പൂത്തുക്കരിയിൽ ആമ്പൽ വസന്തം
text_fieldsഅയ്മനം പഞ്ചായത്തിലെ പുത്തൂക്കരി പാടശേഖരത്തിലെ ആമ്പൽ വസന്തം
അയ്മനം: പൂത്തുക്കരി പാടത്തിൽ ഇനി ആമ്പൽ വസന്തം. അയ്മനം ഗ്രാമ പഞ്ചായത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായാണ് പഞ്ചായത്തിലെ രണ്ടാം വാർഡിലെ പുത്തൂക്കരി പാടത്തിൽ ‘ആമ്പൽ വസന്തം’ എന്ന പേരിൽ കനാൽ ടൂറിസം ഫെസ്റ്റ് ഒരുക്കുന്നത്. സഞ്ചാരികളെ ആകർഷിച്ചുകൊണ്ട് പുത്തൂക്കരി പാടശേഖരം ആമ്പൽ പൂപ്പാടമായി കഴിഞ്ഞു.
ആമ്പൽപ്പാടം കാണാൻ സ്വദേശികളും വിദേശികളും അടക്കം നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. സഞ്ചാരികളുടെ ഈ വരവ് ആഘോഷമാക്കാനാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്. ഈ മാസം 12,13,14 തിയതികളിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പഞ്ചായത്തിനൊപ്പം അരങ്ങ് സാംസ്കാരിക സംഘടനയും റസിഡന്റ്സ് അസോസിയേഷനുകളും പങ്കാളിയാകും.
നാടൻ കലാ കായിക മത്സരങ്ങൾ, ആമ്പൽ ജലയാത്ര, അയ്മനത്തെ കനാൽ കായൽ യാത്ര, കുട്ടവഞ്ചി, ശിക്കാരി വള്ളയാത്ര, നാടൻ ഭക്ഷ്യമേള, രുചിക്കൂട്ട്, പാചക മത്സരം വലവീശൽ, ചൂണ്ടയിടീൽ, ഓല മെടയൽ, എട്ടുകളി, പകിടകളി മത്സരങ്ങൾ റീൽസ്, ഫോട്ടോ ഷൂട്ട് മത്സരം എന്നിവയാണ് സംഘടിപ്പിക്കുന്നത്. മൂന്നു ദിവസവും രാവിലെ ആറു മുതൽ 10 വരെയാണ് മത്സരം. 13 ന് രാവിലെ ഒമ്പതിന് മന്ത്രി വി.എൻ വാസവൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.
ഇവിടെ എത്തുന്നവർക്ക് ചെറുവള്ളങ്ങളിൽ പാടത്തിൽ പോയി ആമ്പൽ സൗന്ദര്യവും ഗ്രാമീണ കാനൽ ഭംഗിയും ആസ്വദിക്കാം. ഉദ്ഘാടന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് അടക്കമുള്ള ജനപ്രതിനിധികൾ പങ്കെടുക്കും. അയ്മനത്തെ കനാലുകളിലൂടെ വേമ്പനാട് കായലിലേക്കുള്ള ജലയാത്ര സംഘടിപ്പിക്കുക എന്നത് പ്രധാന ലക്ഷ്യമാണെന്ന് പ്രധാന സംഘാടകരിലൊരാളായ അയ്മനം സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ലിജീഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

