അധികൃതരുടെ അവഗണന: വില്ലേജ് ഓഫിസ് ഉദ്ഘാടനത്തിന് സ്പോണ്‍സര്‍മാരെ തേടി ജീവനക്കാര്‍
text_fieldsകൊക്കയാർ വില്ലേജ് ഓഫീസ് കെട്ടിടം
മുണ്ടക്കയം: അരക്കോടി രൂപ അനുവദിച്ചിട്ടും നിര്‍മാണം പൂര്‍ത്തിയാകാതെ കൊക്കയാര്‍ വില്ലേജ് ഓഫീസ് പ്രവർത്തനം തുടങ്ങാറായില്ല. മൂന്നുവര്‍ഷം മുമ്പ് പീരുമേട് നിയോജക മണ്ഡലത്തിലെ നാല് വില്ലേജ് ഓഫീസ് നിര്‍മിക്കുന്നതിനാണ് അരക്കോടി രൂപ വീതം സര്‍ക്കാര്‍ അനുവദിച്ചത്. കെട്ടിടത്തിന്റെ അനുബന്ധ പ്രവര്‍ത്തനസംവിധാനം, ഫര്‍ണിച്ചറുകള്‍ എന്നിവയടക്കമാണ് തുക അനുവദിച്ചത്.
പീരുമേട്, ഉപ്പുതറ, മഞ്ചുമല വില്ലേജ് ഓഫീസുകള്‍ എസ്റ്റിമേറ്റ് പ്രകാരം നിര്‍മാണവും ഫര്ണീഷിങും പൂര്‍ത്തിയാക്കി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ആറുമാസം പിന്നിട്ടു. എന്നാല്‍ കെട്ടിടനിര്മാണത്തിനുമാത്രം 44 ലക്ഷം രൂപ ചിലവഴിച്ചെന്ന് രേഖയുണ്ടാക്കി പാതിവഴിയിലാണ് കൊക്കയാര്‍ വില്ലേജ് ഓഫീസ് നിര്‍മാണം. പത്തുലക്ഷം രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചാല്‍മാത്രമേ നിര്‍മാണം പൂര്ത്തിയാക്കാനാകൂ എന്ന് കാണിച്ച് ചില ജനപ്രതിനിധികള്‍ സര്‍ക്കാറിനെ സമീപിച്ചിരുന്നു.
നിയോജകമണ്ഡലത്തിലെ യാത്രാദുരിതമുള്ള പ്രദേശങ്ങളിലെ മൂന്ന് വില്ലേജ് കെട്ടിടങ്ങള്‍ ഇതേ എസ്റ്റിമേറ്റില്‍ പൂര്‍ത്തികരിച്ചപ്പോള്‍ വീണ്ടും 16 ലക്ഷം രൂപ കൂടി വേണമെന്ന കരാറുകാരന്റെയും ചില ജനപ്രതിനിധികളുടെയും ആവശ്യത്തില്‍ അഴിമതിയാണന്ന ആക്ഷേപം ശക്തമാണ്. വില്ലേജ് ഓഫീസ് സന്ദര്‍ശിച്ച സബ് കലക്ടര്‍ക്ക് ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി ആന്റണി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 44 ലക്ഷം രൂപ സര്‍ക്കാര്‍ തിരിച്ചുപിടിച്ചു.
സ്വപ്നമായി അവശേഷിക്കുമോ?
നിര്‍മാണവും അനുബന്ധജോലികളും ഉപേക്ഷിച്ച മട്ടിലായതോടെ പുതിയ കെട്ടിടത്തിലേക്കുള്ള മാറ്റം സ്വപ്നമായി അവശേഷിക്കുകയാണ്. ഇതാണ് ഉദ്യോഗസ്ഥരെ തെരുവിലിറക്കാന്‍ കാരണമായത്. വില്ലേജിന്റെ പരിധിയിലെ വീടുകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി ഫര്‍ണിച്ചറുകള്‍ക്ക് സ്പോണ്‍സര്‍മാരെ കണ്ടെത്തെലാണ് ഇവരുടെ ഇപ്പോഴത്തെ ജോലി. ഇനി സര്‍ക്കാര്‍ ഫണ്ട് അനുവദിപ്പിച്ച് ഇതിനുള്ളില്‍ കയറല്‍ ഉടനുണ്ടാകാന്‍ സാധ്യത കുറവാണ്. നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചുനീക്കിയാണ് പുതിയ കെട്ടിട നിര്‍മാണം ആരംഭിച്ചത്.
പകരം മറ്റൊരു വാടകക്കെട്ടിടത്തിലേക്ക് വില്ലേജ് ഓഫീസ് പ്രവര്‍ത്തനം മാറ്റിയിരുന്നു. അസൗകര്യങ്ങള്‍ക്ക് നടുവില്‍ വീര്‍പ്പുമുട്ടി വില്ലേജ് പ്രവര്‍ത്തനം നടത്താന്‍ തുടങ്ങിയിട്ട് മൂന്നുവര്‍ഷം പിന്നിട്ടെങ്കിലും പുതിയ കെട്ടിടത്തിലേക്ക് കയറാനുള്ള ഭാഗ്യം ഇതുവരെയായി ഉണ്ടായിട്ടില്ല. നിലവിലെ കെട്ടിടത്തിന്റെ വാടക നല്‍കാന്‍പോലും അധികാരികള്‍ തയ്യാറാവുന്നില്ല. നിലവിലെ വില്ലേജ് ഓഫീസറാണ് ശമ്പളത്തിൽ നിന്നും വാടകയും വൈദ്യുതിബില്ലും അടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

