Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅറിയുമോ?, ഡോ. വിശാൽ,...

അറിയുമോ?, ഡോ. വിശാൽ, പാമ്പുപിടിത്തക്കാരനായി മാറിയ കഥ

text_fields
bookmark_border
Want to catch a snake? Call Dr. Vishal
cancel
camera_alt

പാ​മ്പി​നെ പി​ടി​കൂ​ടു​ന്ന വി​ശാ​ൽ, (ഇൻസൈറ്റിൽ ഡോ. വിശാൽ) 

Listen to this Article

കോട്ടയം: മാളം വിട്ടിറങ്ങുന്ന പാമ്പുകളെ പിടികൂടാൻ വനംവകുപ്പിന്‍റെ ശാസ്ത്രീയ പരിശീലനം നേടി രംഗത്തുള്ള സന്നദ്ധപ്രവർത്തകരിൽ ഡോക്ടറും. കോട്ടയം തിരുവാർപ്പ് സ്വദേശിയായ വിശാൽ സോണിയാണ് നാട്ടുകാരുടെ 'പാമ്പ് ഡോക്ടറായി' മാറിയത്. ആയുർവേദ ഡോക്ടറായ വിശാൽ ഒരുവർഷമായി പാമ്പ് പിടിക്കാൻ രംഗത്തുണ്ട്. കോട്ടയം നഗരത്തിലടക്കം ജനവാസകേന്ദ്രങ്ങളിൽ പാമ്പുകളെത്തിയാൽ ആദ്യംവിളിയെത്തുന്നവരിൽ ഒരാളാണിപ്പോൾ വിശാൽ.

പാമ്പുകളോടുള്ള പേടി മാറ്റാൻ ലക്ഷ്യമിട്ടാണ് വനംവകുപ്പ് പരിശീലനത്തിൽ പങ്കെടുത്തതെന്ന് വിശാൽ പറയുന്നു. പരിശീലനം പൂർത്തിയായതോടെ പാമ്പിനെ പിടിക്കാൻ കഴിയുമെന്നായി. നാട്ടുകാർക്ക് സഹായം കൂടിയാണല്ലോയെന്ന ചിന്തയോടെ രംഗത്ത് സജീവമാകുകയായിരുന്നു -വിശാൽ പറയുന്നു. ഇപ്പോഴും പാമ്പുകളോടുള്ള പേടി പൂർണമായി മാറിയിട്ടില്ല. അൽപം പേടി നല്ലതാണ്. ഇതുമൂലം കൂടുതൽ ശ്രദ്ധിക്കും. ചെറിയ അശ്രദ്ധയുണ്ടായാൽപോലും അപകടം സംഭവിക്കാം -അദ്ദേഹം പറയുന്നു.

കോട്ടയം തിരുവാർപ്പ് കാഞ്ഞിരക്കാട്ട് മഠത്തിൽ വിശാൽ ഇതുവരെ 32 പാമ്പുകളെയാണ് പിടികൂടി വനംവകുപ്പിന് കൈമാറിയത്. ഇതിൽ 11 പെരുമ്പാമ്പും പത്ത് മൂർഖനും ഉൾപ്പെടുന്നു. കോട്ടയം ജില്ലയിൽ വനംവകുപ്പിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശീലനത്തിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ആദ്യബാച്ചുകാരിൽ ഒരാളാണ് ഈ ഡോക്ടർ. സംസ്ഥാനതലത്തിലെ സന്നദ്ധപ്രവർത്തകരിൽ ഏക ഡോക്ടറും വിശാലാണെന്ന് സഹപ്രവർത്തകർ പറയുന്നു. സ്നേക് ഹുക്ക്, റെസ്ക്യൂ ബാഗ് എന്നിവ ഉപയോഗിച്ചാണ് പാമ്പുപിടിത്തം. കൂടുതലായി വനംവകുപ്പ് അറിയിക്കുന്നതനുസരിച്ചാണ് പാമ്പുകളെ പിടികൂടുന്നതെന്ന് വിശാൽ പറയുന്നു.

ഇപ്പോൾ നാട്ടുകാരടക്കം നേരിട്ട് വിളിക്കാറുണ്ട്. സാമൂഹികപ്രവർത്തനങ്ങളിലും സജീവമായ വിശാലിന്‍റെ പഠനം പന്തളം മന്നം ആയുർവേദ കോളജിലായിരുന്നു. വീട് കേന്ദ്രീകരിച്ച് ആയുർവേദ ചികിത്സയും നടത്തുന്നതിനൊപ്പം രക്തദാനമടക്കമുള്ള പ്രവർത്തനങ്ങളിലും സജീവമാണ്. നാട്ടുകാരെ ഭയത്തിലാഴ്ത്തുന്ന പാമ്പുകളെ പിടികൂടിക്കഴിയുമ്പോൾ അവരുടെ മുഖത്ത് തെളിയുന്ന ആശ്വാസവും സ്നേഹവും ഒരിക്കലും മറക്കാൻ കഴിയില്ലെന്നും വിശാൽ പറയുന്നു. മനുഷ്യവാസ കേന്ദ്രങ്ങളിലെത്തുന്ന പാമ്പുകളെ പിടികൂടുക, സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് അവയെ എത്തിക്കുക ലക്ഷ്യങ്ങളോടെയാണ് വനംവകുപ്പ് പരിശീലനം നൽകി സന്നദ്ധപ്രവർത്തകരെ സജ്ജമാക്കിയത്.

പാമ്പുകളുടെ സംരക്ഷണവും ബോധവത്കരണവും ലക്ഷ്യമിട്ട് വനംവകുപ്പ് രൂപംനൽകിയ സർപ്പ ആപ് (സ്‍നേക് അവ‍യർനസ് റെസ്ക്യൂ ആൻഡ് പ്രൊട്ട‍ക‍്ഷൻ ആപ്) ഉപയോഗിച്ചാണ് പ്രവർത്തനം. ആപ്പിൽ പരിശീലനം നേടിയവരുടെ നമ്പറും പേരും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ നമ്പറിൽ ഇവരുമായി ബന്ധപ്പെടാം. വിവരം ലഭിക്കുന്നമുറക്ക് അടുത്തുള്ള പാമ്പുപിടിത്തക്കാരൻ സഹായത്തിനെത്തും. പിടികൂടുന്ന പാമ്പിനെ ഇവർ വനംവകുപ്പിന് കൈമാറും. ഇവർ ഉൾവനങ്ങളിൽ ഇവയെ ഉപേക്ഷിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snakeDr Vishal
News Summary - Want to catch a snake? Call Dr. Vishal
Next Story