വെള്ളക്കെട്ട് ഒഴിയാതെ ജില്ലയിലെ പടിഞ്ഞാറൻ മേഖല
text_fieldsകോട്ടയം: ജില്ലയിൽ മഴക്ക് താൽക്കാലിക ശമനമായെങ്കിലും പടിഞ്ഞാറൻമേഖല ഇപ്പോഴും വെള്ളത്തിൽനിന്ന് കരകയറിയില്ല. മുൻവർഷങ്ങളിൽ വെള്ളം ഇറങ്ങിപ്പോയിരുന്നെങ്കിൽ ഇപ്പോൾ ആഴ്ചകളോളം വെള്ളം നിൽക്കുന്നു എന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു.
എന്നാൽ, തീവ്രമായ മഴ ഇവിടങ്ങളിൽ പെയ്യുന്നുമില്ല. രണ്ടു ദിവസം മഴ പെയ്താൽ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളം കയറും. പണ്ട് വർഷത്തിലൊരിക്കൽ ഉണ്ടായിരുന്ന വെള്ളപ്പൊക്കം ഇപ്പോൾ അടിക്കടിയാണ്. ഇത്തവണ മൂന്നുതവണ വെള്ളം കയറി ജനങ്ങൾക്ക് വീടുകളൊഴിയേണ്ടി വന്നു. ഒരു മാസമായി വെള്ളം നിൽക്കുന്ന വീടുകളുമുണ്ട്. 2018ലെ പ്രളയകാലത്തെ ഇത്തരം അവസ്ഥ ഉണ്ടായിട്ടുള്ളൂ എന്നാണ് ഇവിടത്തുകാർ പറയുന്നത്.
പുതിയ വീടുകളും റോഡുകളും ഉയർത്തിപ്പണിതപ്പോൾ വെള്ളപ്പൊക്കഭീഷണി ശക്തമല്ലാതിരുന്ന പഴയകാലത്ത് പണിത വേണ്ടത്ര കെട്ടുറപ്പില്ലാത്ത തറപ്പൊക്കം കുറഞ്ഞ വീടുകളിൽ കഴിയുന്ന സാധാരണക്കാരാണ് ദുരിതത്തിലായത്. ഇവരുടെ വീടുകൾക്കുള്ളിൽനിന്ന് വെള്ളം ഒഴിഞ്ഞുപോകുന്നില്ല.
നിരന്തരമുള്ള വെള്ളപ്പൊക്കം കാരണം പല വീടുകളും തകർച്ചയുടെ വക്കിലാണ്. കാലവർഷം അവസാനിച്ചിട്ടില്ലാത്തതിനാൽ ഇനിയെത്ര വെള്ളപ്പൊക്കം വരും, അടുത്തവർഷം എന്തുചെയ്യും, ജീവിതം, തൊഴിൽ, കുട്ടികളുടെ പഠനം തുടങ്ങി പടിഞ്ഞാറൻ നിവാസികളുടെ ഉള്ളിൽ ചോദ്യങ്ങൾ ഏറെയാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ വേമ്പനാട്ടുകായലിനോട് ചേർന്ന് കിടക്കുന്ന താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർക്ക് തങ്ങളുടെ വാസസ്ഥലങ്ങൾ ഉപേക്ഷിച്ച് എവിടേക്ക് എന്നറിയാതെ പലായനം ചെയ്യേണ്ടി വരുമെന്ന ആശങ്കയാണ് വിദഗ്ധർ പങ്കുവെക്കുന്നത്. പ്രശ്നത്തിൽ ഗൗരവമായി ഇടപെടാതെ കാലാവസ്ഥ മാറ്റത്തെയും തീവ്രമഴയെയും കുറ്റപ്പെടുത്തി മാറിനിൽക്കുകയാണ് അധികൃതർ.
