വലിയമട വാട്ടർ ഫ്രണ്ട് ടൂറിസം പദ്ധതി തുറന്നുനൽകാൻ നടപടി
text_fieldsകോട്ടയം: അയ്മനം ചീപ്പുങ്കൽ വലിയമട വാട്ടർ ഫ്രണ്ട് ടൂറിസം പദ്ധതി തുറന്നുനൽകാൻ നടപടി. പദ്ധതിയുടെ നടത്തിപ്പിന് സ്വകാര്യ ഏജൻസിയെ കണ്ടെത്താൻ ഡി.ടി.പി.സി ക്വട്ടേഷൻ ക്ഷണിച്ചു.
ഉദ്ഘാടനം കഴിഞ്ഞ് 10 മാസം പിന്നിട്ടിട്ടും ചീപ്പുങ്കലിലെ ടൂറിസം പദ്ധതി തുറന്നുനൽകാത്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പിന്നാലെ, ക്രിസ്മസ്-ന്യൂ ഇയർ ആഘോഷ ഭാഗമായി തുറന്നുനൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും യാഥാർഥ്യമായില്ല.
ഉടമസ്ഥാവകാശത്തെചൊല്ലി അയ്മനം പഞ്ചായത്തും ഡി.ടി.പി.സിയും തർക്കം ഉടലെടുത്തതും പദ്ധതിക്ക് തിരിച്ചടിയായി. വരുമാനം പങ്കിടുന്നതിലും തർക്കം നിലനിന്നിരുന്നു. ഇതിന് അടുത്തിടെ പരിഹാരം കണ്ടിരുന്നു. ഇതിന്റെ ഭാഗമായി ടൂറിസം പദ്ധതി ജില്ല ഡി.ടി.പി.സിക്ക് കൈമാറുകയും വരുമാനം പങ്കിടുന്നതിൽ ധാരണയിലെത്തുകയും ചെയ്തു. നിലവിലെ അവസ്ഥയിൽ പദ്ധതി പാട്ടത്തിന് ഏറ്റെടുത്ത് പ്രവർത്തിപ്പിക്കുന്നതിനാണ് ക്വട്ടേഷൻ ക്ഷണിച്ചിരിക്കുന്നത്.
ഫെബ്രുവരി ഏഴുവരെ ക്വട്ടേഷൻ നൽകാം. അന്ന് തന്നെ ക്വട്ടേഷൻ തുറക്കും. ഇതിൽ അനുയോജ്യരാണെന്ന് കണ്ടെത്തുന്നവർക്ക് പദ്ധതിയുടെ നടത്തിപ്പ് നൽകാനാണ് തീരുമാനം. ടൂറിസം വകുപ്പ് അഞ്ച് കോടി ചെലവിട്ട് അയ്മനം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കർ വരുന്ന വലിയമടക്കുളത്തിന്റെ ഒരു ഭാഗത്താണ് പദ്ധതി പൂർത്തിയാക്കിയത്.
ഫ്ലോട്ടിങ് റസ്റ്റാറന്റ്, പെഡൽ ബോട്ടുകൾ, മ്യൂസിക് ഫൗണ്ടൻ, റെയിൻ ഷട്ടർ എന്നിവയാണ് ഒരുക്കിയത്. എന്നാൽ, ഇവയിൽ പലതും ഇപ്പോൾ നശിക്കുന്ന അവസ്ഥയിലാണ്. മാസങ്ങളായി പെഡൽ ബോട്ടുകളും അനാഥമായി കിടക്കുകയാണ്. കുളത്തിൽ ഒരുക്കിയിരിക്കുന്ന റസ്റ്റാറന്റിൽ ഒരുസമയം 20 പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
രാത്രി മ്യൂസിക് ഫൗണ്ടന്റെ വർണ വിസ്മയം കാണാം. ഒപ്പം പെഡൽ ബോട്ടിലൂടെ സഞ്ചരിക്കാനും കഴിയുന്ന തരത്തിലാണ് സൗകര്യങ്ങൾ ഒരുക്കിയത്. മാസങ്ങൾക്ക് മുമ്പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനവും നടത്തിയെങ്കിലും തുറക്കുന്നത് അനിശ്ചിതത്വത്തിലായിരുന്നു. വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന പദ്ധതി മാസങ്ങളായി പ്രവർത്തനം ഇല്ലാതെ കിടന്നതിലൂടെ ലക്ഷങ്ങളുടെ വരുമാന നഷ്ടമാണുണ്ടായതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

