വെച്ചൂര്‍ റോഡ് വികസനം; ഭൂമി ഏറ്റെടുക്കലിന്റെ ആദ്യഘട്ടം യാഥാർഥ്യത്തിലേക്ക്
text_fieldsപ്രതീകാത്മക ചിത്രം
വൈക്കം: കിഫ്ബി ധനസഹായത്തോടെ ആധുനിക നിലവാരത്തില്‍ വീതികൂട്ടി നിര്‍മിക്കുന്ന വൈക്കം - വെച്ചൂര്‍ റോഡിന്റെ ഭൂമി ഏറ്റെടുക്കലിന്റെ ആദ്യഘട്ടം യാഥാർഥ്യമാകുന്നു.
തോട്ടകം മുതല്‍ തലയാഴം പഞ്ചായത്ത് വരെ ആദ്യ റീച്ചില്‍ പെട്ട 42 ഭൂവുടമകള്‍ക്ക് ഏറ്റെടുക്കുന്ന ഭൂമിയുടെ വില കൈമാറിയിരുന്നു. ഈ ഭൂവുടമകളില്‍ നിന്ന് വസ്തു ഏറ്റെടുത്ത് റോഡിന്റെ നിര്‍മാണ നിര്‍വഹണ ഏജന്‍സിയായ കേരള റോഡ് ഫണ്ട് ബോര്‍ഡിന് (കെ.ആര്.എഫ്.ബി) ശനിയാഴ്ച കൈമാറും. വസ്തു കൈമാറിക്കിട്ടിയാലുടന്‍ സ്ഥാവരനിര്മിതികള് പൊളിച്ചുനീക്കാന്‍ ടെൻഡര്‍ നല്കി തുടര്‍നടപടി സ്വീകരിക്കും.
ശിവരഞ്ജിനി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ തലയാഴം, വെച്ചൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, വൈക്കം വെച്ചൂര്‍ റോഡ് വികസന സമിതി അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവർ പങ്കെടുക്കും.
തോട്ടകം മുതല്‍ കൈപ്പുഴമുട്ട് വരെ 12.5 കിലോമീറ്റര്‍ റോഡ് 13 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുമ്പോള്‍ 6.13 ഹെക്ടര്‍ വസ്തുവാണ് ഏറ്റെടുക്കുന്നത്. 963 പേരുടെ കൈവശമിരിക്കുന്ന ഭൂമിയാണ് ഏറ്റെടുക്കുന്നത്. തോട്ടകം-തലയാഴം പഞ്ചായത്ത്, തലയാഴം പഞ്ചായത്ത്-ഇടയാഴം, ഇടയാഴം-കൈപ്പുഴമുട്ട് എന്നിങ്ങനെ മൂന്ന് റീച്ചായി തിരിച്ചാണ് ഭൂമി ഏറ്റെടുക്കല്‍ നടപടി. ഇതില്‍ തോട്ടകം മുതല്‍ തലയാഴം പഞ്ചായത്ത് വരെ ആദ്യ റീച്ചിലെ കൈവശക്കാരെ നേരില്‍ കേട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാണ് നിലവില്‍ ഭൂമി വില വിതരണം ചെയ്ത 42 ഭൂവുടമകളില്‍ നിന്ന് ഭൂമി ഏറ്റെടുക്കുന്നത്. 38 ഭൂവുടമകള്‍ക്ക് കൂടി ഭൂമി വില കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു.
രണ്ടാം റീച്ചായ തലയാഴം പഞ്ചായത്ത് മുതല്‍ ഇടയാഴം ജങ്ഷന് വരെയുള്ള കൈവശക്കാരെ നേരില്‍ കേട്ട് അവരുടെ രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കി കഴിഞ്ഞു. ഭൂമി വില നിശ്ചയിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. ഒന്നും രണ്ടും റീച്ചുകളുടെ ഭൂമി വില കൈമാറുന്ന മുറക്ക് ഇടയാഴം ജങ്ഷന് മുതല്‍ കൈപ്പുഴമുട്ട് വരെമൂന്നാം റീച്ചിന്റെ ഹിയറിങ് നടപടികള്‍ ആരംഭിക്കത്തക്ക വിധത്തിലാണ് നടപടികള്‍ മുന്നോട്ട് പോവുന്നതെന്ന് സി.കെ ആശ എം.എല്‍.എ അറിയിച്ചു.
വൈക്കം-വെച്ചൂര്‍ റോഡിലെ നിലവിലുള്ള അഞ്ച് പാലങ്ങള്‍ 13 മീറ്ററിലേക്ക് വീതി കൂട്ടാനുമുള്ള രീതിയിലുമുള്ള നിര്‍മാണമാണ് റോഡ് വീതികൂട്ടലുമായി ബന്ധപ്പെട്ട് തീരുമാനിച്ചിട്ടുള്ളത്. ഭൂമി ഏറ്റെടുക്കുന്നതിന് മാത്രമായി 85.77 കോടി രൂപ അടക്കം 157 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ കിഫ്ബിയില്‍ നിന്ന് സാമ്പത്തിക അനുമതി ലഭിച്ചിരുന്നത്. പിന്നീട് നിര്‍മാണചെലവുകള്‍ പുതുക്കിയ 2021 നിരക്കിലേക്ക് മാറുമ്പോഴുണ്ടാകുന്ന അധികച്ചെലവുകള്‍, സേവന പാതകള്‍ക്കായുള്ള അധിക ഭൂമി ഏറ്റെടുക്കല്‍, പാലം നിര്‍മാണം എന്നിവയടക്കം ആവശ്യമുള്ള 253 കോടി രൂപയുടെ പുതുക്കിയ വിശദ പദ്ധതി രേഖ (ഡി.പി.ആര്) കെ.ആർ.എഫ്.ബി അധികൃതര്‍ കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന് ഉടന്‍ അംഗീകാരം ലഭിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

