നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ ‘വെള്ളംകളി’
text_fieldsനാഗമ്പടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ മേൽക്കൂര ചോർന്നൊലിക്കുന്നിടത്ത് നിരത്തിവെച്ചിരിക്കുന്ന ബക്കറ്റുകളും പ്ലാസ്റ്റിക് തൊട്ടിയും തലയണകളും
കോട്ടയം: നിരത്തിവെച്ച ബക്കറ്റുകൾ, വെള്ളം വലിച്ചെടുക്കാൻ ഇട്ടിരിക്കുന്ന തലയണകൾ, വെള്ളത്തിൽ തെന്നിവീഴുന്ന മത്സരാർഥികൾ...അന്താരാഷ്ട്ര മത്സരങ്ങൾക്കു വേദിയാകുന്ന നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിലെ കാഴ്ചയാണിത്. സ്പോർട്സ് കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള സ്റ്റേഡിയത്തിന്റെ മേൽക്കൂര വ്യാപകമായി ചോർന്നൊലിച്ച് വെള്ളം മുഴുവൻ അകത്താണ്. സ്റ്റേഡിയത്തിൽ നടുവിൽ സംസ്ഥാന കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പും നടക്കുന്നുണ്ട്.
ഒന്നും രണ്ടുമല്ല, പതിനഞ്ചോളം ബക്കറ്റുകളും പ്ലാസ്റ്റിക് തൊട്ടികളുമാണ് വെള്ളത്തിൽനിന്ന് രക്ഷപ്പെടാൻ വെച്ചിട്ടുള്ളത്. ഇത് വലിയ ചോർച്ചയുള്ളിടത്തുമാത്രം. ചെറിയ ചോർച്ചയുള്ളിടത്ത് വെള്ളം തറയിൽ തന്നെ. കഴിഞ്ഞ ദിവസം ചാമ്പ്യൻഷിപ് ഒരുക്കങ്ങൾക്കെത്തിയ സംഘാടകർ കണ്ടത് നനഞ്ഞ് വെള്ളം കെട്ടിനിൽക്കുന്ന സ്റ്റേഡിയമാണ്. വെള്ളം തുടച്ചുകളഞ്ഞ് അവർ തന്നെയാണ് ബക്കറ്റ് നിരത്തിവെച്ചത്. തടികൊണ്ടുള്ള തറ നനയാതിരിക്കാൻ ടാർപായയും വിരിച്ചിട്ടു. എന്നാലും പുറത്ത് മഴ പെയ്യുമ്പോൾ അകത്തും വെള്ളമാണ്.
സ്റ്റേഡിയം ചോർന്നൊലിക്കുന്നതായി ഏറെക്കാലമായി പരിശീലകർ പരാതിപ്പെടുന്നുണ്ട്. കളിക്കിടെ വഴുതി വീഴുന്നതും പതിവായിരുന്നു. ദേശീയ മത്സരങ്ങള്‍ നടത്താന്‍ കഴിയുന്ന രീതിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ നിര്‍മിച്ചതാണ് നാഗമ്പടം ഇന്‍ഡോര്‍ സ്റ്റേഡിയം. വാഹനങ്ങളുടെ പേ ആൻഡ് പാര്‍ക്കിങ്ങും വാടകക്കു നല്‍കലും മാത്രമാണ് ഇവിടെ കൃത്യമായി നടക്കുന്നതെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

