വേലിക്കകത്ത് വീട് ചരിത്രസ്മാരകമാക്കും
text_fieldsആലപ്പുഴ: വി.എസ് അച്യുതാനന്ദന്‍റെ ജീവിതം വരച്ചിട്ട് പറവൂർ വേലിക്കകത്ത് വീട്. പിറന്നാൾദിനത്തിൽ സമരചരിത്രം കാണാൻ നിരവധിപേരാണ് എത്തിയത്. പുരോഗമന കലാസാഹിത്യ സംഘവുമായി ചേർന്ന് കേരള ലളിതകലാ അക്കാദമിയാണ് ജീവൻതുടിക്കുന്ന 10 ചരിത്രസംഭവങ്ങൾ വരച്ചത്. അവ തെരഞ്ഞടുത്തതാവട്ടെ മകൻ ഡോ. വി.എ. അരുൺകുമാറും. വി.എസിന്റെ ജീവിതത്തിലെ രണ്ട് കാലഘട്ടങ്ങളെ ഓർമിപ്പിക്കുന്നവയാണ് ചിത്രങ്ങൾ. ചിലത് ബ്ലാക്ക് ആൻഡ് വൈറ്റിലാണ്. ജീപ്പിന് മുകളിൽ കയറി ഒരു കൈ അരയിൽ കൊടുത്ത് തോട്ടം തൊഴിലാളികളെ അഭിസംബോധന ചെയ്യുന്ന മനോഹരചിത്രമാണ്.
വി.എസ് ആദ്യമായി മുഖ്യമന്ത്രിയായശേഷം ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നത്, പ്രതിപക്ഷ നേതാവായിരുന്നപ്പോൾ മതികെട്ടാൻമല സന്ദർശിക്കുന്നത്, പുന്നപ്ര-വയലാർ രക്തസാക്ഷി ദിനത്തിൽ അവസാനമായി പങ്കെടുത്തത്, ഇ.എം.എസ്, എ.കെ.ജി, അഴീക്കോടൻ രാഘവൻ, ഇ.കെ. നായനാർ എന്നിവർക്കൊപ്പം സമരമുഖത്ത് നിൽക്കുന്നത്, ഇരുകൈകളുമുയർത്തി ജനലക്ഷങ്ങളെ അഭിസംബോധന ചെയ്യുന്നത്....തുടങ്ങിയ 10ചിത്രങ്ങൾ ചരിത്രമാവുകയാണ്. ആലപ്പുഴയിൽ താമസിക്കുമ്പോൾ പിറന്നാൾ ആഘോഷം ഒന്നുമുണ്ടാവില്ല. വിശ്രമത്തിലേക്ക് വഴിമാറി വി.എസ് തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം കഴിയവയൊണ് കേക്ക് മുറിച്ചുള്ള ആഘോഷത്തിന് തയാറായത്. വിടപറഞ്ഞിട്ട് ചൊവ്വാഴ്ച മൂന്നുമാസം തികയുമ്പോഴാണ് 102ാമത് പിറന്നാള്‍ വന്നെത്തിയത്.
അച്ഛനെന്ന ഓര്‍മക്ക് ഒരുചരിത്ര സ്മാരകം തീര്‍ക്കാനൊരുങ്ങുകയാണ് മകന്‍ ഡോ. വി.എ. അരുണ്‍കുമാര്‍. ഇതിനായി വി.എസിന്‍റെ അപൂര്‍വ ചിത്രങ്ങളും രേഖകളും കൈയിലുള്ളവര്‍ കൈമാറണമെന്ന് കാണിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടുണ്ട്. ‘‘ അച്ഛൻ ഞങ്ങളെ വിട്ടുപോയി. വി.എസ് പൊതുസമൂഹത്തെയും. പക്ഷേ, അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമകൾ ഓർമകളായും രേഖകളായും പൊതുമണ്ഡലത്തിൽ ചിതറിക്കിടപ്പുണ്ട്. ഈ ഓർമകൾ, രേഖകൾ, ചിത്രങ്ങൾ, വിഡിയോകൾ.....എല്ലാമൊന്ന് അടുക്കിപ്പെറുക്കി, എല്ലാവർക്കും ലഭ്യമാവുന്ന രീതിയിൽ സൂക്ഷിക്കണമെന്നുണ്ട്. ഒരുനൂറ്റാണ്ടിലേറെ കാലം കേരളത്തിന്റെ മണ്ണിൽ ജീവിച്ച്, തന്റെ ജന്മദിനമായ ഒക്ടോബർ 20ന് മുമ്പ് വിടപറഞ്ഞ അദ്ദേഹത്തെക്കുറിച്ച്, നിങ്ങളുടെ കൈവശമുള്ള ഓർമകളും രേഖകളും ഞങ്ങൾക്കുകൂടി കൈമാറാമോ?’’ എന്ന കുറിപ്പിൽ വിലാസവും രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

