679 ഹെക്ടറിൽ കൂടി പച്ചക്കറി കൃഷി
text_fieldsസമഗ്ര പച്ചക്കറി ഉൽപാദനയജ്ഞത്തിന്റെ ഭാഗമായി പച്ചക്കറിക്കൃഷി നടത്തുന്ന കൃഷിയിടം
കോട്ടയം: പച്ചക്കറി ഉൽപാദനത്തില് സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വിജയവഴിയില്‍. പദ്ധതിയുടെ ഭാഗമായി ഈവര്‍ഷം അധികമായി 679 ഹെക്ടര്‍ സ്ഥലത്ത് കൃഷി വ്യാപിക്കുന്നതിനുള്ള കാര്‍ഷികവികസന-കര്‍ഷകക്ഷേമ വകുപ്പിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്.
അഞ്ചുവര്‍ഷത്തിനുള്ളില്‍ നാട്ടില്‍ ആവശ്യമുള്ളത്ര പച്ചക്കറികള്‍ ഇവിടെ തന്നെ ഉൽപാദിപ്പിക്കാന് കഴിയുന്ന നിലയിലേക്ക് എത്തുകയാണ് ലക്ഷ്യം. ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 6673 ഹെക്ടറിലാണ് പച്ചക്കറിക്കൃഷി ഉണ്ടായിരുന്നത്.
കാര്‍ഷിക വികസന, കര്‍ഷകക്ഷേമ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്ത നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് സമഗ്ര പച്ചക്കറി ഉൽപാദനയജ്ഞം ആരംഭിച്ചത്.
ഗുണമേന്മയുള്ളതും വിഷരഹിതവുമായ പച്ചക്കറികള്‍ കേരളത്തില്‍ത്തന്നെ ഉൽപാദിപ്പിക്കുന്നതിനൊപ്പം ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് മുഖ്യമന്ത്രിയുടെ പ്രത്യേക പദ്ധതിയെന്നനിലയിലാണ് സംസ്ഥാനമാകെ നടപ്പാക്കുന്നത്. സുഗമമായ നിര്‍വഹണത്തിന് ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തയാറാക്കുന്ന ഉൽപാദന പ്ലാനുകളുടെ അടിസ്ഥാനത്തില്‍ ഓരോ പ്രദേശത്തിനും അനുയോജ്യ വിളകള്‍ തിരഞ്ഞെടുത്താണ് കൃഷി. പദ്ധതി നടത്തിപ്പിന് കോട്ടയം ജില്ലയില്‍ കൃഷിവകുപ്പ് 3.8 കോടി രൂപയും തദ്ദേശ സ്ഥാപനങ്ങള്‍ 4.1 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 51 ക്ലസ്റ്ററുകളിലായി 255 ഹെക്ടര്‍ സ്ഥലത്താണ് കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ കൃഷിയിറക്കുന്നത്.
ക്ലസ്റ്റര്‍ അടിസ്ഥാനത്തിലല്ലാതെ 70 ഹെക്ടറിലും കൃഷി ചെയ്യും. ഇതിനു പുറമേ വിദ്യാഭ്യാസം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകള്‍ വഴി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും വളപ്പുകളില്‍ കൃഷി ചെയ്യും.
വാണിജ്യ കൃഷിയോടൊപ്പം വീട്ടുവളപ്പുകളില്‍ ലഭ്യമായ സ്ഥലത്തും കൃഷിവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സര്‍ക്കാര്‍ ഫാമുകളിലും കൃഷിചെയ്യും. മട്ടുപ്പാവുകളിലും ഫ്ലാറ്റുകളിലെ ബാല്‍ക്കണികളിലും ചട്ടികളിലുള്ള പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുകയുംചെയ്യും.
