‘ഗോ ഡിജിറ്റൽ’ പദ്ധതിയുമായി വെച്ചൂർ പഞ്ചായത്ത്
text_fieldsവെച്ചൂർ പഞ്ചായത്തിലെ ‘ഗോ ഡിജിറ്റൽ ’പദ്ധതിയുടെ ഉദ്ഘാടനം ജോയന്റ് ഡയറക്ടർ ബിനു ജോൺ ഓൺലൈനായി നിർവഹിക്കുന്നു
വെച്ചൂർ: പ്രളയത്തെ പേടിച്ച് ആധാർ മുതൽ ആധാരം വരെയുള്ള മുഴുവൻ രേഖകളും ഡിജിറ്റൽ രൂപത്തിലാക്കാനുള്ള പദ്ധതിയുമായി വെച്ചൂർ പഞ്ചായത്ത്. വേമ്പനാട്ട് കായലിന്റെ തീരത്തുള്ള വെച്ചൂർ ഗ്രാമം പ്രളയ സാധ്യത കൂടുതലുള്ള പ്രദേശമാണ്. ഇത് കണക്കിലെടുത്താണ് ജനന-മരണ-വിവാഹ സർട്ടിഫിക്കറ്റടക്കം മുഴുവൻ രേഖകളും സുരക്ഷിതമാക്കാനുള്ള ‘ഗോ ഡിജിറ്റൽ’ പദ്ധതി. ഇതിനായി കുടുംബശ്രീ വിശദമായ സർവേയും അനുയോജ്യമായ കർമപദ്ധതിയും തയാറാക്കും.
പദ്ധതി പൂർത്തിയാകുന്നതോടെ ഇ-സേവനങ്ങൾക്ക് പുറമെ വിവര വിനോദ സൗകര്യങ്ങളും എല്ലാവർക്കും ലഭ്യമാകും. സർക്കാറിന്റെ ഡിജിറ്റൽ കേരള പദ്ധതി യാഥാർഥ്യമാകുന്നതോടെ എല്ലാ സേവനങ്ങളും വിരൽത്തുമ്പിൽ ലഭ്യമാകുന്ന സ്ഥിതിയുണ്ടാകും. ആവശ്യമായ സർട്ടിഫിക്കറ്റുകൾ, രേഖകൾ അപേക്ഷ ഇല്ലാതെ ലഭ്യമാക്കുന്ന ഒരു പ്രൊഡക്ടിവ് ഗവേണൻസ് സാധ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി പണം ചെലവഴിക്കേണ്ട ആവശ്യമില്ല. കുടുംബശ്രീയുടെ സംഘടന സംവിധാനം ഇത്തരം സാങ്കേതികവിദ്യയിൽ അടിസ്ഥാന ധാരണയുള്ള അംഗങ്ങളുടെ മക്കളോ സഹോദരങ്ങളോ ഈ മുന്നേറ്റത്തിന് യൂനിറ്റുതലങ്ങളിൽ നേതൃത്വം നൽകാനാണ് തീരുമാനം.
പദ്ധതി ഉദ്ഘാടനം പഞ്ചായത്ത് ജോ. ഡയറക്ടർ ബിനു ജോൺ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈല കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ സോജി ജോർജ്, പഞ്ചായത്ത് അസി.സെക്രട്ടറി സുധീന്ദ്ര ബാബു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

