പൊന്‍കുന്നം ചിറക്കടവിൽ സാംസ്‌കാരിക നിലയത്തിന്‍റെ പേരിൽ വാഹന പാർക്കിങ്ങും ആക്രിസംഭരണവും
text_fieldsചിറക്കടവ് പഞ്ചായത്തിന്‍റെ പൊൻകുന്നം ശാന്തിഗ്രാം സാംസ്‌കാരിക നിലയത്തിലെ വാഹനപാർക്കിങ്ങും ആക്രിസംഭരണവും
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് രണ്ടാംവാർഡിലെ അംഗൻവാടി പ്രവർത്തിക്കുന്ന സാംസ്‌കാരിക നിലയം വളപ്പ് വാഹന പാർക്കിങ് കേന്ദ്രവും ആക്രി സംഭരണശാലയുമായി. കുട്ടികൾക്ക് വെയിലിലും മഴയിലും കളിക്കാൻ ഉപയോഗിക്കാനെന്ന ലക്ഷ്യത്തോടെ പൊതുകളിസ്ഥലമായി ഷീറ്റിട്ട് നീട്ടിയെങ്കിലും ഇവിടെ കളിക്കാമെന്ന് ആരും വിചാരിക്കേണ്ട. നിറയെ വാഹനങ്ങളാണ് പകലും രാത്രിയും. ഓട്ടോറിക്ഷ, കാർ, ബൈക്ക് തുടങ്ങി എല്ലാവിധ വാഹനങ്ങളുടെയും പാർക്കിങ് ഇടമായ സാംസ്‌കാരിക നിലയത്തിൽ കളിക്കാൻ ഒരിഞ്ച് സ്ഥലം പോലും ലഭ്യമല്ല. വാഹനങ്ങൾ പാർക്ക് ചെയ്യാനും കൊണ്ടുപോകാനും എത്തുന്നതിനിടയിലൂടെ വേണം കുട്ടികളുമായി അമ്മമാർ അംഗൻവാടിയിലെത്താൻ.
അപകടകരമായ സാഹചര്യമാണെന്ന് പരാതി ഉയർന്നിട്ടും ആരെയും പിണക്കാൻ താൽപര്യമില്ലാതെ രാഷ്ട്രീയക്കാർ നിശ്ശബ്ദത പാലിക്കുകയാണ്. സമീപത്തെ വീട്ടുകാർ പലരും വാഹനങ്ങൾ മഴ നനയാതിരിക്കാൻ ഇതിനുള്ളിലാണ് പാർക്ക് ചെയ്യുന്നത്. രാത്രിയും പകലും ഇവിടെ നിറയെ വാഹനങ്ങളാണ്. പകരം പാർക്കിങ്ങിന് ഇടം നൽകിയില്ലെങ്കിൽ ഒഴിയില്ലെന്ന വാദത്തിന് മുന്നിൽ രാഷ്ട്രീയകക്ഷികൾ മുട്ടുമടക്കി. അടുത്തിടെ പരാതിയെ തുടർന്ന് വളപ്പ് അടച്ചുപൂട്ടാൻ പഞ്ചായത്ത് കമ്മിറ്റി ആലോചിച്ചെങ്കിലും പിന്നെ നിശ്ശബ്ദത പാലിച്ചു. സന്ധ്യയായാൽ ഇവിടം മദ്യപാനകേന്ദ്രമാണെന്ന് തെളിയുംവിധം നിറയെ മദ്യക്കുപ്പികളും വളപ്പിലുണ്ട്. ചാക്കുകളിൽ നിറച്ച ആക്രിസാധനങ്ങൾ, മാലിന്യച്ചാക്കുകൾ തുടങ്ങിയവയുടെയെല്ലാം സംഭരണകേന്ദ്രമായി മാറിയ സാംസ്‌കാരികനിലയം പഞ്ചായത്തിന് നാണക്കേടായിട്ടും നിശ്ശബ്ദത തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

