വെള്ളൂർ സർവിസ് സഹകരണബാങ്ക് അഴിമതി; 38 കോടിയിൽ ഒതുങ്ങില്ല നഷ്ടം
text_fieldsകോട്ടയം: സഹകരണ വകുപ്പിന്റെ ഉത്തരവ് പ്രകാരം ജീവനക്കാരും ഭരണസമിതി അംഗങ്ങളും 38 കോടി തിരിച്ചടച്ചാലും വെള്ളൂർ സർവിസ് സഹകരണ ബാങ്കിന്റെ നഷ്ടം നികത്തപ്പെടില്ല.
1999 മുതൽ കൃത്യമായ ഈടിൽ വായ്പ നൽകിയ തുക ഇതിലിരട്ടിവരും. വായ്പ തിരിച്ചുപിടിക്കാൻ ഭരണസമിതി യഥാസമയം നടപടിയെടുത്തിരുന്നില്ല. പലിശ പെരുകി ഇപ്പോൾ വലിയ തുകയായി. ഇതെല്ലാം തിരിച്ചുകിട്ടാൻ സാധ്യതയില്ല. ഉത്തരവ് പ്രകാരം പണം തിരിച്ചടക്കുന്നതോടെ തങ്ങളുടെ നിക്ഷേപം തിരിച്ചുകിട്ടുമെന്ന നിക്ഷേപകരുടെ പ്രതീക്ഷയും അസ്ഥാനത്താണ്. കേരള ബാങ്കിൽനിന്ന് 20 കോടിക്കടുത്ത് വായ്പ എടുത്തതിന്റെ ബാധ്യതയും ബാങ്കിനുണ്ട്.
ഈടില്ലാതെ വായ്പ നൽകി ക്രമക്കേട് നടത്തിയതിന് കഴിഞ്ഞ ദിവസമാണ് സഹകരണ വകുപ്പ് ബാങ്കിന്റെ അന്നത്തെ 21 ഭരണസമിതി അംഗങ്ങളും ആറ് ജീവനക്കാരും കൂടി 38.33 കോടി തിരിച്ചടക്കണമെന്ന് ഉത്തരവിട്ടത്. ഓരോരുത്തരും അടക്കേണ്ട തുകയും കൃത്യമായി പറഞ്ഞിട്ടുണ്ട്. 9617 രൂപ മുതൽ 4.74 കോടി വരെയാണ് ഓരോരുത്തരും തിരിച്ചടക്കേണ്ടത്.
കോട്ടയം സഹകരണസംഘം ജോയന്റ് രജിസ്ട്രാർ നൽകിയ റിപ്പോർട്ട് ശരിവെച്ചാണ് വകുപ്പ് നടപടി. ജീവനക്കാർക്കും ജീവനക്കാരുടെ ബന്ധുക്കൾക്കും ഈടില്ലാതെ വായ്പ, ഭരണസമിതി അംഗങ്ങൾക്കും ബന്ധുക്കൾക്കും നൽകിയ വായ്പ, ഒരു കുടുംബത്തിലെ അംഗങ്ങൾക്കുതന്നെ ഭീമമായ വായ്പ നൽകൽ, നിക്ഷേപ സർട്ടിഫിക്കറ്റ് ഇല്ലാതെ വായ്പ തുടങ്ങി ഗുരുതര ക്രമക്കേടുകളാണ് ജോയന്റ് രജിസ്ട്രാർ കണ്ടെത്തിയത്. സി.പി.എം ഭരണത്തിലുള്ള ബാങ്കില് 1999 മുതൽ 2016 വരെ കാലഘട്ടത്തിലാണ് ക്രമക്കേട് നടന്നിട്ടുള്ളത്.
സംഘം പ്രസിഡന്റ്, ഭരണസമിതി അംഗങ്ങൾ, അവരുടെ ബന്ധുക്കൾ, സെക്രട്ടറി, മറ്റ് ജീവനക്കാർ, അവരുമായി ബന്ധമുള്ളവർ എന്നിവർക്കെല്ലാം ക്രമരഹിതമായി വായ്പ നൽകി. സംഘം പ്രസിഡന്റ്, ഭരണസമിതി അംഗങ്ങൾ, ചീഫ് എക്സിസ്യൂട്ടിവ് ഓഫിസർ എന്നിവർ ബൈലോക്ക് വിരുദ്ധമായി പ്രവർത്തിച്ചു. ആസ്തിയുടെ മൂല്യശോഷണം, വിശ്വാസ വഞ്ചന, മനഃപൂർവമുള്ള കൃത്യവിലോപം, കെടുകാര്യസ്ഥത എന്നിവ മൂലമാണ് സംഘത്തിന് നഷ്ടം സംഭവിച്ചത്. ബാങ്ക് പ്രസിഡന്റിനും മറ്റ് ഭരണസമിതി അംഗങ്ങൾക്കും ഇതിൽ പങ്കുണ്ട്.
സെക്രട്ടറിയുടെ പങ്കും വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2017ൽ നടന്ന ഓഡിറ്റിലാണ് തട്ടിപ്പ് പുറത്തുവന്നത്. ഇതോടെ നിക്ഷേപകർ ബാങ്കിനെ സമീപിച്ചു. എന്നാൽ, പണം കിട്ടിയില്ല. തുടർന്ന് സംരക്ഷണസമിതി രൂപവത്കരിച്ച് നിക്ഷേപകർ കേസുമായി നീങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

