ബെല്ലടിക്ക് കാതോർത്ത്...
text_fieldsപ്രവേശനോത്സവത്തിന് അണിഞ്ഞൊരുങ്ങിയ കോട്ടയം സി.എം.എസ്
എൽ.പി സ്കൂൾ
കോട്ടയം: വീണ്ടുമൊരു സ്കൂൾ പ്രവേശനോത്സവം അടുത്തതോടെ അവസാനഘട്ട മുന്നൊരുക്കങ്ങളും മിനുക്കുപണികളും പൂർത്തിയാക്കുന്നതിനുള്ള തിരക്കിലാണ് സ്കൂൾ അധികൃതരും മാനേജ്മെന്റുകളും. സ്കൂൾതുറപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വിദ്യാഭ്യാസവകുപ്പിന്റെ പരിശോധന പുരോഗമിക്കുകയാണ്. 95 ഓളം സ്കൂളുകളിലാണ് ഡി.ഡി.ഇയുടെ നേതൃത്വത്തിൽ ഒമ്പതോളം സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തുന്നത്. സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, ശൗചാലയങ്ങൾ വൃത്തിയാക്കുക, അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റുക, സ്കൂൾ ബസുകളുടെ ഫിറ്റ്നസ് സംബന്ധിച്ച നടപടികൾ പൂർത്തിയാക്കുക, കുടിവെള്ള ലഭ്യത ഉറപ്പാക്കുക, കിണർ-ടാങ്ക് ശുചീകരണം, കാട് തെളിക്കൽ, അണുനശീകരണം, പാചകപ്പുര നവീകരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് പരിശോധിക്കുന്നത്. കുട്ടികൾക്ക് പഠിക്കുന്നതിനുള്ള അന്തരീക്ഷമുണ്ടോയെന്ന് ഉറപ്പുവരുത്തുകയാണ് ഇത്തരം പരിശോധനകളുടെ പ്രാഥമികലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.
ഓരോ സ്കൂളുകളിലും അഡ്മിഷൻ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. നവാഗതരെ ആകർഷിക്കുന്നതിനായി സ്കുൾ ഭിത്തികളിൽ വിവിധചിത്രപ്പണികൾ നടത്തി അലങ്കരിച്ചിട്ടുണ്ട്. ലക്ഷങ്ങൾ ചെലവഴിച്ചാണ് സ്കൂളുകളിൽ നവീകരണപ്രവർത്തനങ്ങൾ നടത്തുന്നത്. ജില്ല പഞ്ചായത്തിന്റെ പരിധിയിലുള്ള ഓരോ സ്കൂളുകൾക്കും സ്കൂൾതുറപ്പുമായി ബന്ധപ്പെട്ടുള്ള നവീകരണത്തിനായി പതിനായിരം രൂപ മാറ്റിവെച്ചിട്ടുണ്ട്. സ്കൂൾ പ്രവേശനോത്സവിന്റെ ചിലവുകൾക്കായി പ്രത്യേക ഫണ്ടും ഓരോ സ്കൂളുകൾക്കായി വകയിരുത്തിയിട്ടുണ്ട്. ഗവ. പ്രൈമറി സ്കൂളുകളിൽ ഏപ്രിൽ വരെയുള്ള പ്രഥമാധ്യപരുടെ ഒഴിവുകൾ നികത്തിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ആറോളം സ്കൂളുകളിലെ കെട്ടിട നവീകരണത്തിനായി ഒരുകോടി രൂപയോളം കഴിഞ്ഞവർഷം അനുവദിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മെയിന്റനൻസ് പ്രൊജക്ടിലാണ് ഇത് ഉൾപ്പെടുന്നത്. മാർച്ചോടെ എസ്റ്റിമേറ്റെടുത്ത് പി.ഡബ്ല്യു.ഡിയുടെ നേതൃത്വത്തിലാണ് ഒരു കോടിയിൽ നിൽക്കുന്ന നവീകരണപ്രവർത്തനങ്ങൾ നടന്നുവരുന്നത്.
അധ്യാപക പരിശീലനം
13 ഡി.ആർ.സി കേന്ദ്രീകരിച്ച് രണ്ടു ബാച്ചുകളായി തിരിച്ചാണ് അധ്യാപകരുടെ പരിശീലനം സംഘടിപ്പിക്കുന്നത്. ആദ്യബാച്ചിന്റെ പരിശീലനം പൂർത്തിയായി. രണ്ടാംബാച്ചിന്റെ പരിശീലനം വ്യാഴാഴ്ചയോടെ പൂർത്തീകരിക്കും. പ്രൈമറി സ്കൂളുകളിലെ പ്രഥമാധ്യാപകർക്കും മറ്റ് അധ്യാപകർക്കുമാണ് പരിശീലനം.
സ്കൂൾ പ്രവേശനോത്സവം
തലയോലപ്പറമ്പ് എ.ജെ ജോൺ ഗവ. എച്ച്.എസ്.എസിലാണ് ഈ വർഷത്തെ ജില്ലാതല പ്രവേശനോത്സവം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മന്ത്രി വി.എൻ വാസവൻ പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിക്കും.
ഫിറ്റ്നസ് പരിശോധന നാളെ മുതൽ
കോട്ടയം റീജണൽ ട്രാൻസ്പോർട്ട് ഓഫിസ് പരിധിയിൽ വരുന്ന എല്ലാ സർക്കാർ, സർക്കാർ എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സ്കൂൾ വാഹനങ്ങൾ 25, 26, 29, 30, 31 ദിവസങ്ങളിൽ മെഡിക്കൽ കോളജിന് സമീപമുള്ള ബാബു ചാഴികാടൻ റോഡിൽ വച്ച് പരിശോധന നടത്തും. കോട്ടയം റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന് പരിധിയിൽ വരുന്ന എല്ലാ സർക്കാർ, സർക്കാർ എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്.സി, ഐ.സി.എസ്.സി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്കൂൾ വാഹന ഡ്രൈവർമാർക്ക് ബുധനാഴ്ച കുടമാളൂർ സെന്റ് അൽഫോൺസ് സ്കൂൾ ഓഡിറ്റോറിയത്തിൽ പരിശീലന പരിപാടി നടക്കും. ഉഴവൂർ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന് പരിധിയിൽ വരുന്ന എല്ലാ സ്കൂൾ, കോളജ് വാഹനങ്ങളും 27 ന് കുര്യനാട് സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ ഒമ്പതു മണി മുതൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

