സർക്കാർ ജോലിയിലേക്ക് പാലമിടുകയാണ് വി.ടി. ഹബീബ്
text_fieldsവി.ടി. ഹബീബ്
ഈരാറ്റുപേട്ട: പി.എസ്.സി കോച്ചിങ് സെന്ററിലെ പഠനത്തിനിടക്കാണ് ഈരാറ്റുപേട്ട നടക്കൽ വെട്ടിക്കൽ വി.ടി. ഹബീബ് സർക്കാർ ജോലിയിൽ കയറിയത്. തനിക്ക് ജീവിതവഴി തെളിച്ച പരിശീലനത്തിലൂടെ നാട്ടിലെ ചെറുപ്പക്കാരെ 25 വർഷമായി സൗജന്യമായി സർക്കാർ സർവിസിലേക്ക് കൈപിടിച്ചു നടത്തുകയാണ് ഹബീബ് ഇപ്പോൾ. എം.എ ബിരുദധാരിയായ ഹബീബ് 2000ത്തിലാണ് സർക്കാർ ജോലിക്ക് ശ്രമം തുടങ്ങിയത്.
പി.എസ്.സി കോച്ചിങ്ങിനായി തെരഞ്ഞെടുത്തത് നാട്ടിലെ ലാലിച്ചൻ അക്കാദമിയെ. പഠനത്തിലെ മികവ് കണ്ടെത്തിയ ലാലിച്ചനാണ് ഹബീബിനെ മറ്റ് സെന്ററുകളിലേക്ക് ക്ലാസെടുക്കാൻ അയച്ചത്. ഇതിനിടെ ഹബീബിന് രജിസ്ട്രേഷൻ വകുപ്പിൽ ജോലി തരപ്പെട്ടു. കൂടുതൽ യുവാക്കളെ ഈ മേഖലയിലേക്ക് കൊണ്ടു വരണമെന്ന ആഗ്രഹത്തിലാണ്, സർക്കാർ ജോലി അത്ര ആകർഷകമായി കരുതിയിട്ടില്ലാത്ത നാട്ടിൽ പി.എസ്.സി കോച്ചിങ് തുടങ്ങി വെച്ചത്. മഹല്ല് കൗൺസിൽ ഹാൾ വിട്ടുനൽകി നൈനാർ പള്ളി അധികൃതർ കൂടെനിന്നു.
ആദ്യ ബാച്ചിലെ പഠിതാക്കളായ താഹ കറുകാഞ്ചേരിക്കും സിറാജ് പാലയംപറമ്പിലിനും കെ.എസ്.ഇ.ബിയിൽ നിയമനം ലഭിച്ചതോടെ ധൈര്യമായി. അന്നുമുതൽ ഇന്നുവരെ അമ്പതോളം പേരെ സർക്കാർ ജോലിക്കാരാക്കാനായി. ഈവനിങ് ക്ലാസ് ആയതിനാൽ സാധാരണക്കാർക്ക് ഏറെ ഉപകാരപ്രദമാണ്. വിദ്യാർഥികൾ, മഹല്ല് ഇമാമുമാർ, തൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ തുടങ്ങി സമൂഹത്തിലെ പല തട്ടിലുള്ള അഞ്ഞൂറിലധികം പേർ ഇവിടെ പരിശീലനം നേടി.
ഇവർ ഇന്ത്യൻ നേവി, വിദ്യാഭ്യാസ വകുപ്പ്, കെ.എസ്.ഇ.ബി, വനം വകുപ്പ്, റവന്യൂ, ജലസേചനം, വ്യവസായം, പൊതുമരാമത്ത്, പി.എസ്.സി, പൊലീസ്, ഗതാഗതം, ആരോഗ്യം, കെ.എസ്.ആർ.ടി.സി തുടങ്ങി വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്നു. ഈരാറ്റുപേട്ടയിലെ എല്ലാ മഹല്ലുകളിൽ നിന്നുള്ളവരും ഇവിടെ പഠിക്കുന്നുണ്ട്. പി.ഇ. മുഹമ്മദ് സക്കീർ പ്രസിഡൻറും എം.എം. അബ്ദുൽ വഹാബ് സെക്രട്ടറിയുമായ ജമാഅത്ത് പരിപാലന സമിതിയും 41 അംഗ കൗൺസിലും കോച്ചിങ് സെന്ററിന് പിന്തുണ നൽകുന്നു.
ഇവിടെ പരിശീലനം നേടിയവരും ജോലി ലഭിച്ചവരും ചേർന്ന് രൂപീകരിച്ച എംപ്ലോയീസ് ഫോറം ഫോർ എജുക്കേഷൻ, കൾച്ചർ ആൻഡ് ട്രെയ്നിങ് ( എഫക്ട്) എന്ന കൂട്ടായ്മയുടെ ചെയർമാൻ കൂടിയാണ് ഹബീബ്. മാധ്യമം ദിനപത്രത്തിൽ രണ്ട് വർഷത്തോളം എൽ.ഡി ക്ലർക്ക് പരീക്ഷ പരിശീലന പംക്തിയിൽ എഴുതിയിരുന്നു. നൂറു കണക്കിന് പുരസ്കാരങ്ങളും തേടിയെത്തിയിട്ടുണ്ട്. സർവിസിൽ നിന്ന് വിരമിച്ചാലും ഇതേ സേവനം തുടരണമെന്നാണ് ഹബീബിന്റെ ആഗ്രഹം. ഷെമീമയാണ് ഭാര്യ. ഇർഫാൻ ഹബീബ്, ആലിയ ഹബീബ്, ആദില ഹബീബ്, ഇമ്രാൻ ഹബീബ് എന്നിവർ മക്കളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

