അയ്മനത്ത് ആമ്പൽ ടൂറിസം ഫെസ്റ്റിന് തുടക്കം
text_fieldsഅയ്മനം പുത്തൂക്കരിയിൽ ആമ്പൽവസന്തം കനാൽ ടൂറിസം ഫെസ്റ്റ് ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ. വാസവൻ വള്ളത്തിൽ പാടശേഖരത്തിലൂടെ യാത്ര ചെയ്യുന്നു
അയ്മനം: പുത്തൂക്കരിയിൽ ആമ്പൽവസന്തം കനാൽ ടൂറിസം ഫെസ്റ്റിന് തുടക്കം. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ടൂറിസം ഫെസ്റ്റ് പുത്തൂക്കരി പാഠശേഖരത്തിന് സമീപം നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. അയ്മനത്തും കുമരകം പോലെ ഒട്ടേറെ ടൂറിസം വികസനസാധ്യതകളുണ്ടെന്ന് മന്ത്രി പറഞ്ഞു.
വൈവിധ്യങ്ങളായ പ്രവർത്തനങ്ങളിലൂടെ വിനോദസഞ്ചാരികളെ ആകർഷിക്കാനാകും. അതിനുള്ള തുടക്കമാണ് ആമ്പൽ വസന്തം ടൂറിസം ഫെസ്റ്റ്. അയ്മനം പഞ്ചായത്തിൽ വാട്ടർ തീം പാർക്ക് നിർമിക്കുന്നതുസംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്ഘാടനത്തിന് മുന്നോടിയായി മന്ത്രി വി.എൻ. വാസവൻ വള്ളത്തിൽ സഞ്ചരിച്ച് ആമ്പൽപാടത്തിന്റെ ഭംഗി ആസ്വദിച്ചു. ഗ്രാമപ്പഞ്ചായത്തംഗം കെ.എം. മേരിക്കുട്ടി അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കൺവീനർ ബി.ജെ. ലിജീഷ്, ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.കെ. ആലിച്ചൻ, കുടമാളൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.എൻ. ബാലചന്ദ്രൻ, അയ്മനം സർവിസ് സഹകരണബാങ്ക് മുൻ പ്രസിഡന്റ് കെ.കെ. ഭാനു എന്നിവർ സംസാരിച്ചു.
ഉത്തരവാദിത്വ ടൂറിസം മിഷൻ, പുത്തൂക്കരി പാടശേഖര സമിതി, അരങ്ങ് സാംസ്കാരിക വേദി, ഐക്യവേദി റസിഡന്റ്സ് അസോസിയേഷൻ, പുത്തൂക്കരി റസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ അയ്മനം പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ടൂറിസം ഫെസ്റ്റ് നടത്തുന്നത്. ഞായറാഴ്ച വരെ രാവിലെ ആറുമുതൽ 10 വരെ നടക്കുന്ന ഫെസ്റ്റിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ, ആമ്പൽ ജലയാത്ര, നാടൻ ഭക്ഷ്യമേള, റീൽസ്-ഫോട്ടോ ഷൂട്ട് മത്സരങ്ങൾ എന്നിവ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

