ചേനപ്പാടിയിലെ പ്രകമ്പനം: റിപ്പോർട്ട് സമർപ്പിച്ചു
text_fieldsഎരുമേലി: ചേനപ്പാടി മേഖലയിൽ ഭൂമിക്കടിയിൽനിന്നുണ്ടായ അജ്ഞാതമായ ശബ്ദവും പ്രകമ്പനവും സംബന്ധിച്ച് വിദഗ്ധ പഠനത്തിന് നിയോഗിക്കപ്പെട്ട നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെ (എൻ.സി.ഇ.എസ്.എസ്) പഠന റിപ്പോർട്ട് ഡയറക്ടർക്കും കലക്ടർക്കും സമർപ്പിച്ചു.
വിവിധ സ്ഥലങ്ങളിൽ നടത്തിയ വിപുലമായ അന്വേഷണത്തിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ സി.സി ടി.വി കാമറയിൽ രേഖപ്പെടുത്തിയ വലിയ ശബ്ദങ്ങൾ ഒഴികെ അസാധാരണമായ ഉപരിതല സവിശേഷതകളൊന്നും ലഭിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രദേശത്തിന്റെ ഭൂപ്രകൃതി, മണ്ണിന്റെ കനം, തുറന്ന കിണറുകൾ എന്നിവ സമഗ്രമായി പരിശോധിച്ചതിൽ മണ്ണിടിച്ചിലിന് കാരണമായേക്കാവുന്ന ചരിവുകളൊന്നും കണ്ടെത്തിയില്ല.
തുറന്ന കിണറുകളിൽ നടത്തിയ പരിശോധനയിൽ സോയിൽ പൈപ്പിങ് സാധ്യതയില്ലെന്നാണ് സൂചിപ്പിക്കുന്നത്. പ്രദേശത്ത് ഭൂചലനമോ, ഭൂകമ്പമോ ഉണ്ടായിട്ടില്ലെന്നാണ് ഭൂകമ്പ സ്റ്റേഷനുകളും സൂചിപ്പിക്കുന്നത്. ജലനിരപ്പിലെ ഏറ്റക്കുറച്ചിലുകൾ കാരണം നേരിയ തോതിലുള്ള ഭൂചലനങ്ങളോ പ്രകമ്പനങ്ങളോ സംഭവിക്കാം. മേഖലയിൽനിന്ന് വളരെ ദൂരെയുള്ള ഭൂകമ്പ സ്റ്റേഷനുകൾ ഇത് കണ്ടെത്തുകയോ രേഖപ്പെടുത്തുകയോ ചെയ്യില്ല.
എന്നാൽ, വളരെ കുറഞ്ഞ തോതിലുള്ള പ്രതിഭാസം ജീവനോ സ്വത്തിനോ ഭീഷണി ഉയർത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സയന്റിസ്റ്റ് ഡോ. ബി. പത്മറാവു, ടെക്നീഷ്യൻ കെ. എൽദോസ് എന്നിവരടങ്ങുന്ന സംഘമാണ് കഴിഞ്ഞദിവസം ചേനപ്പാടിയിൽ എത്തിയത്. സംഘം വീടുകൾ സന്ദർശിച്ച് പ്രതിഭാസവുമായി ബന്ധപ്പെട്ട വിവരങ്ങളും റിപ്പോർട്ടുകളും ശേഖരിച്ചു. ഭൂമിക്കടിയിലുണ്ടായ ശബ്ദം ആശങ്കപ്പെടേണ്ടതില്ലെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു.ഏതെങ്കിലും സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട വിദഗ്ധ പരിശോധനകൾ അനിവാര്യമാകുന്ന മുറക്ക് ആവശ്യമായ അടിയന്തര നടപടി കൈക്കൊള്ളുമെന്നും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

