ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു
text_fieldsമണര്‍കാട് പെരുമാനൂര്‍കുളം ഭാഗത്ത് വാനിന് തീപിടിച്ചപ്പോൾ
മണര്‍കാട്: ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 8.30ന് മണര്‍കാട് പെരുമാനൂര്‍കുളം ഭാഗത്തായിരുന്നു സംഭവം. മണര്‍കാട് തയ്യില്‍ വീട്ടില്‍ കൃഷ്ണകുമാറിന്റെ വാനിനാണ് തീപിടിച്ചത്. പെരുമാനൂര്കുളത്തുവെച്ചാണ് വാഹനത്തില്‍ നിന്ന് തീയും പുകയും ഉയരുന്നതുകണ്ടത്.
തുടര്‍ന്ന് വാഹനം റോഡരികിലേക്ക് നിര്‍ത്തിയിട്ട് പരിശോധിക്കുന്നതിനിടെ തീ പടരുകയായിരുന്നു. കുപ്പിവെള്ളം ഉപയോഗിച്ച് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തീ നിയന്ത്രിക്കാന്‍ നാട്ടുകാരുടെ സഹായത്തോടെ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടര്‍ന്ന് പാമ്പാടി അഗ്നിരക്ഷാസേനയെയും മണര്‍കാട് പൊലീസിനെയും വിവരം അറിയിച്ചു. പാമ്പാടി അഗ്നിരക്ഷാസേനയും കോട്ടയം അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തിയാണ് അണച്ചത്. കാറില്‍ തീ പടര്‍ന്നത് എങ്ങനെയാണെന്ന് പരിശോധിക്കുമെന്ന് മണര്‍കാട് പൊലീസ് അറിയിച്ചു.
15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനമാണിത്. ബാറ്ററിയിലുണ്ടായ സ്പാര്‍ക്കാണ് തീയും പുകയും ഉയരാൻ ഇടയാക്കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ അഗ്നിരക്ഷാ സേനാംഗങ്ങള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് റോഡില്‍ വലിയ ആള്‍ക്കൂട്ടവും ഗതാഗതതടസ്സവും നേരിട്ടു. പാമ്പാടി അഗ്നിരക്ഷാസേനയിലെ ഗ്രേഡ് എസ്.ടി.ഒ ഹക്കീം, എഫ്.ആർ.ഒ അനീസ്, സെന്‍കുമാര്‍, വര്‍ഗീസ്, വിഷ്ണു, എഫ്.ആർ.ഒ.ഡി അനീഷ് മോന് എന്നിവരും കോട്ടയം അഗ്നിരക്ഷാസേനയിലെ എസ്.എഫ്.ആർ.ഒ സുരേഷ്കുമാര്‍, എഫ്.ആർ.ഒ അവിനാഷ്, രജീഷ്കുമാര്, അരുണ്‍, അരുണ്‍രാജ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.

