പ്രതീക്ഷയോടെ, കാത്തിരിപ്പിലാണ് ഈ കാത്തിരിപ്പ് കേന്ദ്രം
text_fieldsഏറ്റുമാനൂർ ക്ഷേത്രത്തിന് മുന്നിലുള്ള കാത്തിരിപ്പ് കേന്ദ്രം
ഏറ്റുമാനൂർ: പതിവ് തെറ്റിയിട്ടില്ല, ഇത്തവണയും മേൽക്കൂര തകർന്നും വെളിച്ചമില്ലാതെയും ഏറ്റുമാനൂരപ്പൻ ബസ് ബേ. ശബരിമലയുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂർ ക്ഷേത്രത്തിന് മുന്നിലുള്ള കാത്തിരിപ്പ് കേന്ദ്രമാണ് അധികൃതരുടെ അനാസ്ഥയിൽ വർഷങ്ങളായി ശോച്യാവസ്ഥയിൽ തുടരുന്നത്.
മണ്ഡലകാലത്ത് ബസ് മാർഗം ഏറ്റുമാനൂരിലെത്തുന്ന അയ്യപ്പ തീർഥാടകർക്ക് ആശ്രയമായ കാത്തിരിപ്പ് കേന്ദ്രത്തിൽ വെളിച്ചമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. ഇരുട്ട് വീണാൽ മദ്യപാനികളുടെയും സാമൂഹികവിരുദ്ധരുടെയും താവളമാകും. ഏറ്റുമാനൂർ പഞ്ചായത്ത് ആയിരുന്ന കാലത്ത് ജില്ല പഞ്ചായത്തിന്റെ ഹരിവരാസനം പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് ബസ് ബേ നിർമിച്ചത്.
എന്നാൽ രാഷ്ട്രീയ പോരുകളെ തുടർന്ന് തുടക്കം മുതൽ ബസ് ബേ വിവാദത്തിലായി. അന്നുമുതൽ തുടങ്ങിയ അവഗണന ഇന്നും തുടരുകയാണ്. ബസ് ബേ ഏറ്റെടുത്ത് പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ നവീകരിക്കാമെന്ന് അറിയിച്ച് ജനകീയ വികസന സമിതി രംഗത്ത് വന്നിരുന്നു. ഇതിനായി നഗരസഭക്ക് രേഖാമൂലം അപേക്ഷയും നൽകിയിരുന്നു.
എന്നാൽ, കാത്തിരിപ്പുകേന്ദ്രം നഗരസഭയുടെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുന്നതല്ലെന്നും കൂടാതെ ഇതുമായി ബന്ധപ്പെട്ട് നിയമപ്രശ്നങ്ങളുണ്ടെന്നും പറഞ്ഞ് അനുമതി നിഷേധിക്കുകയായിരുന്നു. ഓരോ മണ്ഡലകാലം അടുക്കുമ്പോഴും ഏറ്റുമാനൂരപ്പന്റെ നാമത്തിലുള്ള കാത്തിരിപ്പ് കേന്ദ്രത്തിന് ശാപമോക്ഷം ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് നാട്ടുകാർ. എന്നാൽ ഒരിക്കൽ പോലും വികസനപട്ടികയിൽ കാത്തിരിപ്പ് കേന്ദ്രം ഉൾപ്പെട്ടിട്ടില്ല.
ബസ് ബേ നവീകരണം: സംരക്ഷണസമിതി രൂപവത്കരിച്ചു
വർഷങ്ങളായി അവഗണനയിൽ തുടരുന്ന ഏറ്റുമാനൂരപ്പൻ ബസ് ബേ നവീകരിക്കുന്നതിന് ഭക്തജനങ്ങളുടെയും പൊതുപ്രവർത്തകരുടെയും കൂട്ടായ്മ, ബസ് ബേ സംരക്ഷണസമിതി രൂപവത്കരിച്ചു. കരുണ്‍ കൃഷ്ണകുമാർ പ്രസിഡന്റായും ബി. രാജീവ് സെക്രട്ടറിയുമായാണ് കമ്മിറ്റി രൂപവത്കരിക്കുന്നത്.
ബസ് ബേയുടെ മേല്‍ക്കൂര തകർന്ന് അപകടാവസ്ഥയിലാണ്, തുടർച്ചയായ വർഷങ്ങളിലും അസൗകര്യങ്ങൾ പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് ബസ് ബേ സംരക്ഷണസമിതി രൂപവത്കരിച്ചത്. മണ്ഡലവൃതം ആരംഭിക്കുന്ന വൃശ്ചികം ഒന്നിന് യാത്രക്കാർക്കും, ഏറ്റുമാനൂരിൽ എത്തിച്ചേരുന്ന ഭക്തർക്കും സൗജന്യമായി പ്രഭാതഭക്ഷണവും, കുടിവെള്ളവും രാവിലെ 7.30 മുതല്‍ 8.30 വരെ നല്‍കും. 13ന് വൈകീട്ട് അഞ്ചിന് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തില്‍ കൂടുന്ന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