തോടുകളും വയലുകളും നികത്തി
ആർപ്പൂക്കര, അയ്മനം, തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലൂടെ പടിഞ്ഞാറേക്ക് ഒഴുകുന്ന നിരവധി കൈവഴികളെ ബന്ധിപ്പിച്ചുണ്ടായിരുന്ന തോടുകളും വയലുകളിലെ കൈത്തോടുകളും എക്കൽമൂടി കിടക്കുകയാണ്. പ്രളയകാലത്ത് വെള്ളമൊഴുകി മാറേണ്ട വയലുകളും ചതുപ്പുകളും മണ്ണിട്ട് നികത്തി പുരയിടങ്ങളാക്കി. പുരയിടങ്ങൾക്കിടയിലൂടെ ഒഴുകിയിരുന്ന ചെറുതോടുകൾ നികത്തി റോഡാക്കി. പാടശേഖരങ്ങൾക്ക് കുറുകെ പുതിയ റോഡുകൾ വേണ്ടത്ര പാലങ്ങളും കലുങ്കുകളുമില്ലാതെ പണിതിരിക്കുന്നത് നീരൊഴുക്കിനെ തടസ്സപ്പെടുത്തുന്നു.
വെള്ളമെടുക്കാതെ കായൽ
വേമ്പനാട്ടുകായൽ നദീജലത്തെ സ്വീകരിക്കുന്നില്ല. കായലിലെ ജലവാഹകശേഷി കുറഞ്ഞിരിക്കുന്നു. 30 മീറ്റർ ആഴമുണ്ടായിരുന്ന പലയിടങ്ങളിലും മൂന്ന് മീറ്ററോളമായി മാറി. ആഗോളതാപനത്തിന്റെ ഭാഗമായി കടലിലെ ജലനിരപ്പ് വർധിച്ചുകൊണ്ടിരിക്കുന്നത് വസ്തുതയാണെങ്കിലും ഈ പ്രതിഭാസം വെള്ളക്കെട്ടിനെ കാര്യമായി ബാധിക്കുന്നില്ല. കായലിന്റെ ആഴം വർധിപ്പിക്കുക എന്നതു മാത്രമാണ് പോംവഴി.
മുങ്ങില്ല; ഈ തെർമോകോൾ വള്ളം
കോട്ടയം: വീട് വെള്ളത്തിലായതോടെ കുമരകം മാവിലശ്ശേരി രാജുവിന്റെ സഞ്ചാരം തെർമോകോൾ കൊണ്ടുണ്ടാക്കിയ വള്ളത്തിലാണ്. വീടിന് പുറത്തിറങ്ങണമെങ്കിൽ വള്ളം വേണം. ഫൈബർ വള്ളം വാങ്ങാൻ ചെലവേറെയായതിനാൽ രാജു സ്വന്തം വഴി നോക്കി.
ആവശ്യമില്ലാതെ വലിച്ചെറിയുന്ന തെർമോകോളും കവുങ്ങിൻവാരിയും കെട്ടിയുറപ്പിക്കാനുള്ള പ്ലാസ്റ്റിക് വള്ളികളുമല്ലാതെ മറ്റ് ചെലവുകളില്ല. തെർമോകോൾ ആയതിനാൽ മുങ്ങുമെന്ന ഭീതിയില്ല. വീട്ടിലെ ആവശ്യങ്ങൾക്ക് വിശ്വസിച്ച് ഉപയോഗിക്കാമെന്ന് രാജു പറയുന്നു. അഞ്ചുപേർക്കുവരെ വള്ളത്തിൽ കയറാം. വർഷങ്ങൾക്കുമുമ്പ് ഇത്തരത്തിൽ വള്ളം നിർമിച്ചിരുന്നു. മൂന്നുവർഷം അതുപയോഗിച്ചു. കേടായതോടെ ഉപേക്ഷിച്ച് പുതിയത് നിർമിക്കുകയായിരുന്നു മേസ്തിരിപ്പണിക്കാരനായ രാജു. ഇതുപോലൊരു വള്ളം നിർമിച്ച കൊടുക്കണമെന്ന് ആവശ്യപ്പെട്ട് പലരും രാജുവിനെ സമീപിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

