ജില്ല ആയുർവേദ ആശുപത്രിയിൽ ശുദ്ധജലക്ഷാമം
text_fieldsകോട്ടയം: നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ജില്ല ആയുർവേദ ആശുപത്രിയിലെ ശുദ്ധജലക്ഷാമത്തിന് ഇതുവരെ പരിഹാരമായില്ല. കഴിഞ്ഞദിവസം രാത്രിയിലും ആശുപത്രിയിൽ പ്രശ്നങ്ങളുണ്ടായി. ശുദ്ധജല ക്ഷാമം രൂക്ഷമായതിനാൽ പല ചികിൽസകളും മുടങ്ങുന്ന അവസ്ഥയുമാണ്.
ജല അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളത്തിൽ കുറവ് വന്നതാണ് കാരണമായി ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ആശുപത്രിയിലെ പൈപ്പുകളുടെ തകരാറും ആശുപത്രി കോമ്പൗണ്ടിലെ സംഭരണ ടാങ്കിന്റെ കാലപ്പഴക്കവും വിള്ളലും ജലം നഷ്ടപ്പെടുത്തുന്നതായാണ് ജല അതോറിറ്റിയുടെ വാദം. പൈപ്പുകളിലെ തകരാർ കാരണം ആശുപത്രിയിലെ മൂന്നാം നിലയിലേക്കു വെള്ളമെത്താത്ത സാഹചര്യമാണുള്ളത്.
ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലാണ് ശുദ്ധജലക്ഷാമം രൂക്ഷമെന്ന് രോഗികളുൾപ്പെടെ ആശുപത്രി വൃത്തങ്ങൾ പറയുന്നു. ഈ ചൊവ്വാഴ്ചയും അത്തരത്തിലുള്ള പ്രശ്നമുണ്ടായതായി അവർ കൂട്ടിച്ചേർത്തു. മാസം 1.7 ലക്ഷം രൂപ ബിൽ ഇനത്തിൽ ആയുർവേദ ആശുപത്രി ജലഅതോറിറ്റിക്ക് അടക്കുന്നുണ്ട്.
അതിനു പുറമേ ശുദ്ധജലക്ഷാമം നേരിടുന്ന ദിവസങ്ങളിൽ ആറ് ലോഡ് വെള്ളം വരെ പുറത്തു നിന്നും വാങ്ങുന്നുമുണ്ട്. 1200 രൂപയാണ് ഒരു ലോഡ് വെള്ളത്തിനു നൽകുന്നത്. ആശുപത്രിയിലേക്ക് എത്തുന്ന വെള്ളം പരിസരത്തെ ജില്ല ആയുഷ് മിഷൻ, ജില്ല ആയുർവേദ മെഡിക്കൽ ഓഫീസ് കാര്യാലയം എന്നിവിടങ്ങളിലേക്കും നൽകണം.
70 കിടപ്പുരോഗികളെ പാർപ്പിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. സ്ഥിരമായി 55 മുതൽ 60 വരെ കിടപ്പുരോഗികൾ ഇവിടെ ചികിൽസയിലുണ്ട്. ചികിത്സയുടെ ഭാഗമായി ഇവർക്കു ചെറു ചൂടുവെള്ളത്തിലാണ് കുളി. കൂടാതെ കഷായ നിർമാണത്തിനും വെള്ളം വേണം.
രോഗികളെല്ലാം ആവശ്യമായ വെള്ളം അവർ കിടക്കുന്ന സ്ഥലത്തിന് സമീപം ശേഖരിച്ച് സൂക്ഷിക്കുന്ന അവസ്ഥയാണുള്ളത്. വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ആശുപത്രി അധികൃതരും നിർദ്ദേശം നൽകിയിട്ടുണ്ട്.
രണ്ട് ബക്കറ്റ് വെള്ളമാണ് രോഗിക്കും കൂട്ടിരിപ്പുകാർക്കും ലഭിക്കുന്നതെന്നും അതുപയോഗിച്ചാണ് ഓരോ ദിവസവും തള്ളിനീക്കുന്നതെന്നും രോഗികളും കൂട്ടിരുപ്പുകാരും പരാതിപ്പെടുന്നു. ജില്ല പഞ്ചായത്തിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ ജില്ല ആശുപത്രിയിലെ ജലവിതരണത്തിന് പണം അമിതമായി ചെലവിടുന്നതായ പരാമർശവുമുണ്ട്. ജലവിതരണത്തിനു സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്നും റിപ്പോർട്ടിലുണ്ട്.
ആ സാഹചര്യത്തിൽ ആശുപത്രിയിലെ ശുദ്ധജല ക്ഷാമത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതർ ജില്ല പഞ്ചായത്തിനും ജില്ല ആയുർവേദ മെഡിക്കൽ ഓഫിസർക്കും കത്ത് നൽകിയിരുന്നു. എന്നാൽ കത്തുകൾ ചുവപ്പുനാടയിൽ കുടുങ്ങിയ അവസ്ഥയിലാണ്.ജലക്ഷാമം മൂലം ചികിൽസ മുടങ്ങുന്നത് പതിവാണെന്ന് ആശുപത്രി അധികൃതർ തന്നെ സമ്മതിക്കുന്നു.
ആശുപത്രിയിൽ മതിയായ ജീവനക്കാരില്ലെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് ശുദ്ധജലക്ഷാമവും ആശുപത്രി പ്രവർത്തനത്തെ താളം തെറ്റിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