വിവിധപദ്ധതികള്‍ പ്രകാരം രൂപവത്കരിച്ച ഉൽപാദന, മൂല്യവര്‍ധന, സേവന മേഖലയിലെ കൃഷിക്കൂട്ടങ്ങളെയും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, ജോയന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍, പുരുഷ സ്വയംസഹായ സംഘങ്ങള്‍ തുടങ്ങിയവയെയും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പച്ചക്കറിക്കൃഷിക്ക് അനുയോജ്യമായ മുഴുവന്‍ തരിശുഭൂമിയും കണ്ടെത്തി പ്രയോജനപ്പെടുത്തുന്നതിന് തൊഴിലുറപ്പ് തൊഴിലാളികളുടെയും കര്‍ഷകഗ്രൂപ്പുകളുടെയും കൃഷിക്കൂട്ടങ്ങളുടെയും സേവനം പ്രയോജനപ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഡുതലത്തിലുള്ള തരിശുഭൂമിയുടെ ഡേറ്റാബാങ്ക് തയ്യാറാക്കും.
ഈവര്‍ഷം ജില്ലയില്‍ വീട്ടുവളപ്പുകളിലെ കൃഷിക്കായി 100 രൂപ വിലയുള്ള 5000 ഹൈബ്രിഡ് പച്ചക്കറി വിത്തുപാക്കറ്റുകള്‍ വി.എഫ്.പി.സി.കെ. മുഖേന സൗജന്യമായി വിതരണംചെയ്തു. കൃഷിഭവനുകള്‍ വഴി ആറുലക്ഷം പച്ചക്കറിത്തൈകളുടെ വിതരണം പൂര്‍ത്തിയായിവരുന്നു.
ഈ തൈകളുടെ സൗജന്യവിതരണത്തിന് 18 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വീട്ടുവളപ്പിലെ കൃഷിക്കായി പത്തുരൂപ വിലയുള്ള 50000 വിത്തു പാക്കറ്റുകളും സൗജന്യമായി നല്കി. ഏഴായിരം പോഷകത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിന് 35 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
മട്ടുപ്പാവ് കൃഷിയുടെ ഭാഗമായി ഗ്രോബാഗിനു പകരം എച്ച്.ഡി.പി.ഇ ബാഗുകളിലോ ചട്ടികളിലോ പച്ചക്കറിക്കൃഷി ചെയ്യുന്നതിന് യൂനിറ്റിന്(25 എണ്ണം) 3750 രൂപ സബ്സിഡി നിരക്കില്‍ ജില്ലയില്‍ 600 യൂണിറ്റുകള്‍ക്കായി 22.5 ലക്ഷം രൂപ നീക്കിവച്ചിരിക്കുന്നു. പരമ്പരാഗത ഇനം പച്ചക്കറികളുടെ കൃഷി പ്രോത്സാഹനത്തിന് ഒന്നേകാല്‍ ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറിക്കൃഷി ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിന് അഞ്ചു ഹെക്ടര്‍ വീതമുള്ള 51 ക്ലസ്റ്ററുകള്‍ക്ക് ധനസഹായം നല്‍കുന്നതിന് 63.75 ലക്ഷം രൂപയും വകയിരുത്തി. തരിശുനിലം കൃഷിയോഗ്യമാക്കുന്നതിന് 12 ഹെക്ടര്‍ സ്ഥലത്തേക്ക് 4.8 ലക്ഷം രൂപ ചെലവിടും. പരമ്പരാഗത വിത്തുഫെസ്റ്റ്, ജില്ലതല ശിൽപശാല, പരിശീലനം,അവബോധ പരിപാടി എന്നിവക്ക് 6.58 ലക്ഷം രൂപ ചെലവഴിക്കും.
ജില്ലക്കാവശ്യമായതില് 35 ശതമാനം കുറവ് പച്ചക്കറികളേ നിലവില്‍ ഇവിടെ ഉൽപാദിപ്പിക്കുന്നുള്ളൂ എന്നാണ് കണക്ക്. കുറവ് നികത്താന്‍ ഓരോ വര്‍ഷവും 600 ഹെക്ടറിലെങ്കിലും പുതിയതായി പച്ചക്കറിക്കൃഷി വ്യാപിപ്പിക്കാനാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

