാളി. ചുങ്കം കവലയിലെ ബേക്കറിയിൽനിന്ന്
കോട്ടയം: നേന്ത്രക്കായ കീറി തിളച്ചുമറിയുന്ന എണ്ണയില്‍ മൂക്കുമ്പോളൊരു മണംപടരും, ഓണക്കാലത്തിന്റെ വരവറിയിച്ച്. സ്വാദിഷ്ടമായ സദ്യക്കൊപ്പം അരികിലെ ഉപ്പേരി കൊറിച്ചാലേ മലയാളിക്ക് ഓണം സമ്പൂർണമാകൂ. ഓണക്കാലമെത്തിയതോടെ പലവിലയിൽ ചെറുതും വലുതുമായ പാക്കറ്റുകളിലുമായി എത്തിയ ഉപ്പേരികൾ വിപണി കീഴടക്കിക്കഴിഞ്ഞു. സീസണായാൽ ഏത്തക്കക്ക് വില കൂടുന്നതായിരുന്നു പതിവ്.
പതിവ് തെറ്റിച്ച് ഇക്കുറി കുതിച്ചുയർന്നത് വെളിച്ചെണ്ണ വിലയാണ്. അതോടെ ഉപ്പേരിയുടെ വിലയും കൂടി. വെളിച്ചെണ്ണ വില 400 കടന്നതോടെ മുൻവർഷങ്ങളിൽ 360 രൂപയായിരുന്ന കായ വറുത്തതിനും ശർക്കരവരട്ടിക്കും 460 ആയി വില. 700 രൂപയാണ് ഒരുകിലോ കായ ഉപ്പേരിയുടെ വില. ശർക്കരവരട്ടിക്ക് 800 രൂപയും. ഓണക്കാലത്തെ സ്പെഷൽ പലഹാരങ്ങളിൽ ഒന്നാണ് ചീട. ഉപ്പേരിയെ പോലെ പ്രധാന്യം ചീടക്കുമുണ്ട്.
വില്ലനായി മഴയും വിലക്കയറ്റവും
ഏത്തക്കയുടെ വിലയിടിവ് ഇത്തവണ കർഷകർക്ക് ഓണം മധുരിക്കാനുമിടയില്ല. എണ്ണക്കും ഉപ്പേരിക്കും വില കൂടിയതിന്റെ നേട്ടം കച്ചവടക്കാര്‍ക്ക് മാത്രമാണ്. ഓണവിപണി ലക്ഷ്യമിട്ട് ഭൂമി പാട്ടത്തിനെടുത്തും കടംവാങ്ങിയും വാഴകൃഷി നടത്തിയ കര്‍ഷകര്‍ക്ക് ഇക്കൊല്ലം ഒരു നേട്ടവുമില്ല. മഴയിലും കാറ്റിലും ജില്ലയിലെ വിവിധയിടങ്ങളിലെ കർഷകർക്കുണ്ടായ നഷ്ടം നികത്താനാകാത്തതാണ്. എണ്ണവില കയറിയതോടെ ഉപ്പേരിയുടെ വില 500 കടക്കാതിരിക്കാന്‍ കച്ചവടക്കാരുടെ തന്ത്രമാണ് ഏത്തക്കായ വില ഇടിയാൻ കാരണം. പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നും വിലകുറഞ്ഞ ഉപ്പേരിയെത്തിച്ച് വിറ്റുലാഭമുണ്ടാക്കുന്ന കച്ചവടക്കാരുമുണ്ട്. സൂര്യകാന്തി, പാംഓയില്‍ എന്നിവയില്‍ ഉപ്പേരി തയാറാക്കിയശേഷം വെളിച്ചെണ്ണയില്‍ വറുത്തതാണെന്ന വ്യാജേന വിറ്റ് ലാഭമുണ്ടാക്കുന്നവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

