മുണ്ടക്കയം ബൈപാസിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു
text_fieldsമുണ്ടക്കയം ബൈപാസിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ ലക്ഷ്യമിട്ട് നടത്തുന്ന നിർമാണജോലികളുടെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിക്കുന്നു
മുണ്ടക്കയം: മഴക്കാലത്ത് ദുരിതം തീർക്കുന്ന മുണ്ടക്കയം ബൈപാസിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു. ബൈപാസ് തുറന്നുനൽകിയ നാൾ മുതൽ മഴക്കാലത്ത് യാത്രക്കാരും പൊതുജനങ്ങളും അനുഭവിച്ചിരുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണാനുള്ള നടപടികളാണ് ആരംഭിക്കുന്നത്. മഴവെള്ളത്തിന്റെ ഒഴുക്ക് ബൈപാസ് നിർമാണത്തോടെ തടസ്സപ്പെട്ടതാണ് വെള്ളക്കെട്ടിന് കാരണമായത്. ബൈപാസ് നിർമിച്ചപ്പോൾ മണിമലയാറിനോട് ചേർന്ന് റോഡിനേക്കാൾ ഉയർത്തിയാണ് ഫുട്പാത്ത് നിർമിച്ചത്. ഇതോടെ മുകൾഭാഗങ്ങളിൽനിന്ന് ബൈപാസിലേക്ക് ഒഴുകിയെത്തുന്ന വെള്ളം മണിമലയാറ്റിലേക്ക് പോകാത്ത സ്ഥിതിയാണ്. ഇതുമൂലം വെള്ളക്കെട്ട് സ്ഥിരമായി. മഴക്കാലത്ത് വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. ഓടയോ കലുങ്കോ ഇല്ലാതിരുന്നതും വെള്ളക്കെട്ടിന്റെ രൂക്ഷത വർധിപ്പിച്ചു.
പ്രശ്നത്തിൽ ഇടപെട്ട അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. ഇവർ നടത്തിയ പഠനത്തിൽ 200 മീറ്ററോളം ദൂരത്തിൽ പുതിയ കലുങ്കും ഒപ്പം നിലവിലുള്ളവ നവീകരിച്ചും പ്രശ്നത്തിന് പരിഹാരം കാണൻ കഴിയുമെന്ന് റിപ്പോർട്ട് നൽകി. ഇതിലൂടെ ബൈപാസിലേക്ക് ഒഴുകിയെത്തുന്ന മുഴുവൻ വെള്ളവും മണിമലയാറ്റിലേക്ക് എത്തിക്കാൻ കഴിയും. ഇതിനായി തയാറാക്കിയ പദ്ധതിക്ക് 17.5 ലക്ഷത്തിന്റെ ഭരണാനുമതിയും ലഭ്യമായി. ഇതിന്റെ തുടർച്ചയായി ശനിയാഴ്ച മുതൽ നിർമാണജോലികൾക്ക് തുടക്കമായി.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം പി.ആർ. അനുപമ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.കെ. പ്രദീപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലമ്മ ഡൊമിനിക്, പഞ്ചായത്ത് മെംബർ ലിസി ജിജി, സി.വി. അനിൽകുമാർ, കെ.ടി. റെയ്ച്ചൽ, സുലോചന സുരേഷ്, പ്രസന്ന ഷിബു, ഷിജി ഷാജി, സി.വി. അനിൽകുമാർ, ബിൻസി മാനുവൽ, രാഷ്ട്രീയ കക്ഷി നേതാക്കളും പൊതുപ്രവർത്തകരും എന്നിവർ സംസാരിച്ചു. ഒരുമാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിച്ച് വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

