കൂലിത്തർക്കം: വെച്ചൂരിൽ നെല്ല് സംഭരണം നിലച്ചു
text_fieldsവെച്ചൂർ: നെല്ല് ചാക്കിൽ നിറക്കുന്നതിന്റെ കൂലിവർധനയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് തൊഴിലാളികൾ പ്രതിഷേധിച്ചതുമൂലം നെല്ല് സംഭരണം തടസ്സപ്പെട്ടു.
വെച്ചൂർ അരങ്ങത്തുകരി പാടശേഖരത്തിലാണ് നെല്ലുകയറ്റി അയക്കൽ തടസ്സപ്പെട്ടത്. നെല്ലെടുക്കാൻ കൊണ്ടുവന്ന വാഹനങ്ങൾ പിന്നീട് തിരിച്ചുപോയി. ഒരു ക്വിന്റൽ നെല്ലുവാരി ചാക്കിൽ നിറക്കുന്നതിന് 30 രൂപയാണ് വെച്ചൂർ ഇടയാഴം മുതൽ തോട്ടാപ്പള്ളി ഭാഗം വരെയുള്ള പാടശേഖരങ്ങളിൽ നൽകിയതെന്ന് കർഷകർ പറയുന്നു.
കൊടുതുരുത്തിന് തെക്ക് മറ്റം ഭാഗത്തെയും സമീപ പാടശേഖരങ്ങളിലുമാണ് 10 രൂപ വർധന ആവശ്യപ്പെട്ട് തൊഴിലാളികൾ എത്തിയത്. 121 ഏക്കർ വിസ്തൃതിയുള്ള അരങ്ങത്തുകരിയിൽ 62 കർഷകരാണുള്ളത്. ഈ പാടശേഖരത്തിൽ പകുതിഭാഗമേ കൊയ്ത്തുകഴിഞ്ഞുള്ളൂ. സമീപത്തെ 130 ഏക്കറുള്ള പട്ടടക്കരി, 60 ഏക്കർ വരുന്ന മുന്നൂറ്റുംപടവ് തുടങ്ങിയ പാടശേഖരങ്ങളിൽ ഇനി കൊയ്ത്ത് നടക്കാനുണ്ട്. നെല്ല് ചുമന്ന് വാഹനത്തിൽ കയറ്റുന്ന തൊഴിലാളികൾ കഴിഞ്ഞ തവണത്തെ നിരക്കിൽ തന്നെയാണ് ഇത്തവണയും പണിയെടുക്കുന്നത്.
വെച്ചൂരിന് സമീപത്തെ കുമരകം, മണിയാപറമ്പ് ഭാഗങ്ങളിൽ ഒരു ക്വിന്റൽ നെല്ല് ചാക്കിൽ നിറക്കുന്നതിന് 25 രൂപയാണ് ഈടാക്കുന്നതെന്ന് കർഷകർ പറയുന്നു. കാലാവസ്ഥ വ്യതിയാനം മൂലം ഏക്കറിന് എട്ട് മുതൽ 10 ക്വിന്റൽവരെ നെല്ലാണ് ലഭിച്ചതെന്നും കൃഷിച്ചെലവ് പോലും കിട്ടാത്തവരാണ് അധികം പേരുമെന്നും കർഷകർ പറയുന്നു. കൃഷി വൻ നഷ്ടത്തിലായിരിക്കെ കൂലിയിനത്തിലുണ്ടായ വർധന താങ്ങാൻ കഴിയില്ലെന്നും അവർ പറഞ്ഞു.
അരങ്ങത്തുകരിയിൽ കർഷകരും പാടത്ത് കൃഷിപ്പണി ചെയ്ത തൊഴിലാളികളും ചേർന്ന് ബുധനാഴ്ച നെല്ല് ചാക്കിൽ നിറച്ചുകൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പാടശേഖര സമിതി പ്രസിഡന്റ് പി.സി. ജോസഫ്, സെക്രട്ടറി എസ്.ഡി. ഷാജി എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

