കുമരകത്തെ തോടുകളിൽ പോളശല്യം രൂക്ഷം
text_fieldsപോളനിറഞ്ഞ കുമരകത്തെ തോട്
കുമരകം: കുമരകത്തെ തോടുകളിൽ പോളശല്യം രൂക്ഷം, പലയിടങ്ങളിലും ജലഗാഗതം നിലച്ചു. തൊഴിലാളികളും ഇതുമൂലം കഷ്ടപ്പെടുകയാണ്. ലോക ടൂറിസം ഭൂപടത്തിൽ നിർണായക സ്ഥാനമുള്ള കുമരകത്തിന് പറയാനുള്ളത് നിരവധി ശോചനീയ കഥകളാണ്. മേഖലയിലെ ജനജീവിതത്തെ സാരമായി ബാധിക്കുന്ന നിലക്കാണ് കാര്യങ്ങൾ. കുമരകത്തെ മിക്ക തോടും പോള കയറി നശിച്ച അവസ്ഥയിലാണ്. ബോട്ടുകളും വള്ളങ്ങളും പോകാൻ കഴിയാത്ത നിലയിലാണ് പല തോടുകളും. അധികൃതരുടെ യാതൊരു ഇടപെടലും ഈ വിഷയത്തിലുണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ താഴ്ത്തിയതോടെ കുമരകത്തെ തോടുകളിലെ ഒഴുക്ക് നിലച്ചതിനാൽ അട്ടിപീടിക - കൊഞ്ചുമട തോട് പോള നിറഞ്ഞ് ഗതാഗതം നിലച്ചു. നിരവധി മത്സ്യ, കക്കവാരൽ തൊഴിലാളികളും കർഷകരും ഉപയോഗിച്ചുവന്ന ഈ തോട് ഇപ്പോൾ ഉപയോഗശൂന്യമാണ്.
വേമ്പനാട്ടുകായലിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ഇതോടെ ദുരിതത്തിലായി. ഈ തോടുകളിലൂടെയാണ് കക്കവാരാനും മത്സ്യബന്ധനത്തിനുമായുള്ള വള്ളങ്ങൾ വേമ്പനാട്ടുകായലിലേക്ക് ഇറക്കി കൊണ്ടിരിക്കുന്നത്. എന്നാൽ വള്ളങ്ങൾക്ക് ഈ തോട്ടിലൂടെ പോകാൻ കഴിയാത്ത അവസ്ഥയാണ്. ടൂറിസം സീസണായതിനാൽ വിനോദ സഞ്ചാരികളുമായി ചെറുവള്ളങ്ങൾ ഇത്തരം തോട്ടിലൂടെ കായലിലേക്ക് പോകുമായിരുന്നു. അതും തടസ്സപ്പെട്ടു.
അടിയന്തരമായി പോള നീക്കം ചെയ്ത് തോട് ഗതാഗതയോഗ്യമാക്കണമെന്നാണ് കൊഞ്ചുമടയിലെ നാട്ടുകാരുടെ ആവശ്യം. സമാന ആവശ്യമാണ് മറ്റ് തോടുകളുടെ അടുത്ത് താമസിക്കുന്നവരും ഉന്നയിക്കുന്നത്. പുതുതായി അധികാരത്തിലേറുന്ന ജനപ്രതിനിധികളുടെ മുന്നിലേക്ക് ഈ ആവശ്യമുന്നയിക്കാനുള്ള നീക്കത്തിലാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

