വാഹനങ്ങൾ എരുമേലിയിൽ തടഞ്ഞു; പ്രതിഷേധിച്ച് അയ്യപ്പഭക്തർ
text_fieldsപമ്പയിലേക്കുള്ള വാഹനം പൊലീസ് തടഞ്ഞതിനെത്തുടർന്ന് അയ്യപ്പഭക്തർ എരുമേലിയിൽ റോഡിൽ കുത്തിയിരുന്ന്
പ്രതിഷേധിക്കുന്നു
എരുമേലി: പമ്പയിലേക്കുള്ള വാഹനം എരുമേലിയിൽ തടഞ്ഞത് അയ്യപ്പക്തരുടെ പ്രതിഷേധത്തിന് കാരണമായി. പ്രധാന റോഡുകളിൽ ഭക്തർ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. മകരജ്യോതി ദർശിക്കാൻ സന്നിധാനത്ത് എത്തിയ തീർഥാടകരുടെ തിരക്ക് നിയന്ത്രണാതീതമായതോടെ എരുമേലിയിൽനിന്ന് തീർഥാടക വാഹനം പമ്പയിലേക്ക് കടത്തിവിടാതെ തടയുകയായിരുന്നു. ശനിയാഴ്ച പുലർച്ച മുതലാണ് വാഹനങ്ങൾ എരുമേലിയിലെ മൈതാനങ്ങളിൽ പിടിച്ചിട്ടത്. ഏഴു മണിയോടെ പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളും സർവിസ് നിർത്തിവെക്കാൻ നിർദേശം നൽകി.
മണിക്കൂറോളം കാത്തിരുന്ന ഭക്തർ രാവിലെ 7.30ഓടെ റാന്നി റോഡിൽ വലിയമ്പലത്തിന് സമീപത്തെ റോഡ് ഉപരോധിച്ച് പ്രതിഷേധം ആരംഭിച്ചു. ഇതോടെ കെ.എസ്.ആർ.ടി.സി ബസ് അടക്കം വാഹനങ്ങൾ വഴിയിലകപ്പെട്ടു. ഇരുചക്രവാഹനങ്ങൾ കടന്നുപോകാൻ നടത്തിയ ശ്രമം ഭക്തർ തടഞ്ഞത് ഇടക്ക് വാക്കേറ്റത്തിനും കാരണമായി. പമ്പയിലെ തിരക്കിനെ തുടർന്നാണ് വാഹനം തടയുന്നതെന്ന പല ഭാഷയിലുള്ള അനൗൺസ്മെന്റ് ദേവസ്വം ബോർഡ് നടത്തിയിട്ടും പൊലീസ് പലതവണ കാര്യങ്ങൾ ബോധിപ്പിക്കാൻ ശ്രമിച്ചിട്ടും ഭക്തർ പിന്മാറിയില്ല. ജില്ല പൊലീസ് മേധാവി കെ. കാർത്തിക് സ്ഥലത്തെത്തി തീർഥാടകരുമായി ചർച്ച നടത്തി.
ആദ്യം ഭക്തർ പിന്മാറാൻ തയാറായില്ലെങ്കിലും പിന്നീട് ഇവർ പ്രതിഷേധം അവസാനിപ്പിച്ചു. ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് വാഹനങ്ങൾ തടയുന്നതിന്റെ ഭാഗമായി എല്ലാ പാർക്കിങ് മൈതാനങ്ങളും കയർ കെട്ടി പൊലീസ് അടച്ചു. ഒമ്പതു മണിയോടെ കണമലയിലും തീർഥാടകർ റോഡിലിറങ്ങി പ്രതിഷേധിച്ചു. 12 മണിയോടെ കെ.എസ്.ആർ.ടി.സി ജങ്ഷന് സമീപത്തെ ടി.ബി റോഡിലും ഭക്തർ പ്രതിഷേധിച്ചു. കെ.എസ്.ആർ.ടി.സി പാർക്കിങ് നടത്തുന്ന മൈതാനത്തിൽ കാത്തുനിന്ന ഭക്തരാണ് പ്രതിഷേധിച്ചത്. ഇവിടെയും ജില്ല പൊലീസിന്റെ ഇടപെടലിൽ ഭക്തർ പിന്തിരിയുകയായിരുന്നു. ആന്ധ്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് എത്തിയവരാണ് എരുമേലിയിൽ കുടുങ്ങിയത്.
കെ.എസ്.ആർ.ടി.സി ബസുകളിൽ കാത്തിരുന്ന തീർഥാടകർ ജീവനക്കാരോടും വാക്കേറ്റത്തിന് മുതിർന്നു. നിരാശരായ തീർഥാടകരിൽ പലരും വാഹനങ്ങൾ ഉപേക്ഷിച്ച് പമ്പയിലേക്ക് നടന്നുപോയി. ഓട്ടോയിലും സ്വകാര്യ വാഹനങ്ങളിലും കയറി പമ്പയിലേക്കു പോകാൻ ചിലർ ശ്രമം നടത്തിയെങ്കിലും പമ്പാ പാതയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയതോടെ അതും പരാജയപ്പെട്ടു. പമ്പയിൽനിന്ന് മകരജ്യോതി കണ്ടിറങ്ങുന്ന തീർഥാടകരെ തിരികെ എത്തിക്കാൻ എരുമേലിയിൽനിന്ന് കെ.എസ്.ആർ.ടി.സി ബസുകൾ പമ്പയിലേക്ക് പോയെങ്കിലും തീർഥാടകരെ പമ്പയിലേക്ക് കൊണ്ടുപോകാൻ അനുവാദം നൽകിയില്ലെന്നും പരാതി ഉയർന്നു. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് എരുമേലിയിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

