വെള്ളൂർ സഹകരണ ബാങ്ക്; പരാതി പറഞ്ഞവർക്കെതിരെ പ്രതികാര നടപടി
text_fieldsകോട്ടയം: വെള്ളൂർ സർവിസ് സഹകരണ ബാങ്ക് നിക്ഷേപം തിരിച്ചുകിട്ടിയില്ലെന്നു പരാതി പറഞ്ഞവർക്കെതിരെ പ്രതികാര നടപടിയുമായി ഭരണസമിതി.ആഴ്ചയിലോ മാസത്തിലോ ഒരിക്കൽ നൽകിയിരുന്ന ചെറിയ തുകപോലും നിഷേധിച്ചു. അതേസമയം, പാർട്ടിക്കാരായവർക്ക് തുക മടക്കിനൽകുന്നുമുണ്ടെന്ന് നിക്ഷേപകർ ആരോപിക്കുന്നു. നിക്ഷേപം തിരിച്ചുകിട്ടാത്തതിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി നൽകാനാണ് തീരുമാനം. ബാങ്കിലെ നിക്ഷേപകർക്ക് 54 കോടി രൂപ തിരിച്ചുനൽകിയെന്നും എല്ലാ നിക്ഷേപകർക്കും പലിശ കൃത്യമായി നൽകുന്നുണ്ടെന്നും പ്രസിഡന്റ് പ്രസ്താവന നടത്തിയിരുന്നു.
ഇത് കള്ളമാണെന്നു ചൂണ്ടിക്കാട്ടി നിക്ഷേപക സംരക്ഷണ സമിതി നോട്ടീസ് ഇറക്കി. ഇതിന്റെ പ്രതികാര നടപടിയാണ് ഭരണസമിതി കാണിക്കുന്നതെന്നാണ് നിക്ഷേപകർ പറയുന്നത്. പണം തിരിച്ചുനൽകാൻ കൃത്യമായ മാനദണ്ഡം ഇല്ല.
ലക്ഷങ്ങളും കോടികളും നിക്ഷേപിച്ചവർക്ക് അഞ്ചുവർഷമായി മുതലോ പലിശയോ ഭാഗികമായോ പൂർണമായോ കൊടുക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, ലക്ഷങ്ങൾ കുടിശ്ശികയുള്ള പാർട്ടിക്കാർക്ക് വീണ്ടും വായ്പ നൽകുന്നു. നിക്ഷേപം ആവശ്യപ്പെട്ട് ചെല്ലുന്നവർക്ക് ആഴ്ചയിൽ നിസ്സാര തുക വീതം നൽകുകയാണ് ചെയ്തിരുന്നത്. പരാതി പറഞ്ഞതോടെ അതും മുടങ്ങി. വായ്പ തിരിച്ചടക്കാനുള്ളവരിൽ 90 ശതമാനവും പാർട്ടിക്കാരാണ്.
അതുകൊണ്ടാണ് ജപ്തി നടപടികൾക്ക് ബാങ്ക് ഒരുങ്ങാത്തതെന്നും നിക്ഷേപകർ ആരോപിക്കുന്നു. നഷ്ടത്തിലാണെന്ന് മന്ത്രി വി.എൻ. വാസവൻ നിയമസഭയെ അറിയിച്ച സഹകരണ ബാങ്കുകളുടെ പട്ടികയിൽപെട്ടതാണ് വെള്ളൂർ ബാങ്കും. കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം തിരിച്ചുനൽകാൻ കഴിയാത്ത ബാങ്കുകളെയാണ് ഈ പട്ടികയിലുൾപ്പെടുത്തിയത്. ബാങ്കിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ജീവനക്കാരും ഭരണസിമിതി അംഗങ്ങളും ചേർന്ന് 38 കോടി തിരിച്ചടക്കാൻ സഹകരണ വകുപ്പ് അടുത്തിടെ ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

